39 ലിറ്റർ 'ജവാനു'മായി യുവാവ് പിടിയിൽ
മാവേലിക്കര: വില്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച 39 ലിറ്റർ ജവാൻ മദ്യവുമായി കണ്ടിയൂർ കുരുവിക്കാട് വീട്ടിൽ ശ്രീജിത്തിനെ (29) മാവേലിക്കര പൊലീസ് പിടികൂടി. ചൊവ്വാഴ്ച രാത്രി 9.30 ഓടെ ശ്രീജിത്തിന്റെ കണ്ടിയൂരിലുള്ള വീട്ടിൽ നടത്തിയ പരിശോധനയിലാണ് വൻ തോതിൽ വിദേശമദ്യ ശേഖരം കണ്ടെടുത്തത്.
ലിറ്ററിന്റെ 39 കുപ്പികളിലുള്ള മദ്യമാണ് പിടികൂടിയത്. ബാറും ബിവറേജസും തുറക്കാത്ത സാഹചര്യത്തിൽ വൻ വിലയ്ക്ക് വിൽക്കാനായി സൂക്ഷിച്ചതാണ് മദ്യമെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്ക് മദ്യം എത്തിച്ച് നൽകിയവരെ സംബന്ധിച്ച സൂചനകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. മദ്യക്കുപ്പിയിലെ ബ്രാൻഡിംഗ് ഉൾപ്പടെയുള്ളവയിൽ സംശയമുള്ളതായും വിശദമായ പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു. മാവേലിക്കര സി.ഐ ജി.പ്രജുവിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ എസ്.ഐമാരായ പദ്മകുമാർ, ആനന്ദകുമാർ, ശിവപ്രസാദ്, എ.എസ്.ഐ രാജേഷ് ചന്ദ്രൻ, സി.പി.ഒമാരായ കെ.അൽഅമീൻ, കെ.വി. സുനിൽകുമാർ എന്നിവർ പങ്കെടുത്തു.