25,000 രൂപയിൽ ഒമ്പതാം ക്ലാസുകാരന്റെ "മഹീന്ദ്ര താർ"

Wednesday 05 May 2021 10:47 PM IST

തൃശൂർ: 250 കിലോ തൂക്കം. മുൻ ഭാഗത്ത് രണ്ട് പേർക്ക് ഇരിക്കാം. ലിറ്ററിന് ഇരുപതോളം കിലോമീറ്റർ മൈലേജ്. നിർമ്മാണച്ചെലവ് 25,000 രൂപ. ഇത് ഹാദിഫിന്റെ കാർ.
ലോക്ഡൗണിൽ സമപ്രായക്കാരെല്ലാം കളിച്ചും ഉല്ലസിച്ചും നടന്നപ്പോൾ എറിയാട് സ്വദേശി ഒമ്പതാം ക്ലാസുകാരനായ ഹാദിഫ് ഏറെ നാളത്തെ സ്വപ്നമായ കാറിന്റെ പണിപ്പുരയിലായിരുന്നു. കുട്ടിക്കാലം മുതൽ മനസിൽ കൊണ്ടുനടക്കുന്ന സ്വന്തം ഡിസൈനിൽ ഒരു കാർ എന്ന ആഗ്രഹത്തിന് പ്രവാസിയായ വാപ്പയുടെ സമ്മതം കൂടെ ലഭിച്ചപ്പോൾ പിന്നെ ഊണിലും ഉറക്കത്തിലും കാറിന്റെ ശബ്ദം മാത്രം.
സ്വന്തം ആശയങ്ങൾ ഉൾക്കൊള്ളിച്ചും ഗൂഗിളിൽ പരതിയും ആദ്യം കൃത്യമായൊരു രൂപരേഖയുണ്ടാക്കി. കാറിന്റെ എൻജിനായി ബജാജ് പ്ലാറ്റിന എന്ന ബൈക്കിന്റെ പെട്രോൾ എൻജിൻ ഉപയോഗിക്കാമെന്നായി. ഇതിനായി ഉപയോഗശൂന്യമായ വണ്ടികൾ പൊളിക്കുന്ന സ്ഥലത്ത് നിന്നും പഴയ വണ്ടിയുടെ എൻജിൻ സംഘടിപ്പിച്ചു.

വിവിധ വണ്ടികളിൽ നിന്നായി മറ്റു ഭാഗങ്ങളെല്ലാം സമാന രീതിയിൽ കണ്ടെത്തി. ജി.ഐ ഷീറ്റുകളും ഇരുമ്പ് തകിടുകളും ഉപയോഗിച്ചാണ് ബോഡി തയ്യാറാക്കിയത്. യന്ത്രങ്ങൾ വാടകയ്ക്കെടുത്താണ് നിർമ്മാണം തുടങ്ങിയത്. തുടക്കത്തിൽ പല പ്രവൃത്തികൾ ചെയ്യാനും അറിയില്ലായിരുന്നു. വർക്ക്‌ഷോപ്പുകളിൽ ചെന്ന് വെൽഡിംഗ് ഉൾപ്പടെയുള്ള പ്രവൃത്തികൾ കണ്ടുപഠിച്ചു. പിന്നീട് അഞ്ച് മാസത്തെ കഠിന പ്രയത്‌നം, ഒടുവിൽ വിജയത്തിലെത്തി. ആഗ്രഹത്തിനൊത്ത കാർ റെഡി.
തന്റെ ഇഷ്ട വാഹനമായ മഹീന്ദ്ര താർ എന്ന കാറിന്റെ മോഡൽ അനുകരിച്ചാണ് ഹാദിഫ് സ്വന്തം കാറും രൂപകൽപന ചെയ്തത്.

പി.വി.സി ബോട്ട്, സ്വന്തം ഡിസൈനിലുള്ള സൈക്കിൾ എന്നിവ നിർമ്മിച്ചായിരുന്നു ഹാദിഫ് തന്റെ അഭിരുചി പുറത്തെടുക്കുന്നത്. കാറിന്റെ നിർമ്മാണം വൈറൽ ആയതോടെ സോഷ്യൽ മീഡിയയിലൂടെയെല്ലാം അഭിനന്ദന പ്രവാഹമാണ് ഓരോ ദിവസവും ലഭിച്ചുകൊണ്ടിരിക്കുന്നത്. പെഡൽ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന ബൈക്കിന്റെയും കാറിന്റെയും നിർമ്മാണത്തെക്കുറിച്ചുള്ള ആലോചനയിലാണ് ഇപ്പോൾ ഹാദിഫ്. എറിയാട് കേരളവർമ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്‌ളാസ് വിദ്യാർത്ഥിയായ ഹാദിഫിന് ഓട്ടോമൊബൈൽ എൻജിനീയർ ആകാനാണ് ആഗ്രഹം. കൊല്ലത്തുവീട്ടിൽ കബീർ ഫാത്തിമ ദമ്പതികളുടെ മകനാണ്. ബിരുദ വിദ്യാർത്ഥിയായ ഫർസാന സഹോദരിയാണ്.

Advertisement
Advertisement