സമൂഹ മാദ്ധ്യമത്തിലൂടെ പെൺകുട്ടിയെ അധിക്ഷേപിച്ച യുവാവ്​ അറസ്റ്റിൽ

Thursday 06 May 2021 3:50 AM IST

കൊല്ലം: ഇൻസ്​റ്റ​ഗ്രാമിലൂടെ പെൺകുട്ടിയെ അധിക്ഷേപിച്ച യുവാവിനെ പൊലീസ് പിടികൂടി. ‘ലിജോസ് സ്ട്രീറ്റ് റൈഡർ 46’ എന്ന ഇൻസ്റ്റാഗ്രാം ഐഡിയിലൂടെ പെൺകുട്ടിക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയ മൈനാഗപ്പള്ളി കടപ്പ തടത്തിൽ പുത്തൻവീട്ടിൽ ലിജോ ജോയിയാണ് അറസ്റ്റിലായത്.

കോളേജ് വിദ്യാർത്ഥിനിയായ ആയൂർ സ്വദേശിനി സുഹൃത്തുക്കളുമായി ഇൻസ്റ്റഗ്രാമിൽ ലൈവ് ചാറ്റ് ചെയ്യവേ ലിജോ ജോയി പബ്ലിക്ചാറ്റ് ബോക്സിൽ വന്ന് തുടർച്ചയായി അസഭ്യങ്ങളും ലൈംഗിക ചുവയുള്ള മെസേജുകളും അയച്ചു. ലൈംഗികമായി ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തി. പെൺകുട്ടി ഇക്കാര്യം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. സംഭവം വൈറലായതോടെ പൊലീസ് പെൺകുട്ടിയെ നേരിട്ട് ബന്ധപ്പെട്ട് പരാതി ആവശ്യപ്പെട്ടു. പെൺകുട്ടി പരാതി നൽകിയെന്ന് അറിഞ്ഞ ലിജോ ഇൻസ്റ്റാഗ്രാമിലൂടെ പൊലീസിനെ വെല്ലുവിളിച്ചു. അന്വേഷണം ആരംഭിച്ചപ്പോൾ ഒളിവിൽ പോയ പ്രതിയെ തിരുവനന്തപുരം ഹൈടെക് സെല്ലിന്റെയും കൊട്ടാരക്കര സൈബർ സെല്ലിന്റെയും സഹായത്തോടെ ചടയമംഗലം പൊലീസാണ് കർണാടക- തമിഴ്നാട് അതിർത്തിയായ ഹുസൂറിൽ നിന്ന് അറസ്റ്റ് ചെയ്തത്. പ്രതിയെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്ന പൊലീസിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. എസ്.എച്ച്.ഒ എസ്.ബിജോയ്, എസ്.ഐ ജെ. സലീം, പൊലീസുകാരായ സനൽകുമാർ, അജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

ബൈക്ക് മോഷണക്കേസിൽ പ്രതിയാണ്. മലപ്പുറത്ത് സൈബർ കേസും കൊല്ലത്ത് കഞ്ചാവ് കടത്ത് കേസുമുണ്ട്. മോഷണ കേസിൽ പിടിയിലായി ജയിലിൽ കഴിഞ്ഞിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ ഒന്നിലധികം അക്കൗണ്ടുകളുണ്ട്. എല്ലാ അക്കൗണ്ടുകൾക്കും ആയിരക്കണക്കിന് ഫോളോവേഴ്സുണ്ട്.