ചിരിതൂകി അസ്തമിച്ച ആനന്ദദീപം

Thursday 06 May 2021 12:00 AM IST

ചില മരണങ്ങൾ നമ്മെ വല്ലാതെ വേദനിപ്പിക്കും. ജീവിതത്തിന്റെ നിരർത്ഥകതയെ ഓർമ്മപ്പെടുത്തും. അഭയം നഷ്ടപ്പെട്ട് ശൂന്യതയിലേക്ക് തള്ളിയിടുന്ന മരണങ്ങളുമുണ്ട്. ഇതെല്ലാം ചേർന്ന അവസ്ഥയാണ് സ്വാമി ലോകേശാനന്ദയുടെ വേർപാട് എന്നിലുളവാക്കുന്നത്. 'മരണവുമില്ല പുറപ്പുമില്ല,​ വാഴ്‌വും നരസുരരാദിയുമില്ല നാമരൂപം' എന്ന ഗുരുവരുളിനെ നന്നായി ഉൾക്കൊണ്ട ലോകേശാനന്ദയുടെ വിയോഗത്തെ അങ്ങനെ കാണേണ്ടതുണ്ടോ എന്ന ചോദ്യം സ്വാഭാവികമാണ്. പക്ഷേ, അങ്ങനെയല്ലാതെ കാണാനാവുന്നില്ല. സ്വാമി പകർന്നു തന്നിട്ടുള്ള സ്നേഹവും കരുതലും അത്രവലിയ നഷ്ടവും ശൂന്യതയുമാണ് എന്നിലുളവാക്കുന്നത്.

''ഒരാളെ തോല്‌പിച്ചു എന്ന മനസമാധാനത്തോടെ മരിക്കാൻ കഴിഞ്ഞിട്ടുള്ള ആരും ഇതുവരെയും ഭൂമിയിൽ ജനിച്ചിട്ടില്ല. ഏതെങ്കിലുമൊരു സന്ദർഭത്തിൽ അതൊന്നും വേണ്ടായിരുന്നു എന്നു തോന്നും. ഇത് മനസിലാക്കി പരസ്പരം അല്പം താഴ്ന്നു കൊടുക്കുന്നത് നല്ലതാണ്. ഇതിനു മടിച്ചാൽ പിന്നീട് ജീവിതാവസാനം വരെയുള്ള ഒരു താഴ്ചയിലേക്ക് പതിച്ചെന്നിരിക്കും''- ജീവിത സമീപനത്തെക്കുറിച്ച് സ്വാമി ലോകേശാനന്ദ 'മായയും മഹിമയും' എന്ന കൃതിയിൽ ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്. 2001ൽ നടന്ന അതിന്റെ പ്രകാശനച്ചടങ്ങിൽ പുസ്തകം പരിചയപ്പെടുത്തി സംസാരിക്കാനുള്ള അവസരവും ലേഖകനുണ്ടായി. എതിരിടുന്നവരെ നിലംപരിശാക്കാനും അടുത്തു നിൽക്കുന്നവർക്ക് ഉല്ലാസം പകരാനുമായി ശ്രീനാരായണ ഗുരുദേവൻ പ്രയോഗിച്ചിരുന്ന സറ്റയറിന്റെയും ഹാസ്യത്തിന്റെയും സാന്നിദ്ധ്യം ലോകേശാനന്ദയിൽ കാണാമായിരുന്നു. അദ്വൈതവും അതുമായി ബന്ധപ്പെട്ട ആത്മീയതയും അതിലൂടെ ഉരുത്തിരിയുന്ന ജീവിതദർശനവുമായിരുന്നു സ്വകാര്യ സംഭാഷണങ്ങളിലും നിറഞ്ഞു നിന്നിരുന്നത്. മനുഷ്യഹൃദയങ്ങളിൽ ധാരാളം ഉത്പാദിപ്പിക്കപ്പെട്ടിരുന്ന പല നല്ല വികാരങ്ങളും നശിച്ചുകൊണ്ടിരിക്കുകയാണെന്നും അവ വീണ്ടെടുക്കാൻ ആരും ശ്രമിച്ചു കാണുന്നില്ലെന്നും സ്വാമി പറയുമായിരുന്നു. 'വംശനാശം വന്നുകൊണ്ടിരിക്കുന്ന മൃഗങ്ങളെയും ചെടികളെയും സംരക്ഷിക്കാൻ സർക്കാരും പ്രകൃതിസ്നേഹികളും നന്നായി ശ്രമിക്കുന്നുണ്ട്.' മനുഷ്യവികാരങ്ങളുടെ കാര്യത്തിൽ അങ്ങനെ കാണുന്നില്ല. പകരം പകൽവീടുകളും അനാഥാലയങ്ങളും നിർമ്മിക്കുന്നുവെന്നും ഉയർന്നതരം ഹൃദയവികാരങ്ങളും ഹൃദയബന്ധങ്ങളും എവിടെ കുറയുന്നുവോ അവിടെനിന്ന് ഒരു തൊഴിൽ സാദ്ധ്യത കണ്ടുപിടിക്കുന്നതിലാണ് പലരുടെയും കണ്ണെന്നും സ്വാമി ഓർമ്മിപ്പിച്ചിരുന്നു.

ഒരിക്കൽ ഒരു ഭക്തൻ കുറച്ചു ഭൂമി ഗുരുദേവന്റെ പേരിൽ എഴുതിവയ്ക്കുന്നതിനെക്കുറിച്ച് സംസാരിച്ചപ്പോൾ ''നമുക്ക് എന്തിനാണിതൊക്കെ? കഴിയുമെങ്കിൽ ആകാശവും നക്ഷത്രങ്ങളുമൊക്കെ നമ്മുടെ പേർക്കെഴുതിക്കോ എന്നുപറഞ്ഞ മനോഭാവം എവിടേക്കാണ് നീണ്ടിരിക്കുന്നതെന്ന് ചിലർക്ക് മനസിലാവില്ല.'ഇതൊക്കെ നശിച്ചുപോയാലും നാമിപ്രകാരം പ്രകാശിച്ചു കൊണ്ടുതന്നെയിരിക്കും' എന്നു പറഞ്ഞ ആ മഹാപ്രഭാവത്തിനു മുന്നിൽ കോടികളുടെ നോട്ടുകെട്ടുകൾ എന്തുചെയ്യാനാണ്? കോടീശ്വരന്മാർക്ക് മനസമാധാനം കെടുമ്പോൾ അത് നൽകേണ്ട ഇടമാണ് ശിവഗിരി എന്നായിരുന്നു സ്വാമി ലോകേശാനന്ദയുടെ നിലപാട്.

എത്ര ഗഹനമായ വിഷയവും വളരെ സരസമായി പറഞ്ഞു ഫലിപ്പിക്കാനുള്ള സിദ്ധിയുണ്ടായിരുന്നു ലോകേശാനന്ദ സ്വാമിക്ക്. മനമലർ കൊയ്ത് മഹേശപൂജ ചെയ്യുന്ന മനുഷ്യന് മറ്റൊരു വേല ചെയ്തിടേണ്ട എന്ന് ഗുരുവേവൻ പറഞ്ഞതിന്റെ പൊരുൾ വ്യക്തമാക്കുന്നതിന് സ്വാമി പറഞ്ഞതിങ്ങനെ: മനമലർ കൊണ്ടുള്ള പൂജയെന്നാൽ മണ്ഡലപൂജ പോലുള്ള എന്തോ ആണെന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്. വളരെ വർഷങ്ങൾക്കു മുമ്പ് പ്രസിദ്ധമായൊരു ക്ഷേത്രത്തിൽ ഒരു സ്വാമി ധ്യാനമിരുന്നു. ധ്യാനത്തിൽ നിന്നുണർന്ന സ്വാമിക്ക് ശാന്തിക്കാരൻ ഒരു കട്ട ചോറുകൊടുത്തു. പിന്നീട് ദിവസവും ഇങ്ങനെ ചോറുകൊടുക്കാൻ തുടങ്ങി. ക്ഷേത്രത്തിലെ വരവ് ചെലവു കണക്കുകൾ പരിശോധിക്കാനെത്തിയ സൂപ്രണ്ടിന് കൊടുത്ത കണക്കു പുസ്തകത്തിൽ 'ചുമ്മാ ഇരിക്കുന്ന സ്വാമിക്ക് ' ചോറുകൊടുത്ത കണക്കും രേഖപ്പെടുത്തിയിരുന്നു. ചുമ്മാ ഇരിക്കുന്നവന്മാർക്ക് ചോറുകൊടുക്കുന്നത് അനാവശ്യ ചെലവാണെന്ന് സൂപ്രണ്ട് ശാന്തിക്കാരനോട് പറഞ്ഞു. എന്നിട്ട് ചുമ്മാ ഇരിക്കുന്ന സ്വാമിയുടെ സമീപത്തെത്തി വെറുതേയിരുന്ന് താനെന്തിനാ ഭക്ഷണം കഴിക്കുന്നതെന്ന് ചോദിച്ചു. വെറുതേ ഇരിക്കുന്നത് കുറെ പ്രയാസമാണെന്നായിരുന്നു സ്വാമിയുടെ മറുപടി. അത് ആർക്കും കഴിയുന്നതാണെന്ന് പറഞ്ഞ് സൂപ്രണ്ട് സ്വാമിയുടെ അടുക്കൽ കണ്ണടച്ച് അനങ്ങാതിരുന്നു. ഈ രംഗം കാണാൻ ജനങ്ങളും കൂടി. നിമിഷങ്ങൾക്കകം സ്വാമി ഒരടിയും കൊടുത്തിട്ട് ചോദിച്ചു: 'നിന്റെ ഭാര്യ കുളിക്കാൻ പോകുന്നതിന് നീ ഇത്രയും ഉത്ക്കണ്ഠപ്പെടുന്നതെന്തിന് ?​ അവൾ കുളിച്ചിട്ട് പൊയ്ക്കോളും,'-എന്ന്. ഈ സമയത്ത് കുളിക്കാൻ പോയ,​ സുന്ദരിയായ ഭാര്യയെ പൂവാലന്മാർ നോക്കുമോ എന്ന ചിന്തയുമായിട്ടാണ് സൂപ്രണ്ട് കണ്ണടച്ച് ധ്യാനമായിട്ടിരുന്നത്. ഇളിഭ്യനായ സൂപ്രണ്ടിന് ചുമ്മാതിരിക്കുന്നതിന്റെ അർത്ഥം ശരിക്കും മനസിലായി. അതാണ് ലോകത്ത് ഏറ്റവും പ്രയാസമെന്ന് സമ്മതിച്ച സൂപ്രണ്ട് 'ചുമ്മാതിരിക്കുന്ന സ്വാമിക്ക് ' നാളെ മുതൽ രണ്ടുകട്ട ചോറു കൊടുക്കാൻ ശാന്തിക്കാരനോട് നിർദ്ദേശിച്ചു. ഇപ്പോൾ പല സ്വാമിമാരും 'വെറുതെയിരിപ്പ് ' കുറച്ചിലെന്ന് കരുതി ബഹുനില കെട്ടിടങ്ങളുണ്ടാക്കുന്ന വേലയിലാണ് ഏർപ്പെട്ടിരിക്കുന്നതെന്നു കൂടി സ്വാമി ലോകേശാനന്ദ കൂട്ടിച്ചേർക്കുന്നു.

അദ്വൈതം നല്ല തറവായിരുന്നു സ്വാമി ലോകേശാനന്ദയ്ക്ക്. സങ്കീർണമായ ചില വിഷയങ്ങളിൽ ജ്യേഷ്ഠ സഹോദരനായ സ്വാമി സൂക്ഷ്മാനന്ദയും ലോകേശാനന്ദയോട് സംശയങ്ങൾ ചോദിക്കുമായിരുന്നു. ഏത് വിഷയവും തമാശ കലർത്തിയും കൊച്ചുകുട്ടികൾക്കു പോലും മനസിലാകുന്ന വിധത്തിലും പറയാനുള്ള അസാമാന്യ സിദ്ധി അദ്ദേഹത്തിനുണ്ടായിരുന്നു. രോഗം മൂർച്ഛിച്ച് ആശുപത്രിക്കിടക്കയിൽ ആയിരിക്കെ തന്നെ കാണാനെത്തിയ ശിഷ്യയോട് കർണന്റെ കഥ പറഞ്ഞത് ഇങ്ങനെ : "കുരുസഭയിൽ വിഷണ്ണനായി നിന്ന കർണ്ണനോട്, നിന്റെ അച്ഛനാരെടാ, നിന്റെ അമ്മയാരെടാ, നിന്റെ കുലമേതെടാ എന്നൊക്കെയാണ് പാണ്ഡവർ ചോദിച്ചത്. അപ്പോൾ ദുര്യോധനൻ പറഞ്ഞു. നീ വിഷമിക്കേണ്ടടാ, എനിക്ക് കരുനാഗപ്പള്ളിയിൽ അമ്പതേക്കർ സ്ഥലമുണ്ട്, അതിൽ പത്തേക്കർ നിനക്ക് പ്രമാണം ചെയ്തു തരാം. അപ്പോൾ നീ അത്രയും സ്വത്തിന്റെ ഉടമസ്ഥനാവും. നീ അനാഥനല്ല.'' പാണ്ഡുപുത്രന്മാരും ധൃതരാഷ്ട്രപുത്രന്മാരും ആയുധവിദ്യ പ്രദർശിപ്പിക്കുന്ന സഭയിൽ 'കുലമേതെ'ന്ന പരിഹാസത്തിനു മുന്നിൽ അപമാനിതനായി നിന്ന കർണ്ണന് ദുര്യോധനൻ അംഗരാജ്യം നൽകി രാജാവാക്കുന്ന സന്ദർഭമാണ് ഈ രീതിയിൽ വിവരിച്ചത്. ഏറ്റവും മോശക്കാരനായിരിക്കുമ്പോഴും ദുര്യോധനന് ക‌ർണനെ അകമഴിഞ്ഞ് സഹായിക്കാനായി. ശരി,തെറ്റ്, നല്ലത്, മോശം എന്നിങ്ങനെയുള്ള വേർതിരിവുകളുടെ പരിമിതികളെക്കുറിച്ചാണ് പിന്നീട് സ്വാമി വിവരിച്ചത്. ഏതു വിഷയവും ഇപ്രകാരം നാട്ടുവഴക്കങ്ങളുടെ രീതിയിൽ ആവിഷ്കരിക്കുക എന്നത് സ്വാമി ലോകേശാനന്ദയുടെ പ്രത്യേകതയാണ്.

ഏതു സന്ദർഭത്തിലും ഏതു സംശയത്തിനും ഉത്തരം നല്കാൻ അദ്ദേഹത്തിന് കഴിയുമായിരുന്നു. ഈ ലേഖകനും ഏതു സംശയങ്ങൾക്കും ആദ്യം വിളിക്കുക സ്വാമി ലോകേശാനന്ദയെ ആയിരുന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ ആശ്വാസത്തിനും സ്വാമി ഉണ്ടായിരുന്നു. ജീവിതത്തെ തെളിമയോടെ കാണുമ്പോഴും അതിനെ നിരാകരിച്ചിരുന്നു അദ്ദേഹം. സ്വാമി ശാശ്വതീകാനന്ദയ്ക്ക് ഏറ്റവും അടുപ്പമുണ്ടായിരുന്ന സ്വാമിമാരാണ് സൂക്ഷ്മാനന്ദയും ലോകേശാനന്ദയും. മൂവരും ചേരുമ്പോൾ അദ്വൈതത്തിന്റെ എല്ലാ നൂലാമാലകളും വിനോദ വേദിയിലെന്നതു പോലെ ചുരുളഴിഞ്ഞു പ്രസാദം ചൊരിയുമായിരുന്നു. സ്വാമി സൂക്ഷ്മാനന്ദ ആവർത്തിച്ച് പറയാറുള്ളതുപോലെ കോസ്‌മിക്കിനെ കോമിക്കായി കാണാൻ കഴിയുന്നവനാണ് സന്യാസി. അതിന്റെ ജ്വാല ശരിക്കും ലഭിച്ച സന്യാസിയായിരുന്നു ലോകേശാനന്ദ. അദ്വൈതം ശരിയായി ബോദ്ധ്യമാകുമ്പോഴാണ് പ്രപഞ്ചത്തെ ഹാസ്യരൂപത്തിൽ ദർശിക്കാൻ കഴിയുന്നത്. പ്രപഞ്ച സ്രഷ്ടാവായ ഈശ്വരനെ മായാവിനോദനായിക്കാണാൻ ഗുരുദേവന് കഴിഞ്ഞത് അതിനാലാണ്. ഭഗവത്ഗീതയും ഗുരുദേവകൃതികളും എന്നപോലെ ബൈബിളും ഖുറാനുമെല്ലാം ഹൃദിസ്ഥമായിരുന്നു സ്വാമി ലോകേശാനന്ദയ്ക്ക്. പലപ്പോഴും ധ്യാനത്തിലായിരുന്ന സ്വാമി ഇടയ്ക്കിടെ വിളിച്ചു പുതിയ കാഴ്ചപ്പാടുകളും ദർശനവും ഈ ലേഖകന് പകർന്നു നൽകുമായിരുന്നു. ഒരിക്കൽ സ്വാമി പറഞ്ഞു,​ 'പലപ്പോഴും ആളുകൾ പ്രശ്നങ്ങളിലാണ്. അതിന്റെ പേരിൽ അസ്വസ്ഥരുമാണ് . പക്ഷേ, എന്താണ് പ്രശ്നമെന്ന് ചോദിച്ചാൽ ഒന്നും പറയാനുണ്ടാവില്ല. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് ഒന്നോ രണ്ടോ വാചകത്തിൽ പറയാൻ കഴിയും. അതിനു കഴിഞ്ഞില്ലെങ്കിൽ ഒരു പ്രശ്നവും ഇല്ലെന്നു തിരിച്ചറിയണം.' കഠിനമായ രോഗാവസ്ഥയിൽ ആയിരിക്കുമ്പോഴും സ്വാമിക്ക് മരണത്തെ ഭയമുണ്ടായിരുന്നില്ല. കലശലായ രോഗം ശല്യം ചെയ്യുന്നല്ലോ എന്ന നേരിയ വിഷമം മാത്രമാണുണ്ടായിരുന്നതെന്ന് സഹോദരി സുപ്രഭ പറഞ്ഞിരുന്നു.
പാലോടുള്ള സ്വാമിയുടെ കുടുംബ വീടിന്റെ മുന്നിലൂടെ വാമനപുരം നദിയുടെ ഒരു ശാഖ ഒഴുകുന്നുണ്ട്. നദിക്കു കുറുകെ തെങ്ങിൻ തടികൊണ്ടാണ് അന്ന് പാലം ഒരുക്കിയിരുന്നത്. അതിലൂടെ നടന്നാണ് വർഷങ്ങൾക്കുമുമ്പ് സ്വാമി ലോകേശാനന്ദയെ കാണാൻ പോയിരുന്നത്. പലപ്പോഴും സ്വാമി സൂക്ഷ്മാനന്ദയും അവിടെയുണ്ടാകും. മക്കളെ സന്യാസിമാരാക്കി ശിവഗിരിക്ക് നല്കിയതിൽ ആത്മാഭിമാനം കൊള്ളുന്ന മാതാവ് ഭാനുമതി അമ്മ വാത്സല്യത്തോടെ വിളമ്പിത്തന്ന ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴും തമാശയും കൗതുകവും കലർന്ന ഭാഷയിൽ ലോകസത്യങ്ങൾ സ്വാമി പറയുമായിരുന്നു. ഗുരുദേവന്റെ കരസ്പർശമേറ്റ സന്യാസി സാന്നിദ്ധ്യമാണ് ലോകേശാനന്ദയിൽ നിന്ന് എന്നും ലഭിച്ചിട്ടുള്ളത്. വെറും നാമരൂപം മാത്രമാണ് മനുഷ്യൻ എന്നറിയുന്ന സ്വാമി ലോകേശാനന്ദയുടെ ചിരിക്കുന്ന മുഖവും മൊഴിമുത്തുകളും എന്നും നമ്മളോടൊപ്പമുണ്ടാവും.

Advertisement
Advertisement