എൻ.എസ്.ജി കമാൻഡോ കൊവിഡ് ബാധിച്ച് മരിച്ചു

Thursday 06 May 2021 12:36 AM IST

ന്യൂഡൽഹി: സീനിയർ എൻ.എസ്.ജി കമാൻഡോ കൊവിഡ് ബാധിച്ച് മരിച്ചു.

ഗ്രൂപ്പ് കമാൻഡർ ബി.കെ. ഝാ (54) ആണ് മരിച്ചത്. ഗ്രേറ്റർ നോയിഡയിലെ സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എൻ.എസ്.ജിയിലെ ആദ്യ കൊവിഡ് മരണമാണിത്

ആരോഗ്യനില ഗുരുതരമായപ്പോൾ കൃത്യസമയത്ത് വെന്റിലേറ്ററും ജീവൻരക്ഷാ സൗകര്യങ്ങളുള്ള ആംബുലൻസ് ലഭ്യമായില്ലെന്ന് ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. ഗുരുതരാവസ്ഥയിൽ വെൻറിലേറ്ററിലേക്ക് മാറ്റാൻ ശ്രമിച്ചപ്പോൾ ആശുപത്രിയിലെ രണ്ടു വെന്റിലേറ്ററുകൾ പ്രവർത്തനക്ഷമമല്ലായിരുന്നുവെന്നാണ് ആരോപണം. നോയിഡയിലെ ഫോർട്ടീസ് ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചു. എന്നാൽ സി.എ.പി.എഫ് ആശുപത്രിയിൽ ജീവൻരക്ഷാ ഉപകരണങ്ങളടങ്ങിയ സ്പെഷ്യലൈസ്ഡ് ആംബുലൻസ് ലഭ്യമായില്ല. സജ്ജീകരണങ്ങളോടെയുള്ള ആംബുലൻസ് പുലർച്ചെ 2.30ഓടെയാണ് എത്തിയതെന്നും അപ്പോഴേക്കും അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായി മൂന്നു മണിയോടെ മരിച്ചെന്നുമാണ് റിപ്പോർട്ട്.