ഓക്സിജൻ മുടങ്ങില്ല;കളക്ടറേറ്റിൽ വാർ റൂം സജ്ജം

Thursday 06 May 2021 2:20 AM IST

തിരുവനന്തപുരം:കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ ഓക്സിജൻ ലഭ്യത ഉറപ്പുവരുത്തുന്നതിനായി കളക്ടറേറ്റിൽ ജില്ലാതല ഓക്സിജൻ വാർ റൂം തുറന്നു. ജില്ലയിലെ വിവിധ ആശുപത്രികളിൽ ആവശ്യമുള്ളിടത്ത് ഓക്സിജൻ എത്തിക്കുന്നതിനും വിവിധയിടങ്ങളിൽനിന്ന് ഓക്സിജൻ സംഭരിക്കുന്നതിനുമായാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന വാർ റൂം തുറന്നതെന്ന് കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ പറഞ്ഞു.

വഴുതക്കാട് വിമെൻസ് കോളേജ് ഓഡിറ്റോറിയമാണ് ഓക്സിജൻ സംഭരണ കേന്ദ്രം.എച്ച്.എൽ.എൽ,ട്രാവൻകൂർ ടൈറ്റാനിയം അടക്കം ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽ വ്യാവസായികാടിസ്ഥാനത്തിൽ സംഭരിച്ചിട്ടുള്ളതും ഫയർഫോഴ്സ് അടക്കമുള്ളവയുടെ പക്കൽ ഉള്ളതുമായ ഓക്സിജൻ സിലിണ്ടറുകൾ ശേഖരിച്ച് വിമെൻസ് കോളേജിലെ സംഭരണ കേന്ദ്രത്തിൽ എത്തിച്ചിട്ടുണ്ട്. ബയോമെഡിക്കൽ എൻജിനിയർമാരുടെ സഹായത്തോടെ ഇവയുടെ ഗുണനിലവാരം പരിശോധിച്ച ശേഷം ആവശ്യമുള്ളിടത്തേക്ക് വിതരണം ചെയ്യും.

കളക്ടറേറ്റിലെ ഓക്സിജൻ വാർ റൂമിലെ നിരീക്ഷണ സംഘം ആശുപത്രികളിലെ ഓക്സിജൻ സ്ഥിതി നിരന്തരം വിലയിരുത്തുന്നുണ്ട്.ഓക്സിജൻ ആവശ്യമുണ്ടായാൽ 7592939426, 7592949448 എന്ന ഓക്സിജൻ വാർ റൂം നമ്പരുകളിൽ ബന്ധപ്പെടാം.

ജില്ലാ വികസന കമ്മിഷണർ ഡോ. വിനയ് ഗോയൽ, സബ് കളക്ടർമാരായ എം.എസ്. മാധവിക്കുട്ടി, ചേതൻകുമാർ മീണ, എ.ഡി.എം ടി.ജി. ഗോപകുമാർ, ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെ.എസ്. ഷിനു,ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ജി.രാജീവ് എന്നിവർ ഉൾപ്പെടുന്ന കമ്മിറ്റിയാണ് വാർ റൂമിനു നേതൃത്വം നൽകുന്നത്.

Advertisement
Advertisement