കൊവിഡ് പരത്തുന്നതിലെ 'രസം' ! യുപിയിൽ 20 കിലോ രസഗുളയുമായി രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

Thursday 06 May 2021 2:28 PM IST

ലക്നൗ : രാജ്യം കൊവിഡ് വ്യാപനത്തിന്റെ മൂർദ്ധന്യത്തിലെത്തിയതോടെ ആഘോഷങ്ങൾക്കെല്ലാം അവധി നൽകിയിരിക്കുകയാണ്. അടുത്തു നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ജയിച്ച മുന്നണികൾ പോലും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും വിവിധ കോടതികളുടെയും അഭിപ്രായം മാനിച്ച് വിജയാഘോഷങ്ങളിൽ നിന്നും പിന്മാറിയിരുന്നു. എന്നാൽ യു പിയിൽ കഴിഞ്ഞ ദിവസം പുറത്തുവന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ വിവിധ ഇടങ്ങളിൽ ആളുകൾ കൂട്ടം കൂടിയെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ തിരഞ്ഞെടുപ്പ് ജയം ആഘോഷിച്ച രണ്ട് പേരെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും 20 കിലോയിലധികം രസഗുളകളും പിടിച്ചെടുത്തിട്ടുണ്ട്. ഹാപൂർ പോലീസാണ് ഈ വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ഫലം പ്രഖ്യാപിച്ചതിന് ശേഷം ജനം കൂട്ടം കൂടി ആഘോഷിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ഇവിടെയും തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു.

144ാം വകുപ്പ് ലംഘിച്ചതിനാണ് പൊലീസ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇന്ന് രാജ്യത്ത് 4,12,262 പുതിയ കൊവിഡ് കേസുകളും 3,980 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്രയധികം ആളുകൾ കൊവിഡ് ബാധിച്ച് മരണപ്പെടുന്നതും പ്രതിദിനകണക്കുകളിൽ ആദ്യമാണ്. രാജ്യത്ത് 57,640 കേസുകളുള്ള മഹാരാഷ്ട്ര, 50,112 കേസുകളുള്ള കർണാടക, 41,953 കേസുകളുള്ള കേരളം എന്നിവയ്ക്ക് പിന്നാലെയാണ് 31,111 കേസുകളുള്ള ഉത്തർപ്രദേശിലുള്ളത്‌

Advertisement
Advertisement