തൊടുപുഴ ജില്ലാ ആശുപത്രി സൂപ്രണ്ടിനെ പൊലീസ് തടഞ്ഞു

Friday 07 May 2021 12:00 AM IST

തൊടുപുഴ: ജോലിക്ക് പോകാനിറങ്ങിയ ജില്ലാ ആശുപത്രി സൂപ്രണ്ടിനെ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് പുറത്ത് കടക്കാൻ അനുവദിക്കാതെ പൊലീസ് തടഞ്ഞതായി പരാതി. തൊടുപുഴ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഉമാദേവിക്കാണ് വാഴക്കുളം പൊലീസിൽ നിന്ന് മോശം പെരുമാറ്റം നേരിട്ടത്. ജില്ലാ അതിർത്തിയായ മടക്കത്താനത്താണ് ഡോ.ഉമാദേവി താമസിക്കുന്നത്. വാർഡ് ആറ് ദിവസമായി കണ്ടെയിൻമെന്റ് സോണിലാണ്. തുടർന്ന് സൂപ്രണ്ടിന്റെ വീട്ടിലേക്കുള്ള ഇടവഴി പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് അടച്ചിരിക്കുകയായിരുന്നു. അതിനാൽ ബാരിക്കേഡിന് അപ്പുറത്തുള്ള റോഡിലായിരുന്നു കാർ പാർക്ക് ചെയ്തിരുന്നത്. കഴിഞ്ഞദിവസം വരെ കാൽനടയാത്രക്കാർക്ക് ഇതുവഴി കടന്നുപോകാമായിരുന്നു. ഇന്നലെ രാവിലെ 10 മണിയോടെ സൂപ്രണ്ട് ഡ്യൂട്ടിക്കായി ആശുപത്രിയിലേക്ക് പോകാനിറങ്ങിയപ്പോൾ ആർക്കും കടന്നുപോകാനാകാത്തവിധം ബാരിക്കേ‌ഡ് ഉപയോഗിച്ച് വഴിയടച്ചതായി കണ്ടു. തുടർന്ന് ഇവിടെ ഡ്യൂട്ടിയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥനോട് താൻ ജില്ലാ ആശുപത്രി സൂപ്രണ്ടാണെന്നും കൊവിഡ് സംബന്ധമായി മീറ്റിംഗിൽ പങ്കെടുക്കേണ്ടതിനാൽ ബാരിക്കേഡ് നീക്കണമെന്നും ഡോ.ഉമാദേവി ആവശ്യപ്പെട്ടു. എന്നാൽ ആരെയും കടത്തിവിടേണ്ടെന്നാണ് ഡിവൈ.എസ്.പിയുടെ നിർദേശമെന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്റെ മറുപടി. ഡിവൈ.എസ്.പിയുടെ ഫോൺ നമ്പർ ചോദിച്ചിട്ടും നൽകിയില്ല. വേണമെങ്കിൽ ബാരിക്കേഡിന് അടിയിലൂടെ കുനിഞ്ഞ് പോയ്ക്കോളാനും സ്ത്രീയായ തന്നോട് പൊലീസ് പറഞ്ഞതായി ഉമ പറയുന്നു. 15 മിനിട്ടോളം കാത്ത് നിന്നിട്ടും ബാരിക്കേ‌ഡ് മാറ്റാത്തതിനെ തുടർന്ന് ഉമ വീട്ടിലേക്ക് മടങ്ങി പോയി. വീട്ടിലിരുന്ന് ഓൺലൈനിലൂടെ മീറ്റിംഗിൽ പങ്കെടുത്തു. ഇതിനിടെ തന്നെ വിളിച്ച ഡി.എം.ഒയെയും ജില്ലാ കളക്ടറെയും എം.പിയെയും ഉമാദേവി കാര്യമറിയിച്ചു. തുടർന്ന് ഉച്ചയോടെ പൊലീസ് ഉമാദേവിയുടെ വീടിരിക്കുന്ന ഭാഗം കഴിഞ്ഞുള്ള റോഡിലേക്ക് ബാരിക്കേഡ് മാറ്രിസ്ഥാപിച്ചു.

Advertisement
Advertisement