നരേന്ദ്രമോദി ഫോണിൽ വിളിച്ച് മൻ കീ ബാത്ത് നടത്തി; പ്രധാനമന്ത്രിക്കെതിരെ ആരോപണവുമായി ജാർഖണ്ഡ് മുഖ്യമന്ത്രി

Friday 07 May 2021 9:10 AM IST

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആരോപണവുമായി ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍. കൊവിഡ് സാഹചര്യത്തെ കുറിച്ച് സംസാരിക്കാന്‍ ഫോണില്‍ വിളിച്ച പ്രധാനമന്ത്രി മാന്‍ കി ബാത്ത് നടത്തിയെന്നാണ് ഹേമന്ത് സോറന്‍റെ ആരോപണം. ഇന്നലെയാണ് പ്രധാനമന്ത്രി ജാർഖണ്ഡ് ഉൾപ്പടെയുളള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ഫോണിൽ സംസാരിച്ചത്.

'ബഹുമാന്യനായ പ്രധാനമന്ത്രി ഫോണില്‍ വിളിച്ചു. അദ്ദേഹം മന്‍ കി ബാത്ത് പറയുക മാത്രമാണ് ചെയ്‌തത്. കാര്യങ്ങള്‍ സംസാരിക്കുകയും പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും ചെയ്‌തിരുന്നെങ്കില്‍ നന്നായേനേ' എന്ന് സോറന്‍ ട്വീറ്റ് ചെയ്‌തു.

സംസ്ഥാനങ്ങളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ അവസരം ലഭിക്കാത്തതില്‍ അദ്ദേഹം അതൃപ്‌തി പ്രകടിപ്പിക്കുകയും ചെയ്‌തു. രാജ്യത്തെ കൊവിഡ് മരണനിരക്ക് കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്നാണ് ജാര്‍ഖണ്ഡ്.