കമലഹാസന് വീണ്ടും തിരിച്ചടി; പാർട്ടിയിലെ രണ്ടാമനും രാജിവച്ചു, വഞ്ചകൻ പുറത്തുപോയതില്‍ സന്തോഷമുണ്ടെന്ന് പ്രതികരണം

Friday 07 May 2021 1:45 PM IST

ചെന്നെെ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനു പിന്നാലെ കമലഹാസനും പാർട്ടിക്കും വീണ്ടും തിരിച്ചടി. മക്കൾ നീയി മയ്യം (എം.എൻ.എം) വൈസ് പ്രസിഡന്‍റ് ആര്‍. മഹേന്ദ്രന്‍ പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു. സംഘടനക്ക് ജനാധിപത്യ സ്വഭാവമില്ലെന്ന് ആരോപിച്ചായിരുന്നു രാജി.

മഹേന്ദ്രൻ വഞ്ചകനാണെന്ന് കമല്‍ പറഞ്ഞു. ഇയാളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാനൊരുങ്ങുകയായിരുന്നു. ഒരു പാഴ്‌ച്ചെടി സ്വയം എം.എൻ.എമ്മിൽ നിന്നും പുറത്തുപോയതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് നാലു ദിവസങ്ങൾക്ക് ശേഷം പാർട്ടിയിലെ ആറു നേതാക്കൾ രാജിക്കത്ത് നൽകിയതായി എം.എൻ.എം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സംഘടനയിൽ രണ്ടാം സ്ഥാനത്തുളള മഹേന്ദ്രയും രാജിവച്ചിരിക്കുന്നത്.

234 അംഗ നിയമസഭയില്‍ ഒരു സീറ്റ് പോലും നേടാന്‍ എം.എൻ.എമ്മിന് കഴിഞ്ഞില്ല. കോയമ്പത്തൂരിലെ സിംഗനല്ലൂര്‍ മണ്ഡലത്തിലാണ് മഹേന്ദ്രന്‍ മത്സരിച്ചത്. കമലിന് രാജിക്കത്ത് സമര്‍പ്പിച്ചതായി അദ്ദേഹം മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തലപ്പത്തിരിക്കുന്ന കുറച്ച് ഉപദേഷ്ടാക്കൻമാരാണ് പാർട്ടിയെ നയിക്കുന്നത്. കമലിൽ പാർട്ടിയെ മുന്നോട്ട് കൊണ്ടു പോകുന്നത് ശരിയായ രീതിയിൽ അല്ലെന്നും അദ്ദഹം പറഞ്ഞു.

ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയമാണ് പാര്‍ട്ടിയുടേത്. എം.എൻ.എമ്മിൽ ജനാധിപത്യം ഇല്ലെന്ന് തനിക്ക് തോന്നുന്നതായും മഹേന്ദ്രൻ കൂട്ടിച്ചേർത്തു. എ.ജി. മൗര്യ, എം. മുരുകാനന്ദം, സി.കെ. കുമാരവേല്‍, ഉമാദേവി എന്നിവരാണ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ച മറ്റ് പ്രമുഖര്‍. തന്‍റെ ജീവിതം സുതാര്യമാണെന്നും ആരോടും ഒന്നും മറച്ചുവയ്ക്കാൻ ശ്രമിച്ചിട്ടില്ലന്നും കമൽ അവകാശപ്പെട്ടു. പാര്‍ട്ടിപ്രവര്‍ത്തകര്‍ വിഷമിക്കരുതെന്നും അദ്ദേഹം പറഞ്ഞു.