അധോലോക കുറ്റവാളി ഛോട്ടാ രാജൻ കൊവിഡ് ബാധിച്ച് മരിച്ചു

Friday 07 May 2021 4:28 PM IST

ന്യൂഡൽഹി: കൊവിഡ് ബാധിച്ചതിനെ തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിൽ കഴിയുകയായിരുന്ന അധോലോക കുറ്റവാളി ഛോട്ടാ രാജൻ (62) അന്തരിച്ചു. എയിംസ് അധികൃതരാണ് ഈ വിവരം പുറത്തുവിട്ടത്. ഏപ്രിൽ 26നാണ് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഛോട്ടാ രാജനെ എയിംസിൽ പ്രവേശിപ്പിച്ചത്.

ഛോട്ടാ രാജന് എയിംസിൽ ചികിത്സ നൽകുന്ന വിവരം പുറത്തുവന്നപ്പോൾ വലിയ വിമർശനമാണ് ഉണ്ടായത്. 2015ൽ ഇന്തോനേഷ്യയിലെ ബാലിയിൽ നിന്ന് പിടിയിലായ ഇയാളെ ഇന്ത്യയിലെത്തിച്ചു. അന്നുമുതൽ തീഹാ‌ർ ജയിലിലായിരുന്നു. 2011ൽ മാദ്ധ്യമപ്രവർത്തകനായ ജ്യോതിർമയ് ഡേയെ കൊലപ്പെടുത്തിയ കേസിൽ 2018ൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു. മുംബയിലെ 70ഓളം ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണ്. ഈ കേസുകളെല്ലാം സിബിഐയ്‌ക്ക് കൈമാറിയിരുന്നു. ഇവയുടെ വിചാരണയ്‌ക്ക് പ്രത്യേക കോടതിയും സ്ഥാപിച്ചിരുന്നു. കഴിഞ്ഞ മാസം ഒരു കേസിൽ വീഡിയോ കോൺഫറൻസിംഗ് വഴി വിചാരണയ്‌ക്ക് ഇയാളെ ഹാജരാക്കിയിരുന്നില്ല. തുടർന്നാണ് കൊവിഡ് മൂലമാണതെന്ന് ജയിൽ അധികൃതർ പുറത്തുവിട്ടത്.

1982ൽ മുംബയിലെ അധോലോക കു‌റ്റവാളി ബഡാ രാജന്റെ സംഘത്തിൽ ചേർന്ന രാജേന്ദ്ര സദാശിവ് നികൽജെ എന്ന ഛോട്ടാ രാജൻ പിന്നീട് കൊടുംകു‌റ്റവാളി ദാവൂദ് ഇബ്രാഹീമിന്റെ ഒപ്പം ചേർന്നു. പിന്നീട് ഇവരുമായി ഇടഞ്ഞ ഛോട്ടാ രാജൻ പിന്നീട് വിദേശത്തേക്ക് കടന്നു. ഇവിടെ നിന്നുമാണ് 2015ൽ ഇയാൾ പിടിയിലായത്.