ഛോട്ടാ രാജന്റെ മരണവാർത്ത നിഷേധിച്ച് എയിംസ്​ അധികൃതർ

Friday 07 May 2021 10:29 PM IST

ന്യൂഡൽഹി: കൊവിഡ് ബാധിച്ച് ഡൽഹി എയിംസിൽ ചികിത്സയിൽ കഴിയുന്ന അധോലോക കുറ്റവാളി ഛോട്ടാരാജന്റെ (61) മരണവാർത്ത വ്യാജമെന്ന് അധികൃതർ.

ദേശീയ മാദ്ധ്യമങ്ങൾ ഉൾപ്പെടെ ഛോട്ടാരാജന്റെ മരണം റിപ്പോർട്ട് ചെയ്​തതോടെ വാർത്ത നിഷേധിച്ച്​​ എയിംസ്​ അധികൃതരും മുംബയ് പൊലീസും രംഗത്തെത്തി. കഴിഞ്ഞ ഏപ്രിൽ 26നാണ് ഛോട്ടാ രാജനെ എയിംസിൽ പ്രവേശിപ്പിച്ചത്​. ചികിത്സ തുടരുകയാണെന്നും രാജന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവരുന്നുവെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.

ഇന്തോനേഷ്യയിലെ ബാലിയിൽ നിന്ന് 2015ൽ അറസ്റ്റിലായ ഛോട്ടാ രാജൻ ഡൽഹിയിലെ തിഹാർ ജയിലിൽ കഴിഞ്ഞുവരികയായിരുന്നു.

കൊലപാതകം, കൊള്ള തുടങ്ങിയവയുമായി ബന്ധപ്പെട്ട്​ മഹാരാഷ്​ട്രയിൽ 70ഓളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്. മുംബയിൽ ഇയാൾക്കെതിരെ നിലനിൽക്കുന്ന എല്ലാ കേസുകളും സി.ബി.ഐയ്ക്ക് കൈമാറിയതിനെത്തുടർന്ന് ക്രിമിനൽ കേസുകൾ വിചാരണ ചെയ്യാൻ പ്രത്യേക കോടതി രൂപീകരിച്ചിരുന്നു.

2011ൽ മാദ്ധ്യമ പ്രവർത്തകയായ ജ്യോതിർമൊയ് ഡേയെ കൊലപ്പെടുത്തിയ കേസിൽ രാജനെ 2018ൽ​ കോടതി ജീവപര്യന്തം തടവിന്​ ശിക്ഷിച്ചിരുന്നു.