കെ.പി.സി.സി രാഷ്ട്രീയകാര്യസമിതിയിൽ കെ.മുരളീധരൻ, ഈഴവ സമുദായത്തോടുള്ള കോൺഗ്രസ് അവഗണന കേരളകൗമുദി ചൂണ്ടിക്കാട്ടിയിട്ടും ശ്രദ്ധിച്ചില്ല

Saturday 08 May 2021 12:29 AM IST

തിരുവനന്തപുരം: യു.ഡി.എഫ് ഈഴവരടക്കമുള്ള പിന്നാക്കക്കാരെ അവഗണിക്കുന്നുവെന്ന് തോന്നുന്നതിനാലാണ് അവരുടെ വോട്ടുകൾ എൽ.ഡി.എഫിലേക്ക് പോകുന്നതെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി യോഗത്തിൽ കെ.മുരളീധരൻ എം.പിയുടെ രൂക്ഷ വിമർശനം...

തലസ്ഥാനജില്ലയിൽ വട്ടിയൂർക്കാവിലും വർക്കലയിലും കഴക്കൂട്ടത്തും എൽ.ഡി.എഫ് ഈഴവരെ മത്സരിപ്പിച്ചപ്പോൾ ,നമ്മൾ കഴക്കൂട്ടത്ത് മാത്രമാണ് നിറുത്തിയത്. അദ്ദേഹം പ്രശസ്തനായ ഡോക്ടറായിട്ടും വേണ്ടവിധം പ്രയോജനപ്പെടുത്തിയില്ല. ഈഴവസമുദായത്തിന് അർഹമായ പരിഗണന നമ്മുടെ പാർട്ടിയിലില്ലെന്നത് യാഥാർത്ഥ്യമാണ്. കേരളകൗമുദി തദ്ദേശതിരഞ്ഞെടുപ്പ് കാലം തൊട്ട് ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടും നമ്മൾ കാര്യമാക്കിയില്ല. മലബാറിലടക്കം ഈഴവ കുടുംബങ്ങളിൽ അത് ചലനമുണ്ടാക്കി.

പാർട്ടി പ്രവർത്തകരുടെ ആത്മവീര്യം ചോർത്തുന്ന നടപടി നേതാക്കളിൽ നിന്നുണ്ടാവരുത്. തളർന്നു കിടക്കുമ്പോൾ ഊർജ്ജം നൽകണം. അല്ലെങ്കിലത് ബി.ജെ.പി പാളയത്തിലെത്തിക്കും. വലിയ പരാജയമുണ്ടായി. കാലോചിതമായ പരിഷ്കാരത്തിലൂടെ തിരിച്ചുവരാം. കേരളത്തിൽ ഇരുപത് വർഷം പ്രതിപക്ഷത്തിരുന്നാലും കോൺഗ്രസിനൊന്നും സംഭവിക്കില്ലെന്നും മുരളി പറഞ്ഞു.

യു.ഡി.എഫിൽ എല്ലാ വിഭാഗങ്ങൾക്കും മതിയായ പ്രാതിനിദ്ധ്യമുറപ്പാക്കുന്നതിൽ പോരായ്മകളുണ്ടായെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സൻ വിമർശിച്ചു. മുസ്ലിം പ്രാതിനിദ്ധ്യം കുറഞ്ഞുവെന്ന വിമർശനം സമസ്തയടക്കമുയർത്തിയെന്നും ഹസ്സൻ പറഞ്ഞു.

Advertisement
Advertisement