ഛത്തീസ്ഗഢിൽ മദ്യത്തിന് പകരം ഹോമിയോപ്പതി മരുന്ന് : ഒമ്പത് മരണം

Saturday 08 May 2021 1:49 AM IST

ബിലാസ്‌പൂർ: ഛത്തീസ്ഗഢിൽ മദ്യത്തിന് പകരം ആൽക്കഹോൾ അടങ്ങിയ ഹോമിയോപ്പതി മരുന്ന് കഴിച്ച് ഒമ്പത് പേർ മരിച്ചു. ആറ് പേർ ചികിത്സയിലാണ്. ബിലാസ്‌പൂർ ജില്ലയിലെ കോർമി ഗ്രാമത്തിലാണ് സംഭവം നടന്നത്.

മദ്യത്തിന് പകരമായി 91 ശതമാനം ആൽക്കഹോൾ അടങ്ങിയ ഹോമിയോപ്പതി സിറപ്പ് കഴിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ കൃത്യമായ കാരണം അറിയാൻ സാധിക്കുകയുള്ളൂവെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും ബിലാസ്‌പൂർ എസ്.പി. പ്രശാന്ത് അഗ്രവ പറഞ്ഞു.

കമലേഷ് ധൂരി (32), അക്ഷര ധൂരി (21), രാജേഷ് ധൂരി (21), സാമ്രു ധൂരി (25) എന്നിവരാണ് ചൊവ്വാഴ്ച മരുന്ന് കഴിച്ച് ഏതാനും മണിക്കൂറുകൾക്കുള്ളിൽ മരിച്ചത്. കൊവിഡ് മൂലമാണ് മരണമെന്ന് സംശയിച്ച കുടുംബങ്ങൾ പിറ്റേന്ന് രാവിലെ അധികൃതരെ അറിയിക്കാതെ മൃതദേഹങ്ങൾ സംസ്‌കരിച്ചു.

പിന്നാലെ ഇതേ മരുന്ന് കഴിച്ച മറ്റൊരാൾ ബുധനാഴ്ച രാവിലെ മരിച്ചു. മരണങ്ങളെക്കുറിച്ചറിഞ്ഞ പൊലീസ് സ്ഥലത്തെത്തുകയും മരുന്ന് കഴിച്ച മറ്റുള്ളവരെ ആശുപത്രിലേക്ക് മാറ്റുകയും ചെയ്തു. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലിരിക്കെ മരിച്ചു.