കേരളത്തിന് ഓക്സിജൻ നൽകും: വി. മുരളീധരൻ

Saturday 08 May 2021 12:11 AM IST

ന്യൂഡൽഹി: കേരളത്തിൽ ഓക്‌സിജന്റെ ആവശ്യം കൂടിയ കാര്യം വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ അറിയിച്ചു. ഇറക്കുമതി ചെയ്യുന്ന ഓക്‌സിജൻ സംസ്ഥാനങ്ങളുടെ ആവശ്യാനുസരണം വിതരണം ചെയ്യും.

സംസ്ഥാനങ്ങളിലേക്ക് ട്രെയിനുകളിലും മറ്റുമായി ത്വരിത ഗതിയിൽ കേന്ദ്രസർക്കാർ ഓക്സിജൻ എത്തിക്കുന്നുണ്ട്. ഓക്‌സിജൻ വിതരണത്തിന് ടാങ്കറും മറ്റും ആവശ്യത്തിനുണ്ടെന്ന് കേരളം ഉറപ്പാക്കണം. കേരളത്തിലെ മെഡിക്കൽ കോളേജുകൾക്ക് കേന്ദ്രം അനുവദിച്ച നാല് ഓക്‌സിജൻ പ്ളാന്റുകളിൽ ഒന്നുമാത്രമാണ് പ്രവർത്തന സജ്ജമാക്കിയത്. ഇത് ആശങ്കാജനകമാണ്.സ്വകാര്യആശുപത്രികളിലെയടക്കം കിടക്കകളുടെ കണക്ക് പുറത്തുവിടണം.

സ്വകാര്യആശുപത്രികളിലെ കൊവിഡ് ചികിത്സാ ചെലവ് സംബന്ധിച്ച് കേരള ഹൈക്കോടതി പറഞ്ഞ കണക്കുകൾ ഞെട്ടിക്കുന്നതാണ്. നിരക്ക് കുറയ്ക്കാൻ സംസ്ഥാന സർക്കാർ എന്തുകൊണ്ട് ഇടപെട്ടില്ലെന്ന് കേന്ദ്രമന്ത്രി ചോദിച്ചു.

കേരളത്തിൽ മുഖ്യപ്രതിപക്ഷം ഇല്ലാത്ത സ്ഥിതിയാണ്. തിരഞ്ഞെടുപ്പ് തോൽവിയുടെ പേരിൽ ബി.ജെ.പി ഒളിച്ചോടില്ല. എൻ.ഡി.എയ്ക്ക് വോട്ടുകുറഞ്ഞതിന്റെ കാരണങ്ങൾ പഠിക്കും. വോട്ടുകുറയുന്നതെല്ലാം കച്ചവടമാണെങ്കിൽ ബംഗാളിൽ സി.പി.എമ്മിന്റെ വോട്ടെല്ലാം കച്ചവടം ചെയ്‌തോയെന്ന് വ്യക്തമാക്കണം.