കെ. സുരേന്ദ്രൻ തുടരുമെന്ന സൂചന നൽകി ബി.ജെ.പി കേന്ദ്ര നേതൃത്വം

Saturday 08 May 2021 12:14 AM IST

കൊച്ചി: നിയമസഭാതിരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യുന്ന ജില്ലാതല അവലോകന യോഗങ്ങളിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും സംസ്ഥാന പ്രഭാരി മുൻ എം.പി സി.പി. രാധാകൃഷ്ണനും പങ്കെടുത്താൽ മതിയെന്ന് കേന്ദ്ര നേതൃത്വം.

സുരേന്ദ്രൻ തന്നെ പാർട്ടിയെ നയിക്കുമെന്നതിന്റെ സൂചനയാണിത്. ഈ മാസം 8 മുതൽ 16 വരെ നടത്തുന്ന ഓൺലൈൻ യോഗങ്ങളിൽ ഓരോ മണ്ഡലത്തിലെയും പ്രകടനം സൂക്ഷ്മമായി വിലയിരുത്തും. പാർട്ടിയുടെ കോർ കമ്മിറ്റി മീറ്റിംഗിലും സംസ്ഥാന ഭാരവാഹിയോഗത്തിലും ദേശീയ ഭാരവാഹികളായ ബി.എൽ. സന്തോഷ്, കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, സി.പി. രാധാകൃഷ്ണൻ എന്നിവർ നടത്തിയ വിലയിരുത്തൽ ജില്ലാ യോഗങ്ങളിൽ പങ്കു വയ്‌ക്കും.

 ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ

മത ധ്രുവീകരണം തിരിച്ചടിയായി. മഞ്ചേശ്വരം, പാലക്കാട്, മലമ്പുഴ, നേമം മണ്ഡലങ്ങളിൽ ധ്രുവീകരണം ശക്തമായിരുന്നു.

ബൂത്ത് കമ്മിറ്റികൾ നിഷ്ക്രിയമായി. സമുദായ സംഘടനകളുടെ പിന്തുണ ലഭിച്ചില്ല.

47 മണ്ഡലങ്ങളിൽ മാത്രമാണ് വോട്ട് വർദ്ധിച്ചത്. കാസർകോട് മുതൽ തൃശൂർ വരെ ഒരു ശതമാനത്തോളം വോട്ട് മാത്രമാണ് കുറഞ്ഞത്.

 ന്യൂനപക്ഷങ്ങളെ വിശ്വാസത്തിലെടുക്കണം

മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളെ വിശ്വാസത്തിലെടുക്കാൻ ബി.ജെ.പിയിലെ എല്ലാ നേതാക്കളും സജീവമായി പ്രവർത്തിക്കണമെന്നാണ് കേന്ദ്ര നേതൃത്വം കോർ കമ്മിറ്റിയിലും സംസ്ഥാന ഭാരവാഹിയോഗത്തിലും നൽകിയ നിർദ്ദേശം. മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച എ.പി. അബ്ദുള്ളക്കുട്ടിക്ക് അതിന്റെ ഭാഗമായ നിയമസഭാ മണ്ഡലങ്ങളിൽ മത്സരിച്ച ബി.ജെ.പി സ്ഥാനാർത്ഥികളെക്കാൾ വോട്ട് ലഭിച്ചത് ഇതിന് ഉദാഹരണമായി രണ്ട് യോഗങ്ങളിലും ചൂണ്ടിക്കാട്ടി.

Advertisement
Advertisement