സംഗീത സംവിധായകൻ വൻരാജ് ഭാട്ടിയ അന്തരിച്ചു

Saturday 08 May 2021 12:15 AM IST

മുംബയ്:പരസ്യചിത്രങ്ങൾക്ക് സംഗീതം നൽകി ശ്രദ്ധേയനായി, ബോളിവുഡിൽ സ്ഥാനം ഉറപ്പിച്ച പ്രമുഖ സംഗീത സംവിധായകൻ വൻരാജ് ഭാട്ടിയ അന്തരിച്ചു. 93 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് മുംബയിലെ വീട്ടിലായിരുന്നു അന്ത്യം. ഗോവിന്ദ് നിഹലാനിയുടെ തമസിലൂടെ മികച്ച സംഗീത സംവിധായകനുള്ള ദേശീയ പുരസ്കാരം, സംഗീത സംഗീത അക്കാഡമി പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ചു. 2012ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ചു.

1927 മേയ് 31ന് ബോംബെയിലാണ് ജനനം. ബാല്യകാലം മുതൽ ഹിന്ദുസ്ഥാനി സംഗീതം പഠിച്ചു. പാശ്ചാത്യ സംഗീതത്തിലും പ്രാവീണ്യം നേടി. ബോംബെയിലെ കോളേജ് പഠനത്തിന് ശേഷം ഹൊവാർഡ് ഫെർഗൂസൺ, വില്യം ആൽവിൻ എന്നിവർക്കൊപ്പം ലണ്ടനിലെ റോയൽ മ്യൂസിക് അക്കാ‌ഡമിയിൽ പഠിച്ചു. അവിടെ മൈക്കിൾ കോസ്റ്റാ സ്‌കോളർഷിപ്പിൽ സ്വർണ മെഡലോടെ പാസായി. റോക്ക് ഫെല്ലർ സ്‌കോളർഷിപ്പും ഫ്രഞ്ച് സർക്കാരിന്റെ സ്‌കോളർഷിപ്പും നേടി. പിന്നീട് പാരിസിൽ അഞ്ച് വർഷം പഠിച്ചു.

ഇന്ത്യയിൽ തിരിച്ചെത്തിയ ഭാട്ടിയ പരസ്യചിത്രങ്ങൾക്ക് ജിംഗിൾ തയ്യാറാക്കിയാണ് സംഗീത രംഗത്ത് പ്രവേശിക്കുന്നത്. ശ്യാം ബെനഗലിന്റെ അങ്കുർ ആയിരുന്നു അരങ്ങേറ്റ ചിത്രം. മന്ഥൻ, ജാനേ ഭി ദോ യാരോ, 36 ചൗരിംഗീ ലെയ്ൻ, മോഹൻ ജോഷി ഹാസിർ ഹോ, തരംഗ്, ഖാമോഷ്, ഹിപ് ഹിപ് ഹുറേ, അജൂബ, ദാമിനി, പർദേശ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഗീതമൊരുക്കി. 2008 ൽ പുറത്തിറങ്ങിയ ഹല്ലാ ബോൽ ആണ് അവസാന ചിത്രം.

നാടകങ്ങളിലും ഡോക്യുമെന്ററികളിലും ആൽബങ്ങളിലും ഒട്ടനവധി സംഭാവനകൾ നൽകിയിട്ടുണ്ട്.

കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനി, നടൻ ഫർഹാൻ അക്തർ തുടങ്ങിയവർ അനുശോചിച്ചു.