മന്ത്രിസ്ഥാന ചർച്ചയ്ക്ക് ജനതാദൾ-എസ് നേതൃയോഗം നാളെ
Saturday 08 May 2021 12:17 AM IST
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാനായി നാളെ ചേരുന്ന ജനതാദൾ-എസ് സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും യോഗത്തിൽ, പുതിയ മന്ത്രി ആരാകണമെന്നതും ചർച്ചാ വിഷയമാവും. ഓൺലൈൻ വഴി ചേരുന്ന യോഗത്തിൽ നിയമസഭാ കക്ഷി നേതാവിനെയും നിശ്ചയിക്കേണ്ടതുണ്ട്. പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ മാത്യു.ടി. തോമസും മന്ത്രിയായിരുന്ന കെ. കൃഷ്ണൻകുട്ടിയുമാണ് തിരഞ്ഞെടുപ്പിൽ ജയിച്ചത്.
രണ്ടര വർഷം ടേം നിബന്ധന വച്ച് രണ്ട് പേർക്കും അവസരം നൽകണമെന്ന അഭിപ്രായം പാർട്ടിയിലുണ്ട്. എന്നാൽ, മന്ത്രിസ്ഥാനത്തിനായി കടുംപിടുത്തത്തിനില്ലെന്ന നിലപാടിലാണ് മാത്യു.ടി.തോമസ് എന്നറിയുന്നു. പാർട്ടി ദേശീയ അദ്ധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയുടെ തീരുമാനമാകും നിർണായകമാവുക.