മന്ത്രിസ്ഥാനം കുറയ്ക്കാമോയെന്ന് സി.പി.ഐയോട് സി.പി.എം

Saturday 08 May 2021 12:00 AM IST

തിരുവനന്തപുരം: നാലു മന്ത്രിമാരെന്നത് മൂന്നായി കുറയ്ക്കാൻ കഴിയുമോയെന്ന് കഴിഞ്ഞ ദിവസം നടന്ന ഉഭയകക്ഷി ചർച്ചയിൽ സി.പി.ഐയോട് സി.പി.എം നേതൃത്വം ആരാഞ്ഞതായി സൂചന. എന്നാൽ, നാല് മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറും എന്ന സ്ഥിതി മാറേണ്ടതില്ലെന്ന നിലപാടിലാണ് സി.പി.ഐ നേതൃത്വം.

സ്വന്തം മന്ത്രിമാരുടെ എണ്ണം 13ൽ നിന്ന് 12 ആക്കാനാണ് സി.പി.എം ആലോചിക്കുന്നത്. സി.പി.എമ്മിന് മന്ത്രിസഭയിൽ ആദ്യം 12 പേരായിരുന്നപ്പോഴും സി.പി.ഐക്ക് നാല് മന്ത്രിസ്ഥാനം ഉണ്ടെന്ന് സി.പി.ഐ ചൂണ്ടിക്കാട്ടി. മന്ത്രിസ്ഥാനം കിട്ടിയേക്കില്ലെന്ന സൂചന ഒറ്റ അംഗമുള്ള കക്ഷികളിൽ നിരാശ പടർത്തിയിട്ടുണ്ട്.

 സി.പി.ഐ മന്ത്രിമാർ 18ന്

സി.പി.ഐ മന്ത്രിമാരെ 18ന് ചേരുന്ന പാർട്ടി സംസ്ഥാന എക്‌സിക്യുട്ടീവ് തീരുമാനിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ഭാഗമായി ടി.വിസ്മാരകത്തിൽ നടന്ന ആഘോഷ ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. സി.പി.ഐ മന്ത്രിമാരുടെ കാര്യത്തിൽ വീഴ്ചയുടേയോ താഴ്ചയുടേയോ പ്രശ്‌നമില്ല. ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്, ബി.കെ.എം യു ജില്ലാ സെക്രട്ടറി ആർ.അനിൽകുമാർ, സി.പി.ഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ബി.നസീർ തുടങ്ങിയവർ പങ്കെടുത്തു.