പുതുച്ചേരിയിൽ എൻ.രംഗസ്വാമി അധികാരമേറ്റു

Saturday 08 May 2021 12:52 AM IST

പുതുച്ചേരി: കർണാടകയ്ക്ക് ശേഷം ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ എൻ.ഡി.എ സർക്കാർ പുതുച്ചേരിയിൽ അധികാരമേറ്റു. മുഖ്യമന്ത്രിയായി എൻ.ആർ.കോൺഗ്രസ് നേതാവ് എൻ. രംഗസ്വാമി സത്യപ്രതിജ്ഞ ചെയ്തു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് രാജ്ഭവനിൽ നടന്ന ലളിതമായ ചടങ്ങിൽ ലഫ്. ഗവർണർ തമിഴിസൈ സൗന്ദരരാജൻ സത്യവാചകം ചൊല്ലിക്കൊടുത്തു.

71കാരനായ എൻ. രംഗസ്വാമി പുതുച്ചേരി മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നത് നാലാം തവണയാണ്. മന്ത്രിസഭയിലെ മറ്റ് അംഗങ്ങൾ പിന്നീട് സത്യപ്രതിജ്ഞ ചെയ്യും. തിരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാരും മുതിർന്ന നേതാക്കളും ഉന്നത സർക്കാർ ഉദ്യോഗസ്ഥരും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന എ.നമശിവായം ഉപമുഖ്യമന്ത്രിയായി സ്ഥാനമേൽക്കുമെന്നാണ് സൂചന.

മൂന്നു മാസമായി മുടങ്ങി കിടക്കുന്ന റേഷൻ വിതരണം പുനഃസ്ഥാപിക്കാനും, മുതിർന്ന പൗരന്മാർക്കും വിധവകൾക്കുമുള്ള പെൻഷൻ വിതരണം ചെയ്യാനും അധികാരമേറ്റെടുത്ത ഉടൻ രംഗസ്വാമി തീരുമാനിച്ചു.

Advertisement
Advertisement