വംശനാശ ഭീഷണി നേരിടുന്ന കുളവെട്ടിക്ക് എളവള്ളിയുടെ കൈത്താങ്ങ്

Saturday 08 May 2021 1:48 AM IST

പാവറട്ടി : വംശനാശ ഭീഷണി നേരിടുന്ന സൈസീജിയം ട്രാവൻ കോറിക്കം എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന കുളവെട്ടി മരങ്ങളെ സംരക്ഷിക്കുന്നതിനായി എളവള്ളി പഞ്ചായത്ത് തുടങ്ങിയ പദ്ധതി വൻ വിജയമായി. പഞ്ചായത്തിലെ കണിയാം തുരുത്തിലെ വാതക ശ്മശ്‌നാ ത്തിൽ നട്ട കുളവെട്ടി മരങ്ങൾ ഒരു വർഷം കൊണ്ട് മികച്ച വളർച്ചയാണ് ഉണ്ടായത്.

മരത്തിന്റെ അടിയിൽ ഒരു കുളത്തിന്റെ അളവ് വെള്ളം സംഭരിക്കുന്നതിനാലാണ് ഇവയെ കുളവെട്ടി എന്ന് വിളിക്കുന്നത്. കുളവെട്ടി മരങ്ങളുടെ തൈകളെ ഉത്പാദിപ്പിക്കുക എന്നതായിരുന്നു ഈ പദ്ധതിയുടെ ഏറ്റവും വലിയ വെല്ലുവിളി. ഏപ്രിൽ,​ മേയ് മാസങ്ങളിലാണ് കുളവെട്ടികൾ പൂക്കൂന്നത്. ഇവയുടെ വിത്തുകൾ ശേഖരിച്ച് ചതുപ്പുള്ള മണ്ണിൽ മുളപ്പിച്ചെടുത്താണ് തൈകൾ തയ്യാറാക്കുക. വളരെ കുറച്ച് വിത്തുകൾ മാത്രമാണ് മുളച്ച് തൈകൾ ഉണ്ടാവുക. തൈകൾ പരിചരണമിലെങ്കിൽ പെട്ടെന്ന് ഉണങ്ങി പോവുകയും ചെയ്യും. ഇത്തരം തൈകൾ മുളപ്പിച്ചെടുത്ത് നടാൻ പാകത്തിൽ വളർത്തി എടുത്തത് പഞ്ചായത്ത് അസി.സെക്രട്ടി ആൽഫ്രഡായിരുന്നു. ചകിരി കൊണ്ട് പുതയിട്ടും ശാസ്ത്രീയ പരിചരണം നൽകിയും തൈകളെ വളർത്തിയെടുത്തു. ഒരു വർഷം കൊണ്ട് ചില തൈകൾ ഏഴ് അടി വരെ വളർന്നു. ഇതിന്റെ തുടർ പദ്ധതി എന്നോണം മണിചാൽ പുഴയുടെ ബണ്ടിനോട് ചേർന്ന് ഇരുപതോളം കുളവെട്ടി തൈകൾ കൊവിഡ് പ്രതിസന്ധിക്കിടയിലും നട്ടുപിടിപ്പിച്ചു. കുളവെട്ടി മരങ്ങളെ വച്ച് പിടിപ്പിക്കാൻ സംസ്ഥാന തലത്തിൽ തന്നെ ആദ്യമായി പദ്ധതി അംഗീകാരം നേടിയ പഞ്ചായത്തും എളവള്ളിയാണ്.

ഇത്തരം തൈകളെ വച്ചു പിടിപ്പിക്കുന്നതിന് നടത്തിയ ഉദ്യമങ്ങളിൽ ഏറ്റവും മികച്ച വളർച്ചയാണ് എളവള്ളിയിൽ കാണുന്നത്. തൃശൂർ സെന്റ് തോമസ് കോളേജ് സസ്യശാസ്ത്ര വിഭാഗം അസി. പ്രൊഫസർ പി.വി. ആന്റോയുടെ സാങ്കേതിക ഉപദേശവും പദ്ധതിക്ക് ലഭിച്ചു. എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്‌സിന്റെ നേതൃത്വത്തിൽ ജൈവ വൈവിധ്യ പരിപാലനത്തിന് വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തു വരുന്നത്.