റിവേഴ്സ് ഗിയറിൽ സ്വകാര്യ ബസ് മേഖല

Saturday 08 May 2021 1:53 AM IST

തൃശൂർ: കൊവിഡിലും അതിന്റെ നിയന്ത്രണങ്ങളിലും തട്ടിത്തകരുകയാണ് സ്വകാര്യ ബസ് മേഖലയിലുള്ളവരുടെ സ്വപ്‌നങ്ങൾ. ഇടയ്ക്കിടെയുണ്ടാകുന്ന ഇന്ധന വിലവർദ്ധനവും സ്വകാര്യ ബസ് വ്യവസായത്തിന്റെ നടുവൊടിക്കുന്നു.

കൊവിഡിന്റെ ആദ്യ വരവിനൊപ്പമുണ്ടായ ലോക് ഡൗണിന്റെ ക്ഷീണം നിലനിൽക്കുമ്പോഴാണ് വീണ്ടുമൊരു ലോക് ഡൗൺ. ആദ്യ ലോക് ഡൗൺ കഴിഞ്ഞിട്ടും നിരത്തിലിറങ്ങാതെ ജി ഫോം നൽകി കട്ടപ്പുറത്തേറുകയായിരുന്നു ജില്ലയിലെ ഭൂരിഭാഗം ബസുകളും. പിന്നെ അവയിൽ ഭൂരിഭാഗവും നിരത്ത് കണ്ടിട്ടില്ല.

ലോക്ക് ഡൗണിൽ ഇളവുകൾ വന്നപ്പോൾ കൂട്ടിയ ചാർജ്ജിൽ ചിലർ ഓട്ടം തുടങ്ങി. എന്നാൽ സർക്കാർ ചാർജ്ജ് കുറച്ചപ്പോൾ വീണ്ടും പ്രതിസന്ധിയിലായി. പൊതുഗതാഗതത്തെ ആശ്രയിക്കുന്നവരുടെ എണ്ണം പകുതിയായതും പ്രതിസന്ധി സൃഷ്ടിക്കുന്നു.

കൊവിഡിന്റെ ഒന്നാം തരംഗത്തിൽ ഏറെക്കാലം കട്ടപ്പുറത്തായ ബസുകൾ നിരത്തിലിറങ്ങിയതോടെ വലിയ ആശ്വാസത്തിലായിരുന്നു തൊഴിലാളികൾ. എന്നാൽ രണ്ടാം തരംഗം പ്രതിസന്ധിയുടെ ആഴം വർദ്ധിപ്പിച്ചു. ചായക്കാശ് പോലും മിച്ചം വയ്ക്കാനാകാത്ത ദിവസങ്ങളിലൂടെയാണ് സ്വകാര്യ ബസ് തൊഴിലാളികൾ കടന്നുപോകുന്നത്. ഉടമകളും വലിയ പ്രതിസന്ധിയിലാണെന്ന് തൊഴിലാളികൾ പറയുന്നു. വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾക്കും എന്തിനേറെ ഡീസൽ നിറയ്ക്കാൻ പോലും പ്രയാസപ്പെടുന്ന സ്ഥിതിയാണെന്നും അവർ പറയുന്നു.

ഇനിയൊരു ലോക് ഡൗൺ താങ്ങാനുള്ള ശേഷിയില്ല സ്വകാര്യ ബസ് മേഖലയ്ക്ക്. ആദ്യ ലോക് ഡൗണിൽ കട്ടപ്പുറത്തേറിയ ബസുകളിൽ പകുതിയേ ഇപ്പോൾ നിരത്തിലുള്ളൂ. രണ്ടാം ലോക് ഡൗൺ കൂടി കഴിയുന്നതോടെ സർവീസ് നടത്തുന്ന ബസുകളുടെ എണ്ണം നാമമാത്രമാകും. കൊവിഡ് പൂർണമായും ഒഴിഞ്ഞ് ജനജീവിതം സാധാരണ നിലയിലേക്ക് മാറിയാൽ മാത്രമേ ബസ് സർവീസ് നഷ്ടമില്ലാതെ നടത്താൻ കഴിയുകയുള്ളൂവെന്ന് ബസുടമകൾ പറഞ്ഞു. അടിയന്തരമായി ആശ്വാസ നടപടികൾ പ്രഖ്യാപിച്ചില്ലെങ്കിൽ ലോക് ഡൗണിന് ശേഷവും ഉണരാനാകാത്ത സ്ഥിതിയിലാകും സ്വകാര്യ ബസ് മേഖല.

  • സ്വകാര്യ ബസുകളുടെ എണ്ണം1400 (ആദ്യലോക് ഡൗണിന് മുമ്പ്)
  • ഇപ്പോൾ നിരത്തിലിറങ്ങുന്നത് 700

ആദ്യ ലോക് ഡൗണിന്റെ ക്ഷീണത്തിൽ നിന്ന് മേഖല കരകയറിയിട്ടില്ല. കുറെയേറെപ്പേർ മേഖലയിൽ നിന്ന് കളമൊഴിഞ്ഞു. പലരും ഇപ്പോഴും സാമ്പത്തിക പരാധീനതകൾക്കിടയിലുമാണ്. ഇനിയൊരു ലോക് ഡൗൺ കൂടി താങ്ങാനുള്ള ശേഷി മേഖലയ്ക്കില്ല. രണ്ടാം ലോക് ഡൗൺ കഴിഞ്ഞാൽ എത്ര ബസുകൾ നിരത്തിലിറങ്ങുമെന്ന് കണ്ട് തന്നെ അറിയണം. എല്ലാ നികുതികളും സർക്കാർ വേണ്ടെന്ന് വയ്ക്കുകയും ബസുകൾ നിരത്തിലിറക്കാൻ സാദ്ധ്യമായ സാമ്പത്തിക സഹായം സർക്കാർ തലത്തിൽ ചെയ്തുതരികയും വേണ്ടിവരും.


എം.എസ് പ്രേംകുമാർ

പ്രസിഡന്റ്, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോ.

Advertisement
Advertisement