മൂന്ന് ദിവസത്തിനിടെ 11,646 രോഗികൾ

Saturday 08 May 2021 2:13 AM IST

തിരുവനന്തപുരം: ജില്ലയിൽ കൊവിഡ് കുതിപ്പ് തുടരുന്നു. ഇന്നലെയും രോഗികളുടെ എണ്ണം നാലായിരത്തോട് അടുത്തു. 3,950 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 11,646 പേരാണ് രോഗബാധിതരായത്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പതിനായിരത്തിലധികം രോഗികളുണ്ടാകുന്നത് ചികിത്സാ സംവിധാനങ്ങളെയും പ്രതിരോധപ്രവർത്തനങ്ങളെയും ബാധിക്കുമെന്നാണ് ആശങ്ക.

രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണത്തിലും വർദ്ധനയുണ്ട്. 34,318 പേരാണ് ജില്ലയിലെ ആകെ രോഗബാധിതർ. നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 86,948 ആയി ഉയർന്നു. ഇന്നലെ 25.5 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 3,657 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതിൽ അഞ്ചുപേർ ആരോഗ്യ പ്രവർത്തകരാണ്. 2,363 പേർ രോഗമുക്തി നേടിയിട്ടുണ്ട്. പുതുതായി 6,924 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 3,314 പേർ നിരീക്ഷണകാലം പൂർത്തിയാക്കി.

 കൊവിഡ് ഇന്നലെ

രോഗികൾ - 3,950

സമ്പർക്ക രോഗികൾ - 3,657

രോഗമുക്തി - 2,363

ആകെ രോഗികൾ - 34,318

നിരീക്ഷണത്തിലുള്ളവർ - 86,948

 മൂന്ന് സി.എഫ്.എൽ.ടി.സികൾ കൂടി

തിരുവനന്തപുരം: കൊവിഡ് രോഗികളെ പാർപ്പിക്കുന്നതിനായി ജില്ലയിൽ മൂന്ന് സി.എഫ്.എൽ.ടി.സികളും ഒരു ഡൊമിസിലിയറി കെയർ സെന്ററും (ഡി.സി.സി) പുതുതായി ഏറ്റെടുത്തു. രണ്ടു സി.എഫ്.എൽ.ടി.സികൾ നെടുമങ്ങാട് താലൂക്കിലും ഒരെണ്ണം തിരുവനന്തപുരം താലൂക്കിലുമാണ്. 310 പേർക്കുള്ള കിടക്കകൾ ഇവിടെയുണ്ടാകും. കാട്ടാക്കട അമ്പൂരിയിലാണ് പുതുതായി ഏറ്റെടുത്ത ഡി.സി.സി. 50 കിടക്കകളാണ് ഇവിടെയുള്ളത്.

 ഹെല്പ് ഡെസ്‌ക് ആരംഭിച്ചു

തിരുവനന്തപുരം: വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിലെ ജനങ്ങൾക്കും ആരോഗ്യപ്രവർത്തകർക്കുമായി ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിൽ ഹെല്പ് ഡെസ്‌ക് ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ആശുപത്രികളിലെ കൊവിഡ് ടെസ്റ്റിംഗ്, വാക്‌സിനേഷൻ, ആംബുലൻസ് സേവനം എന്നിവ സംബന്ധിച്ച ആവശ്യങ്ങൾക്കും ആദിവാസി മേഖലകളിലെ വിവിധ ആവശ്യങ്ങൾക്കും ഹെല്പ് ഡെസ്‌കുമായി ബന്ധപ്പെടാം. ഫോൺ: 04722882040, 8281040512, 9447005761, 9495302103, 7012815223.