ചുവപ്പ് മങ്ങാതെ കൊല്ലം

Saturday 08 May 2021 2:59 AM IST

നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്താകെ വീശിയടിച്ച ഇടതു തരംഗത്തിൽ കൊല്ലവും ചുവന്നപ്പോൾ കോൺഗ്രസിനും ബി.ജെ.പിയ്ക്കും കയ്പേറിയ അനുഭവമാണ് സമ്മാനിച്ചത്. കൊല്ലത്തെ പാർട്ടിയായ ആർ.എസ്.പിയ്ക്കുണ്ടായ കനത്ത തിരിച്ചടിയാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഇപ്പോൾ ചർച്ചയാകുന്നത്.

നിലവിൽ 11 സീറ്റുകളും കൈവശം ഉണ്ടായിരുന്ന ഇടതുമുന്നണിക്ക് രണ്ട് സീറ്റുകൾ നഷ്ടപ്പെട്ടു. സംസ്ഥാനത്ത് വീണ്ടും മത്സരിച്ച എല്ലാ മന്ത്രിമാരും ഇടതു തരംഗത്തിൽ ജയിച്ചു കയറിയപ്പോൾ കുണ്ടറയിൽ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയുടെ പരാജയം കനത്ത ആഘാതമായി. 30 വർഷങ്ങൾക്ക് ശേഷം കൊല്ലത്തു നിന്ന് രണ്ട് കോൺഗ്രസുകാർ ജയിച്ചുവെന്നത് മാത്രമാണ് യു.ഡി.എഫിന് ആശ്വസിക്കാൻ വകയുള്ളത്.

കേരള രാഷ്ട്രീയത്തിൽ ഒട്ടേറെ ചരിത്രമുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ച ഇടതുപാർട്ടിയായ ആർ.എസ്.പി ക്ക് ഏറ്റ കനത്ത തിരിച്ചടിയാണിപ്പോൾ കൊല്ലത്ത് ചർച്ചയാകുന്നത്. ജില്ലയിൽ ചവറ, ഇരവിപുരം, കുന്നത്തൂർ സീറ്റുകളിലും ജില്ലയ്ക്ക് പുറത്ത് ആറ്റിങ്ങലും മട്ടന്നൂരിലുമാണ് ആർ.എസ്.പി മത്സരിച്ചത്. പാർട്ടിയുടെ ശക്തനായ നേതാവും മുൻ മന്ത്രിയുമായ ഷിബുബേബിജോൺ ചവറയിൽ വിജയിക്കുമെന്ന് പ്രീപോൾ, എക്സിറ്റ്പോൾ സർവെകളിലെല്ലാം പ്രവചിച്ചതാണെങ്കിലും ഫലം വന്നപ്പോൾ തിരിച്ചടിയായി. ചവറയിൽ സിറ്റിംഗ് എം.എൽ.എ ആയിരുന്ന അന്തരിച്ച എൻ.വിജയൻപിള്ളയുടെ മകൻ ഡോ.സുജിത് വിജയനോട് വെറും 1096 വോട്ടിനാണ് ഷിബു പരാജയപ്പെട്ടത്. അമിത വിശ്വാസവും എതിരാളിയുടെ ശക്തിയെ കുറച്ചു കണ്ടതുമാണ് ഷിബുവിന്റെ പരാജയത്തിന് കാരണമെന്നാണ് വിലയിരുത്തൽ. ഇരവിപുരത്ത് ബാബുദിവാകരൻ സിറ്റിംഗ് എം.എൽ.എ സി.പി.എമ്മിലെ എം.നൗഷാദിനോട് 28803 വോട്ടിനാണ് തോറ്റതെങ്കിൽ കുന്നത്തൂരിൽ ഉല്ലാസ് കോവൂർ സിറ്റിംഗ് എം.എൽ.എ ആയ കോവൂർ കുഞ്ഞുമോനോട് 2790 വോട്ടിനാണ് പരാജയമടഞ്ഞത്.

2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് ആർ.എസ്.പി ഇടതുമുന്നണി വിട്ടത്. അന്ന് കൊല്ലത്ത് ഇടതുമുന്നണിയിലെ എം.എ ബേബിയ്ക്കെതിരെ എൻ.കെ പ്രേമചന്ദ്രനെ സ്ഥാനാർത്ഥിയാക്കിയാണ് ആർ.എസ്.പി ഇടതുമുന്നണിയെ ഞെട്ടിച്ചത്. യു.ഡി.എഫ് പിന്തുണയിൽ ജയിച്ചു കയറിയ പ്രേമചന്ദ്രൻ 2019 ലും വൻ ഭൂരിപക്ഷത്തിൽ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ സംസ്ഥാനത്ത് നടന്ന മറ്റെല്ലാ തിരഞ്ഞെടുപ്പുകളിലും ആർ.എസ്.പിക്ക് നഷ്ടക്കച്ചവടമാണുണ്ടായത്. 2016 ലെ അസംബ്ളി തിരഞ്ഞെടുപ്പിലും ആർ.എസ്.പിക്ക് സീറ്റൊന്നും ലഭിച്ചിരുന്നില്ല. ഇക്കുറി അതാവർത്തിക്കുകയും ചെയ്തു.

മേഴ്സിക്കുട്ടിയമ്മയുടെ

പരാജയം

ജില്ലയിൽ 9 സീറ്റുകളിലും ഇടതുമുന്നണി സ്ഥാനാർത്ഥികൾ ജയിച്ചുകയറിയപ്പോൾ കുണ്ടറയിൽ മത്സരിച്ച മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ പരാജയം സി.പി.എമ്മിൽ തന്നെ ചർച്ചയായിട്ടുണ്ട്. കോൺഗ്രസിലെ പി.സി വിഷ്ണുനാഥാണ് 4454 വോട്ടിന് മേഴ്സിക്കുട്ടിയമ്മയെ തോൽപ്പിച്ചത്. ബി.ജെ.പിയുമായി നടത്തിയ വോട്ട് കച്ചവടത്തിലൂടെയാണ് കുണ്ടറയിൽ കോൺഗ്രസ് ജയിച്ചതെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ആരോപിച്ചിരുന്നു. തോൽവിയെക്കുറിച്ച് പാർട്ടി അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. കുണ്ടറയിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിക്ക് ലഭിച്ച വോട്ടുകളിൽ ഇക്കുറി വൻ ചോർച്ചയുണ്ടായെന്നത് വാസ്തവമാണ്. എന്നാൽ 2016 ൽ മേഴ്സിക്കുട്ടിയമ്മയ്ക്ക് ലഭിച്ചത് 79047 വോട്ടായിരുന്നുവെങ്കിൽ ഇക്കുറി വോട്ടർമാർ കൂടിയിട്ടും 71887 ആയി കുറഞ്ഞു. അന്ന് ബി.ജെ.പിയിലെ എം.എസ് ശ്യാംകുമാറിന് 20257 വോട്ടുകൾ ലഭിച്ചിരുന്നു. ഇക്കുറി ബി.ഡി.ജെ.എസിലെ വനജ വിദ്യാധരന് ലഭിച്ചത് വെറും 6097 വോട്ടാണ്. എൻ.ഡി.എയിൽ നിന്ന് കാര്യമായ വോട്ട് ചോർച്ചയുണ്ടായെങ്കിലും മേഴ്സിക്കുട്ടിക്ക് 2016 ലേതിനെക്കാൾ വോട്ട് കുറഞ്ഞതിന്റെ കാരണങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയടക്കം മൗനം പാലിക്കുകയാണ്. അതിനാൽ പിണറായി വിജയൻ പറഞ്ഞ വോട്ട് കച്ചവടം ഇവിടെ അപ്രസക്തമാണെന്ന് പറയേണ്ടിവരും. വിവാദമായ ആഴക്കടൽ മത്സ്യബന്ധനക്കരാറാണ് ഫിഷറീസ് മന്ത്രിയായിരുന്ന മേഴ്സിക്കുട്ടിയമ്മയ്ക്ക് വിനയായതെന്ന വിലയിരുത്തലുണ്ടെങ്കിലും ഇത് ഏറെ പ്രതിഫലിയ്ക്കേണ്ട കൊല്ലത്തെ തീരദേശ മണ്ഡലങ്ങളിൽ ഇടതുമുന്നണി സ്ഥാനാർത്ഥികളെല്ലാം ജയിക്കുകയും ചെയ്തു. കുണ്ടറയിൽ ബി.ഡി.ജെ.എസിന് സീറ്റ് നൽകിയതിൽ പ്രാദേശിക ബി.ജെ.പി നേതൃത്വത്തിന് ശക്തമായ എതിർപ്പുണ്ടായിരുന്നു. കൂടാതെ നായർ സമുദായ വോട്ടുകൾ വിഷ്ണുനാഥിന് കൂടുതലായി ലഭിച്ചതും മേഴ്സിക്കുട്ടിയമ്മയുടെ പരാജയം ഉറപ്പാക്കി. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി കഴിഞ്ഞദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞത് മേഴ്സിക്കുട്ടിയമ്മയുടെ അഹങ്കാരത്തിനും ധാർഷ്ട്യത്തിനും ഏറ്റ തിരിച്ചടിയെന്നാണ്. അതേതാണ്ട് ശരിവയ്ക്കുന്ന തരത്തിലാണ് ജില്ലയിലെ സി.പി.എം നേതാക്കളുടെയും വിലയിരുത്തൽ.

യു.ഡി.എഫ് പ്രതീക്ഷിച്ചത്

അഞ്ച് സീറ്റുകൾ

ജില്ലയിൽ അഞ്ചു സീറ്റുകളിൽ വിജയം പ്രതീക്ഷിച്ച യു.ഡി.എഫിന് ലഭിച്ചത് വെറും രണ്ട് സീറ്റുകൾ മാത്രം. കരുനാഗപ്പള്ളിയിൽ സി.ആർ മഹേഷ് 29208 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചപ്പോൾ കുണ്ടറയിൽ പി.സി വിഷ്ണുനാഥ് 4454 വോട്ടിനും വിജയിച്ചു. അതേസമയം കൊല്ലം, ചവറ, കുന്നത്തൂർ സീറ്റുകളിൽ വളരെ ചെറിയ ഭൂരിപക്ഷത്തിലാണ് സീറ്റ് കൈവിട്ടത്. കൊല്ലത്ത് ബിന്ദുകൃഷ്ണ നടൻ എം മുകേഷിനോട് തോറ്റത് 2072 വോട്ടിനാണ്. കൊല്ലത്തെ സി.പി.എം അണികളോ മുകേഷോ പ്രതീക്ഷിക്കാത്ത വിജയമാണിത്. 2016 ൽ മുകേഷ് ജയിച്ചത് 17611 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. ചവറയിൽ ഷിബുബേബിജോൺ 1096 വോട്ടിനും കുന്നത്തൂരിൽ ആർ.എസ്.പിയിലെ ഉല്ലാസ് കോവൂർ കോവൂർ കുഞ്ഞുമോനോട് 2790 വോട്ടിനുമാണ് തോറ്റത്.

ബി.ജെ.പിക്ക് വോട്ട് കിട്ടിയത്

ചാത്തന്നൂരിൽ മാത്രം

ഏറെ പ്രതീക്ഷയോടെ കളത്തിലിറങ്ങിയ ബി.ജെ.പിക്ക് ചാത്തന്നൂരിലെ രണ്ടാംസ്ഥാനം മാത്രമാണ് എടുത്തുപറയാനുള്ളത്. ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി ഗോപകുമാർ സി.പി.ഐയിലെ ജി.എസ് ജയലാലിനോട് 17026 വോട്ടിന്റെ വ്യത്യാസത്തിലാണ് പരാജയപ്പെട്ടത്. സംസ്ഥാനത്ത് ബി.ജെ.പി വിജയ പ്രതീക്ഷ പുലർത്തിയ മണ്ഡലങ്ങളിലൊന്നായിരുന്നു ചാത്തന്നൂർ. ചാത്തന്നൂരിൽ 2016 ലെതിനെക്കാൾ നില മെച്ചപ്പെടുത്തിയെന്നത് മാത്രമാണ് ബി.ജെ.പിക്ക് ആശ്വസിക്കാൻ വകയുള്ളത്. 2016 ൽ 33199 വോട്ട് നേടിയ ബി.ബി ഗോപകുമാർ ഇക്കുറി 42090 വോട്ട് നേടി. അതുപോലെ ജി.എസ് ജയലാലിന് 2016 ൽ ലഭിച്ച 34407 വോട്ടിന്റെ ഭൂരിപക്ഷം ഇക്കുറി 17206 ആയി ഇടിയുകയും ചെയ്തു. ചടയമംഗലം ഒഴികെ മറ്റു ഒൻപത് മണ്ഡലങ്ങളിലും ബി.ജെ.പിയ്‌ക്കും സഖ്യകക്ഷിയായ ബി.ഡി.ജെ.എസിനും വോട്ടുകൾ കുറയുകയും ചെയ്തു.

ഉയർന്ന ഭൂരിപക്ഷം

പി.എസ് സുപാലിന്

ജില്ലയിൽ ഏറ്റവും മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ചത് പുനലൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.പി.ഐയിലെ പി.എസ് സുപാലാണ്. മുസ്ലിം ലീഗിലെ അബ്ദുൽ റഹ്മാൻ രണ്ടത്താണിയെ 37007 വോട്ടിനാണ് സി.പി.ഐയിലെ തീപ്പൊരി നേതാവായ സുപാൽ പരാജയപ്പെടുത്തിയത്. 43423 വോട്ടാണ് രണ്ടത്താണിക്ക് ലഭിച്ചത്. ചടയമംഗലത്ത് ജെ.ചിഞ്ചുറാണിയും ചാത്തന്നൂരിൽ ജി.എസ് ജയലാലുമാണ് സി.പി.ഐയിൽ നിന്ന് വിജയിച്ച മറ്റു രണ്ടുപേർ. ജില്ലയിൽ സി.പി.ഐയിൽ നിന്ന് മന്ത്രിയാകാൻ സാദ്ധ്യത കല്‌പിക്കുന്നത് പി.എസ് സുപാലിനാണ്.

Advertisement
Advertisement