ചൈനയുടെ കൊവിഡ് വാക്സിന് അംഗീകാരം; അടിയന്തര ഉപയോഗത്തിന് ലോകാരോഗ്യ സംഘടന അനുമതി നൽകി

Saturday 08 May 2021 7:22 AM IST

ജനീവ: ചൈനയുടെ കൊവിഡ് വാക്‌സിനായ സിനോഫാമിന്റെ അടിയന്തര ഉപയോഗത്തിന് ഉപാധികളോടെ ലോകാരോഗ്യ സംഘടന (ഡബ്ല്യു എച്ച് ഒ) അനുമതി നൽകി. ലോകാരോഗ്യ സംഘടന അനുമതി നൽകുന്ന ആദ്യത്തെ ചൈനീസ് വാക്സിനാണിത്. 79.34 ശതമാനം ഫലപ്രാപ്തിയാണ് ഈ വാക്സിൻ അവകാശപ്പെടുന്നത്.

നിലവിൽ നാൽപത്തി രണ്ടോളം രാജ്യങ്ങളിൽ സിനോഫാം ഉപയോഗിക്കുന്നുണ്ട്.ചൈനയില്‍ ഉള്‍പ്പടെ 6.5 കോടി ഡോസുകള്‍ ഇതുവരെ വിതരണം ചെയ്തതായാണ് കണക്ക്. ബീജിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ബയോളജിക്കല്‍ പ്രൊഡക്റ്റ്സാണ് സിനോഫാം വാക്സിന്‍ വികസിപ്പിച്ചത്. 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് രണ്ടുഡോസ് വീതം സ്വീകരിക്കാം.

അതേസമയം സിനോഫാമിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ചോ, പരീക്ഷണ ഫലങ്ങളെക്കുറിച്ചോ ഉള്ള വിവരങ്ങള്‍ ചൈന പുറത്തുവിട്ടിട്ടില്ല. ചൈയുടെ തന്നെ സിനോവാക്കിനും ഉടൻ ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിച്ചേക്കും. റഷ്യയുടെ സ്പുട്‌നിക് വാക്‌സിൻ ഡബ്ല്യൂഎച്ചഒയുടെ അനുമതി കാത്തിരിക്കുകയാണ്. ഫൈസര്‍, ആസ്ട്രസെനെക്ക , ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ തുടങ്ങിയ വാക്‌സിനുകള്‍ക്ക് ലോകാരോഗ്യ സംഘടന നേരത്തെ അനുമതി നൽകിയിരുന്നു.