രാജ്യത്ത് വീണ്ടും സിംഹങ്ങളിൽ കൊവിഡ് രോഗം കണ്ടെത്തി; പ്രത്യേക നിരീക്ഷണത്തിലാക്കിയതായി അധികൃതർ

Saturday 08 May 2021 1:15 PM IST

ഇറ്റാവാ: കൊവിഡ് രോഗം രാജ്യത്ത് മനുഷ്യർക്ക് മാത്രമല്ല വന്യജീവികൾക്കും ഭീഷണിയാകുന്നുവെന്ന വാർത്തയാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഉത്തർപ്രദേശിലെ ഇറ്റാവായിലുള‌ള വൈൽഡ്‌ലൈഫ് സഫാരി പാർക്കിലെ രണ്ട് പെൺ സിംഹങ്ങൾക്കാണ് പരിശോധനയിൽ കൊവിഡ് പോസി‌റ്റീവാണെന്ന് കണ്ടെത്തിയത്.

രോഗബാധ കണ്ടെത്തിയതോടെ ഇവയെ പ്രത്യേകം നിരീക്ഷണത്തിലാക്കിയതായി പാർക്ക് ഡയറക്‌ടർ അറിയിച്ചു. മൂന്നും ഒൻപതും വയസുള‌ള രണ്ട് പെൺ സിംഹങ്ങൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പാർക്കിലെ 14 സിംഹങ്ങളുടെ സാമ്പിളുകൾ ശേഖരിച്ച് ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്‌റ്റി‌റ്റ്യൂട്ട് പഠനം നടത്തി. ഈ പഠനത്തിലാണ് രണ്ട് സിംഹങ്ങൾക്ക് രോഗമുണ്ടെന്ന് കണ്ടത്.

പാർക്കിലെ ജീവനക്കാർക്ക് ഇവയിൽ നിന്ന് രോഗമുണ്ടാകാതിരിക്കാൻ പ്രത്യേകം നടപടിയെടുത്തിട്ടുണ്ട്. മുൻപ് ഹൈദരാബാദിലെ നെഹ്രു സുവോളജിക്കൽ പാർക്കിലെ എട്ടോളം സിംഹങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവയെല്ലാം വംശനാശ ഭീഷണി നേരിടുന്ന ഏഷ്യൻ സിംഹങ്ങളിൽ പെടുന്നവയാണ്.