ഡൽഹിയിൽ ശേഷിക്കുന്നത് ആറു ദിവസത്തേക്കുളള വാക്സിൻ, മൊത്തം വേണ്ടത് മൂന്നു കോടി ഡോസ് ; വാക്സിൻ വിതരണം വർദ്ധിപ്പിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ട് കേജ്രിവാൾ

Saturday 08 May 2021 3:56 PM IST

ന്യൂഡൽഹി: വാക്സിൻ വിതരണം വർദ്ധിപ്പിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. രാജ്യതലസ്ഥാനത്തെ മുഴുവൻ ജനങ്ങളെയും കുത്തിവയ്ക്കാൻ മൂന്നു കോടി ഡോസ് വാക്സിൻ ആവശ്യമാണ്. മൂന്ന് മാസത്തിനുളളിൽ ഡൽഹിയിൽ എല്ലാവരേയും കുത്തിവയ്ക്കുന്നതിനായി ഓരോ മാസവും 80-85 ലക്ഷം ഡോസ് വാക്സിൻ ആവശ്യമാണെന്നും കേജ്രിവാൾ പറഞ്ഞു.

ആവശ്യമായ വാക്സിൻ ഡോസ് വാക്സിൻ ലഭിക്കുകയാണെങ്കിൽ, മൂന്നു മാസത്തിനുള്ളിൽ വാക്സിനേഷൻ പൂർത്തിയാക്കാൻ കഴിയും. 18 വയസ്സിന് മുകളിലുള്ള 1.5 കോടി ആളുകൾ ഡൽഹിയിൽ ഉണ്ട്, അതിനാൽ മൂന്ന് കോടി ഡോസുകൾ ആവശ്യമാണ്. ഇതിൽ 40 ലക്ഷം ഡോസുകൾ മാത്രമാണ് ഡൽഹി സർക്കാരിന് ലഭിച്ചത്. ഇനി 2.6 കോടി ഡോസുകൾ കൂടി ആവശ്യമാണെന്നും കേജ്രിവാൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 250-300 സ്കൂളുകളെ വാക്സിനേഷൻ കേന്ദ്രങ്ങളായി ഡൽഹി സർക്കാർ ഉപയോഗിക്കും. ജനങ്ങൾക്ക് പ്രതിദിനം ഒരു ലക്ഷം കൊവിഡ് വാക്സിൻ കുത്തിവയ്പ്പ് നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗാസിയാബാദിൽ നിന്നും നോയിഡയിൽ നിന്നുമുളള ആളുകൾ വാക്സിനേഷനായി ഡൽഹിയിലേക്ക് വരുന്നുണ്ട്. പ്രതിമാസം 80-85 ലക്ഷം ഡോസ് വാക്സിൻ നൽകിയാൽ മൂന്നു മാസത്തിമുളളിൽ വാക്സിനേഷൻ പൂർത്തിയാക്കാം. അതിനായി മൂന്നു ലക്ഷം പേർക്ക് ദിനംപ്രതി വാക്സിനേഷൻ നൽകേണ്ടതുണ്ട്. കുട്ടികൾക്ക് ഇപ്പോൾ പ്രതിരോധ കുത്തിവയ്പ് നൽകാൻ കഴിയാത്തതിൽ ആശങ്കയുണ്ട്. എത്രയും വേഗം കുട്ടികൾക്ക് വാക്സിനുകൾ കൊണ്ടുവരണമെന്ന് വിദഗ്ദ്ധരോടും കേന്ദ്രസർക്കാരിനോടും അഭ്യർത്ഥിക്കുന്നു. 5-6 ദിവസത്തേക്കുളള വാക്സിൻ മാത്രമാണ് സംസ്ഥാനത്ത് ശേഷിക്കുന്നത്. വാക്സിനേഷൻ ​വേ​ഗത്തിൽ നടക്കുകയാണെന്നും കേജ്രിവാൾ പറഞ്ഞു.

Advertisement
Advertisement