'ചൊവ്വയിലെ ചിറകടി ശബ്‌ദം'; ചുവന്ന ഗ്രഹത്തിലെ പുതിയ വീഡിയോയുമായി നാസ

Saturday 08 May 2021 5:16 PM IST

വാഷിംഗ്‌ടൺ: ചൊവ്വ പര്യവേഷണ ഉപഗ്രഹമായ 'പെർസിവറൻസി'ൽ നിന്നുള‌ള പുതിയ വീഡിയോ ലഭിച്ചതായി വെളിപ്പെടുത്തി നാസ. പെർസിവറൻസിനൊപ്പം ഉള‌ള ചെറു ഹെലികോപ്‌റ്ററായ 'ഇൻ‌ജെനുവി‌റ്റി' പറക്കുന്നതിന്റെ ചെറു ശബ്ദം കേൾക്കുന്ന വീഡിയോയാണ് പെർസിവറൻസ് അയച്ചുതന്നിരിക്കുന്നത്.

ഏപ്രിൽ 30ന് ശേഷം ഇത് നാലാം തവണയാണ് ഇൻജെനുവി‌റ്റി ചൊവ്വ ഉപരിതലത്തിൽ പറക്കുന്നത്. ഇത്തവണ ചിറകടി ശബ്‌ദം കൂടി കേൾക്കാവുന്ന ഓഡിയോ ട്രാക്കും ഭൂമിയിലേക്ക് അയച്ചുതന്നു. ചൊവ്വ ഉപരിതലത്തിലെ ജെസെറോ എന്ന അഗ്നിപ‌ർവത മുഖത്തുകൂടിയായിരുന്നു ഇൻജെനുവി‌റ്റി ഹെലികോപ്‌റ്റർ പറന്നത്.

ചൊവ്വാ പര്യവേഷണത്തിനായി ഫെബ്രുവരി മാസത്തിലാണ് പെർസിവറൻസ് ചുവന്ന ഗ്രഹത്തിൽ വന്നിറങ്ങിയത്. ഭൗമാന്തരീക്ഷത്തെക്കാൾ ഒരു ശതമാനം സാന്ദ്രത കുറഞ്ഞ അന്തരീക്ഷമാണ് ചൊവ്വയിലേത്. അതുകൊണ്ട് തന്നെ ശബ്ദം കുറയും. ശബ്‌ദം പിടിച്ചെടുത്തത് അപ്രതീക്ഷിതമാണെന്നും സന്തോഷമുണ്ടെന്നും ഫ്രാൻസിലെ ഗ്രഹ ഗവേഷകനായ ഡേവിഡ് മൈമൂൺ അഭിപ്രായപ്പെട്ടു. പുതിയ കണ്ടെത്തലുകൾ ചൊവ്വ ഉപരിതലത്തെ കുറിച്ച് പഠിക്കുന്നതിനുള‌ള ശ്രമങ്ങളിൽ വലിയ വഴിത്തിരിവാകുമെന്നാണ് ബഹിരാകാശ ഗവേഷകർ കണക്കുകൂട്ടുന്നത്.

ഭൂമിയിൽ ശബ്ദം സഞ്ചരിക്കുന്ന വേഗം മണിക്കൂറിൽ 760 മൈലാണ്. എന്നാൽ ചൊവ്വയിൽ ഇത് 540 മൈലാണ്. അതിനാൽ താഴ്‌ന്ന ആവൃത്തിയിലുള‌ള ശബ്‌ദം മാത്രമേ ചൊവ്വയിൽ ഏറെ ദൂരം സഞ്ചരിക്കൂ. ഇവിടെ അന്തരീക്ഷത്തിൽ 96 ശതമാനവും കാർബൺ ഡയോക്‌സൈഡാണ്.

Advertisement
Advertisement