മണർകാട് 300 ബെഡുകളുമായി ജില്ലാ പഞ്ചായത്തിന്റെ സി.എഫ്.എൽ.‌ടി.സി

Sunday 09 May 2021 12:48 AM IST

കോട്ടയം : കൊവിഡ് രണ്ടാംഘട്ട വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെ മണർകാട് പള്ളിയുടെ ഹാളിൽ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സി.എഫ്.എൽ.ടി.സി പ്രവർത്തനം ആരംഭിച്ചു. 300 ബെഡുകളും അനുബന്ധ സൗകര്യങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി ഉദ്ഘാടനം ചെയ്‌തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്.ശരത് അദ്ധ്യക്ഷത വഹിച്ചു. ഡോ. റെക്‌സിനാണ് സി.എഫ്.എൽ.ടി.സി യുടെ ചുമതല. ഓക്‌സിജൻ പാർലറും ഇതിനോടനുബന്ധിച്ച് പ്രവർത്തിക്കുന്നുണ്ട്. ഗുരുതര പ്രശ്നമുള്ള രോഗികളെ ആശുപത്രിയിലേയ്ക്ക് മാറ്റാനുള്ള ആംബുലൻസ് സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് ഫണ്ടിൽപ്പെടുത്തി 80 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. ഒരു കോടി രൂപ ജില്ലാ പഞ്ചായത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്‌ക്ക് സംഭാവനയായി നൽകി.