ഒരു രോഗിക്കും സേവനങ്ങൾ നിഷേധിക്കപ്പെടില്ല; കൊവിഡ് ആരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിക്കുന്നതിനുളള ദേശീയ നയം പരിഷ്‌കരിച്ച് കേന്ദ്രസർക്കാർ

Saturday 08 May 2021 6:03 PM IST

ന്യൂഡൽഹി: കൊവിഡ് രോ​ഗികളെ കൊവിഡ് ആരോഗ്യ സൗകര്യങ്ങളിലേക്ക് (Covid health facilities) പ്രവേശിപ്പിക്കുന്നതിനുളള ദേശീയ നയം കേന്ദ്ര ആരോഗ്യമന്ത്രാലയം പരിഷ്‌കരിച്ചു. കൊവിഡ് ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുന്നതിന് കൊവിഡ് പോസിറ്റീവ് റിപ്പോർട്ടിന്റെ ആവശ്യകത സർക്കാർ ഒഴിവാക്കി. പുതുക്കിയ നിയമം അനുസരിച്ച് ഒരു രോഗിക്കും ആരോഗ്യ കേന്ദ്രത്തിൽ സേവനങ്ങൾ നിഷേധിക്കപ്പെടില്ല. കൊവിഡ് ബാധിച്ചവർക്ക് ഉടനടി ഫലപ്രദവും സമഗ്രവുമായ ചികിത്സ ഉറപ്പാക്കാനാണ് പുതിയ നടപടികൾ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

രോ​ഗി മറ്റൊരു ന​ഗരത്തിലാണെങ്കിലും ഓക്സിജൻ, അവശ്യ മരുന്നുകൾ എന്നിവയ്ക്ക് അവർ അർഹരാണ്. വെെറസ് ബാധിതനെന്ന് സംശയിക്കപ്പെടുന്ന വ്യക്തിയെ കൊവിഡ് പോസിറ്റീവ് റിപ്പോർട്ട് ഇല്ലാതെതന്നെ സി.സി.സി (കൊവിഡ് കെയർ സെന്റർ), ഡി.സി.എച്ച്.സി (ഡെഡിക്കേറ്റ‍ഡ് കൊവിഡ് ഹെൽത്ത് സെന്റേർസ്), ഡി.സി.എച്ച് (ഡെഡിക്കേറ്റഡ് കൊവിഡ് ആശുപത്രികൾ) എന്നിവിടങ്ങളിലെ നിരീക്ഷണ വാർഡിൽ പ്രവേശിപ്പിക്കും. ആശുപത്രി സ്ഥിതിചെയ്യുന്ന നഗരത്തിൽ പെടാത്ത രോഗിക്ക് സാധുവായ തിരിച്ചറിയൽ കാർഡ് ഹാജരാക്കാൻ കഴിയാത്തതിന്റെ പേരിൽ പ്രവേശനം നിഷേധിക്കില്ല.

ആശുപത്രിയിൽ ആവശ്യകത അനുസരിച്ച് മാത്രമേ പ്രവേശനം നൽകാവൂ. ആശുപത്രിവാസം ആവശ്യമില്ലാത്ത രോഗികൾക്ക് കിടക്കകൾ അനുവദിച്ചിട്ടില്ലെന്ന് ഉറപ്പാക്കണം. കൂടാതെ, ഡിസ്ചാർജ് പുതുക്കിയ ഡിസ്ചാർജ് നയത്തിന് അനുസൃതമായിരിക്കണം. മേൽപ്പറഞ്ഞ നിർദ്ദേശങ്ങൾ മൂന്ന് ദിവസത്തിനുള്ളിൽ ഉൾപ്പെടുത്തി ആവശ്യമായ ഉത്തരവുകളും സർക്കുലറുകളും പുറപ്പെടുവിക്കാൻ ആരോഗ്യ മന്ത്രാലയം സംസ്ഥാന/ യു.ടി. ചീഫ് സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത് ഉചിതമായ ഏകീകൃത നയം മാറ്റിസ്ഥാപിക്കുന്നതുവരെ നടപ്പാക്കും.