ലോകത്തിലെ ഏറ്റവും വലിയ കാർഗോ വിമാനത്തിൽ ഇന്ത്യയ്ക്ക് സഹായമയച്ച് ബ്രിട്ടൻ

Sunday 09 May 2021 12:00 AM IST

ലണ്ടൻ: കൊവിഡ് പ്രതിസന്ധി രൂക്ഷമായ ഇന്ത്യയ്ക്ക് സഹായവുമായി ബ്രിട്ടനിൽ നിന്ന് ലോകത്തിലെ ഏറ്റവും വലിയ കാർഗോ വിമാനം 18 ടൺ ഓക്സിജൻ ഉത്പാദിപ്പിക്കുന്ന മൂന്ന് പ്ലാന്റുകളും 1000 വെന്റിലേറ്ററുകളുമായി യാത്രതിരിച്ചു. വടക്കൻ അയർലൻഡിലെ ബെൽഫാസ്റ്റിൽ നിന്ന് പുറപ്പെട്ട ആന്റോനോവ് 124 എന്ന കാർഗോ വിമാനം ഇന്ന് രാവിലെ ഡൽഹിയിൽ എത്തുമെന്നാണ് വിവരം.

ഫോറിൻ കോമൺവെൽത്ത് ആൻഡ് ഡവലപ്മെന്റ് ഓഫിസിന്റെ നേതൃത്വത്തിലാണ് അവശ്യവസ്തുക്കൾ കയറ്റി അയക്കുന്നത്. ഇന്ത്യൻ റെഡ് ക്രോസിന്റെ സഹായത്തോടെ വിവിധ ആശുപത്രികൾക്ക് ഇവ കൈമാറുമെന്നാണ് സൂചന.

മൂന്ന് ഓക്സിജൻ ജനറേറ്റർ യൂണിറ്റുകളിൽ ഓരോന്നും ഒരു മിനിറ്റിൽ 500 ലിറ്റർ ഓക്സിജൻ ഉത്പാദിപ്പിക്കുമെന്നാണ് കണക്ക്. ഇത് ഒരു സമയം 50 പേർക്ക് ഉപകാരപ്രദമാകും. ഓക്സിജൻ ജനറേറ്ററുകൾ ഇന്ത്യയിലെ ആവശ്യങ്ങൾക്ക് ബ്രിട്ടൻ അയയ്ക്കുന്നു. ഇന്ത്യയിലെ ആശുപത്രികൾക്ക് ഇത് സഹായകമാകും. ഈ മഹാമാരിയെ പിടിച്ചുകെട്ടാൻ ഇന്ത്യയും ബ്രിട്ടനും ഒരുമിച്ച് പ്രവർത്തിക്കും. നാമെല്ലാം സുരക്ഷിതരാകും വരെ ആരും സുരക്ഷിതരല്ല - ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു. കഴിഞ്ഞ മാസം 200 വെന്റിലേറ്ററുകളും 495 ഓക്സിജൻ കോൺസെൻട്രേറ്ററുകളും ബ്രിട്ടൻ ഇന്ത്യയിൽ എത്തിച്ചിരുന്നു.

Advertisement
Advertisement