റോഡ് തകരുമെന്ന് ആരോപിച്ച് റേഷൻ വിതരണ ലോറി തടയുന്നു : നാല് താലൂക്കുകളിലെ റേഷൻ വിതരണം അവതാളത്തിലേക്ക്

Saturday 08 May 2021 9:50 PM IST

  • തടഞ്ഞിട്ടത് 114 ലോഡ് മട്ട അരി
  • ഉപഭോക്താക്കൾക്ക് മേയിലെ അരി നഷ്ടമാകാനും സാദ്ധ്യത

തൃശൂർ : റോഡ് തകരുമെന്ന് ആരോപിച്ച് കാലടിയിൽ റേഷൻ ഭക്ഷ്യധാന്യങ്ങൾ കയറ്റി വരുന്ന ലോറികൾ തടഞ്ഞതോടെ കെട്ടിക്കിടക്കുന്നത് 114 ലോഡ് മട്ട അരി. ഇതോടെ ജില്ലയിലെ മൂന്ന് താലൂക്കുകളിൽ റേഷൻ വിതരണം അവതാളത്തിലേക്ക്.

തലപ്പിള്ളി, ചാവക്കാട്, കൊടുങ്ങല്ലൂർ താലൂക്കുകളിലേക്കുള്ളള്ള റേഷൻ കടകളിലേക്ക് വർഷങ്ങളായി കാലടിയിൽ പ്രവർത്തിക്കുന്ന മേരി മാതാ മില്ലിൽ നിന്നാണ് സി. എം. ആർ മട്ട ( കുത്തരി ) വിതരണം ചെയ്തിരുന്നത്. മേയ് മാസം 475 ലോഡ് അരിയാണ് ഇവിടങ്ങളിലേക്ക് അനുവദിച്ചിരുന്നത്.

മില്ലിലേക്കെത്താനുള്ള പാറപ്പുറം വടക്കുംഭാഗം റോഡ് തകരുമെന്ന് ആരോപിച്ചാണ് ലോറികൾ തടഞ്ഞിടുന്നത്. കാഞ്ഞൂർ പഞ്ചായത്താണ് ഈ റോഡ് നിർമ്മിച്ചിട്ടുള്ളത്. എന്നാൽ തിരഞ്ഞെടുപ്പിന് ആഴ്ചകൾക്ക് മുമ്പാണ് ഒരു വിഭാഗം ആളുകൾ വലിയ വാഹനം കടന്നു പോയാൽ റോഡ് തകരുമെന്ന ആരോപണവുമായി രംഗത്തെത്തിയത്. അതിനാൽ രാഷ്ട്രീയവും ഇതിന് പിന്നിലുണ്ടെന്നാണ് ഉയരുന്ന ആരോപണം. ഇതോടെ വിതരണം ഭാഗികമായി തടസപ്പെട്ടു. ഈ മാസം റേഷൻ കടകൾ വഴി വിതരണം ചെയ്യേണ്ട അരിയാണ് എത്തിക്കാനാകാത്തത്. 15 നുള്ളിൽ അരി ഏറ്റെടുത്തില്ലെങ്കിൽ ഉപഭോക്താക്കൾക്ക് അരി വിഹിതം നഷ്ടപ്പെട്ടേക്കും.

ഏതാനും ദിവസം മുമ്പ് ചാവക്കാട് താലൂക്കിലേക്ക് ഭക്ഷ്യ ധാന്യമെത്തിച്ചിരുന്ന ലോറിയിലെ ഡ്രൈവറെ മർദ്ദിച്ച സംഭവവുമുണ്ടായി. ഇത്‌ സംബന്ധിച്ച് താലൂക്ക് സപ്ലൈ ഓഫീസർ ജില്ലാ സപ്‌ളൈ ഓഫീസർക്ക് പരാതി നൽകിയിരുന്നു. സംഭവത്തിൽ തൃശൂർ ജില്ലാ കളക്ടറും ഇടപെട്ടിരുന്നു. ഭക്ഷ്യ ധാന്യം മില്ലിൽ നിന്ന് എടുക്കുന്നതിനാവശ്യമായ പൊലീസ് സംരക്ഷണം നൽകണമെന്ന് എറണാകുളം ജില്ലാ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ ലോറിയിൽ കയറ്റി എതിർപ്പ് കാരണം പുറത്ത് പോകാൻ സാധിക്കാതിരുന്ന 25 ലോഡുകൾ പൊലീസ് സംരക്ഷണയിൽ പുറത്ത് കടത്തി. ഇനിയും നിരവധി ലോഡുകൾ കയറ്റാൻ മില്ലിലുണ്ട്.

അടുത്ത മാസത്തേക്കുള്ള അരി 20 ന് ശേഷമാണ് വിതരണം ചെയ്യുക. കൊവിഡ് കാലത്ത് റേഷൻ വിതരണം മുടങ്ങുന്ന സ്ഥിതി വിശേഷം ഉണ്ടാകാതിരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് കരാറുകാർ ആവശ്യപെടുന്നത്.

Advertisement
Advertisement