കുഴൽപ്പണക്കവർച്ച: അന്വേഷണ സംഘത്തിൽ അഴിച്ചു പണി, റേഞ്ച് ഡി.ഐ.ജിക്ക് ചുമതല

Saturday 08 May 2021 9:59 PM IST

തൃശൂർ: കൊടകരയിൽ കുഴൽപ്പണം തട്ടിയെടുത്ത കേസിന്റെ അന്വേഷണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി അന്വേഷണ സംഘത്തിൽ അഴിച്ചു പണി. തൃശൂർ റേഞ്ച് ഡി.ഐ.ജി അക്ബറിന് അന്വേഷണച്ചുമതല നൽകി. മൂന്ന് ഡിവൈ. എസ്.പിമാരും ക്രൈംബ്രാഞ്ചിന്റെ ഒരു വിഭാഗവും അന്വേഷണ സംഘത്തിൽ ഉണ്ടാകും.

കാറും 25 ലക്ഷം രൂപയും കവർന്നുവെന്നായിരുന്നു പരാതി. 19 പേരെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, 47.5 ലക്ഷം കവർന്നതായി കണ്ടെത്തിയതോടെയാണ് അന്വേഷണം വിപുലമാക്കിയത്. ദേശീയപാർട്ടി തിരഞ്ഞെടുപ്പിന് രഹസ്യമായി ഉപയോഗിക്കാനായി കൊണ്ടുവന്ന 3.5 കോടിയാണ് കൊടകരയിൽ കവർച്ച ചെയ്യപ്പെട്ടതെന്ന് ആരോപണമുയർന്നിരുന്നു. പണവും പാർട്ടിയുമായുള്ള ബന്ധം സംബന്ധിച്ച കൂടുതൽ വിവരം അന്വേഷണത്തിൽ പുറത്തു വന്നില്ല. ഈ പശ്ചാത്തലം കൂടി കണക്കിലെടുത്താണ് അന്വേഷണ സംഘത്തെ അഴിച്ചുപണിതത്.

റൂറൽ എസ്.പി. ജി. പൂങ്കുഴലിയാണ് ഇതേ വരെ കേസ് അന്വേഷിച്ചത്. പരാതിക്കാരനായ കോഴിക്കോട്ടെ വ്യവസായി ധർമരാജന് ആർ.എസ്.എസ്. ബന്ധമുണ്ടെന്ന് പൊലീസ് വെളിപ്പെടുത്തിയിരുന്നു. പണം കർണാടകയിൽ നിന്നെത്തിയതാണെന്നും ധർമരാജന് പണം നൽകിയത് യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായകാണെന്നും വ്യക്തമാക്കിയിരുന്നു.

പ്രതികൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും പങ്കിട്ട തുക അവർ കേസ് ഭയന്ന് പൊലീസിന് കൈമാറിയതോടെ കോടികൾ കവർച്ച ചെയ്യപ്പെട്ടെന്നതും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

തിരികെ ലഭിച്ച തുക എത്രയെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. പണത്തിന് പുറമേ കവർച്ചയ്ക്കുപയോഗിച്ച മൂന്ന് കാറുകളും കണ്ടെടുത്തിരുന്നു. തിരഞ്ഞെടുപ്പിന് മൂന്ന് ദിവസം മുമ്പ് ഏപ്രിൽ മൂന്നിന് പുലർച്ചെ 4. 30നാണ് ദേശീയപാതയിൽ കൊടകരയിൽ വാഹനാപകടം സൃഷ്ടിച്ച് കാറും പണവും കവർന്നത്.