അയവില്ലാതെ അടച്ചിട്ട് കാസർകോടും

Saturday 08 May 2021 10:11 PM IST

കാസർകോട്: കൊവിഡ് രണ്ടാം തരംഗം ശക്തമാകുന്ന പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ കർശന നിയന്ത്രണത്തിന്റെ ഭാഗമായി കാസർകോട് ജില്ലയിലും ആളുകൾ അനാവശ്യമായി പുറത്തിറങ്ങുന്നത് കുറഞ്ഞു. ലോക്ക് ഡൗൺ പ്രഖ്യാപനത്തെ തുടർന്ന് പൊലീസ് ജില്ലയിൽ പരിശോധന ശക്തമാക്കി. തലപ്പാടി, പെർള, പാണത്തൂർ, കാലിക്കടവ്, ഒളവറ തുടങ്ങിയ അതിർത്തികൾ അടച്ചിട്ടുകൊണ്ടാണ് പൊലീസ് പരിശോധന നടത്തുന്നത്.

കർണ്ണാടക അതിർത്തികൾ മുഴുവൻ അടച്ചിട്ടു. 17 അതിർത്തികളിലെ കർശന പരിശോധനയുണ്ട്. അതേസമയം ആളുകളുടെ തൊഴിൽ നഷ്ടപ്പെടാത്ത വിധത്തിലും എന്നാൽ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടും പൊലീസ് പരമാവധി ഇളവുകൾ നൽകുന്നുണ്ട്. ബാരിക്കേഡുകൾ സ്ഥാപിച്ചാണ് പൊലിസിന്റെ പരിശോധന. തിരിച്ചറിയൽ രേഖകൾ, സത്യവാങ്മൂലം എന്നിവയുള്ള എല്ലാവരെയും യാത്ര ചെയ്യാൻ അനുവദിച്ചിരുന്നു. ജില്ലയിലെ ഡിവൈ. എസ് പിമാർക്ക് ഓരോ പ്രദേശത്തിന്റെയും പ്രത്യേകം ചുമതലകൾ നൽകിയിരുന്നു. ഇവരാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ചരക്ക് വാഹനങ്ങളും അത്യാവശ്യ കാര്യങ്ങൾക്ക് വേണ്ടി ഓടുന്ന വാഹനങ്ങളും ഒഴിച്ചാൽ ദേശീയപാതയും ഇടറോഡുകളും സംസ്ഥാന ഹൈവേകളും വിജനമായിരുന്നു.

പ്രധാന ടൗണുകളായ കാസർകോട്, പാലക്കുന്ന്. കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂർ, തൃക്കരിപ്പൂർ മുഴുവൻ അടഞ്ഞുകിടന്നു. ഹോട്ടലുകൾ ഭക്ഷണ സാധനങ്ങൾ പാഴ്സലായി മാത്രം നൽകി. ഇതുകാരണം ഹോട്ടലുകളിൽ ആളുകൾ കുറവായിരുന്നു. ഹാർബറുകൾ തുറക്കാത്തതിനാൽ ജില്ലയിൽ മീൻവില്പനയും കുറഞ്ഞു. മടക്കര തുറമുഖം അടച്ചിട്ടിരുന്നു. കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ മീൻ വില്പന നടത്തുന്നതിനാൽ മടക്കര തുറമുഖം അടച്ചിടുക മാത്രമാണ് പോംവഴിയെന്ന് പൊലീസും ചെറുവത്തൂർ പഞ്ചായത്ത് സെക്ടർ മജിസ്‌ട്രേറ്റും ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു.

Advertisement
Advertisement