ഓക്സിജൻ മേൽനോട്ടത്തിന് 12 അംഗ ദേശീയ സംഘം

Sunday 09 May 2021 12:12 AM IST

ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ ഓക്സിജന്റെ ആവശ്യം നിറവേറ്റാനുള്ള ശാസ്ത്രീയ മാർഗം ആവിഷ്‌ക‌രിക്കാൻ 12 അംഗ സംഘത്തിന് സുപ്രീംകോടതി രൂപം നൽകി. കേന്ദ്രസർക്കാരിന്റെ ഓക്സിജൻ മാനേജ്മെന്റ് താളം തെറ്റിയെന്ന് പരാതി ഉയരുകയും ഡൽഹി അടക്കമുള്ള സംസ്ഥാനങ്ങളിൽ ഓക്സിജൻ കിട്ടാതെ കൊവിഡ് രോഗികൾ മരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡും എം.ആർ. ഷായും അടങ്ങിയ ബെഞ്ച് ദൗത്യ സംഘത്തിന് രൂപം നൽകിയത്.

അംഗങ്ങൾ ഇവർ

1. ഡോ. ഭാബദോഷ് ബിസ്‌വാസ് , ഡോ. ദേവേന്ദർ സിംഗ് റാണ, ഡോ. ദേവി പ്രസാദ് ഷെട്ടി, ഡോ. ഗഗൻദീപ് കാംഗ്, ഡോ. ജെ.വി. പീറ്റർ, ഡോ. നരേഷ് ട്രീഹാൻ, ഡോ. രാഹുൽ പണ്ഡിറ്റ്, ഡോ. സൗമിത്ര റാവത്ത്, ഡോ. ശിവ് കുമാർ സരിൻ, ഡോ. സരീർ എഫ്. ഉദ്‌വാഡിയ, സെക്രട്ടറി, കേന്ദ്ര ആരോഗ്യമന്ത്രാലയം, കേന്ദ്ര കാബിനറ്റ് സെക്രട്ടറി (കൺവീനർ).

സംഘത്തിന്റെ ദൗത്യങ്ങൾ

 മെഡിക്കൽ ഓക്സിജന്റെ ലഭ്യതയും ആവശ്യവും വിതരണവും സംബന്ധിച്ച് ശുപാർശ നൽകുക.

 സംസ്ഥാനങ്ങളുടെ ഓക്സിജൻ വിഹിതം ശാസ്ത്രീയമായി നിർണയിക്കുക

 ഓക്സിജൻ ലഭ്യത വർദ്ധിപ്പിക്കാനുള്ള ശുപാർശ

 അവശ്യ മരുന്നുകളുടെയും ഔഷധങ്ങളുടെയും ലഭ്യത ഉറപ്പാക്കാനുള്ള ശുപാർശ

 മഹാമാരി മൂലമുണ്ടാകുന്ന ഇപ്പോഴത്തെയും ഭാവിയിലെയും ആവശ്യങ്ങൾ അറിഞ്ഞുള്ള തയ്യാറെടുപ്പ്

ഡോക്‌ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫ് എന്നിവരുടെ ലഭ്യത ഉറപ്പാക്കാൻ ഇൻസെന്റീവുകൾ അടക്കം നിർദ്ദേശിക്കുക

 മഹാമാരിയെ പിടിച്ചുകെട്ടാനുള്ള ഗവേഷണത്തെ പ്രോത്സാഹിപ്പിക്കൽ

 കൊവിഡ് നിയന്ത്രണവും ചികിത്സയും സംബന്ധിച്ച അറിവുകൾ പ്രോത്സാഹിപ്പിക്കൽ.