അയാളെ ഇങ്ങനെ ആക്രമിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണ്; ശ്രീജിത്ത് പണിക്കരെ പിന്തുണച്ച് രാഹുല്‍ ഈശ്വര്‍

Saturday 08 May 2021 10:29 PM IST

തിരുവനന്തപുരം: കൊവിഡ് രോഗിയെ ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ച സംഭവത്തില്‍ ഫേസ്ബുക്ക് പോസ്റ്റിട്ട് വെട്ടിലായ ശ്രീജിത്ത് പണിക്കരെ പിന്തുണച്ച് രാഹുല്‍ ഈശ്വര്‍. ശ്രീജിത്തിന്റേത് റേപ്പ് ജോക്ക് അല്ലെന്നും അദ്ദേഹം ആക്ഷേപഹാസ്യത്തിലൂടെ കാര്യങ്ങള്‍ പറയുന്നതാണെന്നും രാഹുല്‍ ഒരു വാർത്താ ചാനലിനോട് പറഞ്ഞു.

ശ്രീജിത്ത് പണിക്കര്‍ കഴിഞ്ഞ 10 വര്‍ഷത്തില്‍ കേരളത്തില്‍ ഉയര്‍ന്ന് വന്ന മികച്ച രാഷ്ട്രീയ നിരീക്ഷകനാണ്. അദ്ദേഹത്തിന്റെ പോസ്റ്റില്‍ നിന്ന് ഒരു വരി അടര്‍ത്തിമാറ്റി അദ്ദേഹം വളരെ മോശക്കാരനാണെന്ന് പറയുന്നതില്‍ എന്ത് ആത്മാര്‍ത്ഥതയാണുള്ളത്. അദ്ദേഹം ആക്ഷേപഹാസ്യം ഉപയോഗിച്ച് പല കാര്യങ്ങളും കേരളത്തിന്റെ പൊതുസമൂഹത്തില്‍ കൊണ്ടുവന്നിട്ടുണ്ട്.

കൊവിഡിന്റെ കാലത്തും വ്യക്തിവിരോധം തീര്‍ക്കാനും പ്രതികാരം ചെയ്യാനുമാണോ ഉപയോഗിക്കേണ്ടത്. വളരെ പ്രതിഭയുള്ള ഒരു ചെറുപ്പക്കാരനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് എന്തിന്. അയാളെ ഇങ്ങനെ ആക്രമിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണ്. കൊവിഡ് കാലത്തെങ്കിലും ഈ പ്രതികാര രാഷ്ട്രീയം ഉപേക്ഷിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

ശ്രീജിത്ത് ഉൾപ്പെട്ട ചാനൽ ചർച്ചകളിൽ താൻ പങ്കെടുക്കില്ലെന്ന് അഭിഭാഷക രശ്മിത രാമചന്ദ്രൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു. കേരളത്തിൽ ഒരു കൊവിഡ് രോഗിയെ ആശുപത്രിയിലാക്കിയതുമായി ബന്ധപ്പെട്ട് നടത്തിയ ഒരു റേപ്പ് ജോക്കിന്റെ കാര്യത്തിൽ അദ്ദേഹം നിരുപാധികമായി മാപ്പ് പറയാതെ ശ്രീജിത്ത് പാനലിസ്റ്റായി വരുന്ന ഒരു ചർച്ചയിലും ഞാൻ പങ്കെടുക്കില്ല എന്ന് അവർ പറയുന്നു.

തന്റെ സുഹൃത്തുക്കളായ പ്രമോദ് പുഴങ്കര, ലാൽ കുമാർ എൻ, ആർ. രാമകുമാർ, അഭിലാഷ് എം.ആർ. എന്നിവരും ഇതേ തീരുമാനം കൈക്കൊള്ളണമെന്ന് രശ്മിത അഭ്യർത്ഥിച്ചു. ശ്രീജിത്ത് പങ്കെടുക്കുന്ന ചർച്ചകളിൽ താനുണ്ടാകില്ലെന്ന് ഇടത് നിരീക്ഷകനായ ഡോ. പ്രേംകുമാറും പറഞ്ഞിരുന്നു. പിടഞ്ഞുമരിക്കാന്‍ പോവുന്നൊരു സഹജീവിയെ മരണത്തില്‍ നിന്നെടുത്ത് കുതിക്കുന്ന മനുഷ്യരെ കാണുമ്പോള്‍ റേപ്പിന്റെ സാദ്ധ്യതകള്‍ നിരീക്ഷിക്കുന്നയാളോട് സംവദിക്കാന്‍ തന്നെകൊണ്ടാവില്ലെന്നായിരുന്നു പ്രേംകുമാറിന്റെ പ്രതികരണം.