അമ്പാടി മുക്ക് സഖാക്കൾ വീണ്ടും : ക്യാപ്റ്റനും മീതെ പി.ജയരാജന്റെ കൂറ്റൻ ഫ്ളക്സ് ബോർഡ്

Saturday 08 May 2021 10:32 PM IST
അമ്പാടിമുക്കിലെ ഫ്ലക്സ് ബോർഡ്

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ അഴീക്കോട് മണ്ഡലത്തിൽ ഇടതുമുന്നണിക്ക് വിജയം നേടിക്കൊടുത്തതിന് സി.പി.എം സംസ്ഥാനകമ്മിറ്റിയംഗം പി.ജയരാജന് അഭിവാദ്യമർപ്പിച്ച് തളാപ്പ് അമ്പാടി മുക്കിൽ ബോർഡ് സ്ഥാപിച്ചു. ഇടതു കൈ ഉയർത്തി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്ന ജയരാജന്റെ കൂറ്റൻ ബോർഡ് അമ്പാടിമുക്ക് സഖാക്കളുടേതെന്ന പേരിൽ സ്ഥാപിച്ചിരിക്കുന്നത്.

ഇതിന് താഴെയായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഒരു ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് ജയരാജന്റെ ബോർഡിനെക്കാളും പകുതിയേയുള്ളു.

കെ.എം. ഷാജിയെ പരാജയപ്പെടുത്തി അഴീക്കോട് മണ്ഡലം സി.പി.എമ്മിനും എൽ.ഡി.എഫിനും തിരിച്ചു പിടിച്ചു കൊടുത്ത മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷിന്റെ ചിത്രവും ജയരാജന്റെ ബോർഡിൽ ഇടം പിടിച്ചിട്ടുണ്ട്.

പച്ച തുരുത്തിൽ നിന്നും അഴീക്കോടിനെ ചുവപ്പിക്കാൻ നേതൃത്വം നൽകിയ സഖാവ് പി. ജയരാജേട്ടന് അഭിവാദ്യങ്ങൾ എന്നാണ് ബോർഡിൽ എഴുതിയിരിക്കുന്നത്.

അതേ സമയം ജയിച്ച സ്ഥാനാർത്ഥിക്കോ പിണറായി വിജയനോ ഇതിൽ അഭിവാദ്യംരേഖപ്പെടുത്തിയിട്ടമില്ല.

വെള്ളിയാഴ്ച എൽ.ഡി.എഫ് വിജയദിനത്തിന്റെ ഭാഗമായി ഇവിടെയും ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.

സംഘപരിവാർ കേന്ദ്രമായിരുന്ന അമ്പാടിമുക്കിലെ ബി.ജെ.പി ആർ.എസ്.എസ് പ്രവർത്തകരെ ജയരാജൻ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരിക്കേ സി.പി.എമ്മിലെത്തിച്ചിരുന്നു.അഴീക്കോട് സീറ്റ് പരിഗണന പട്ടികയിൽ പി. ജയരാജന്റെ പേര് ആദ്യഘട്ടത്തിൽ ഉണ്ടായിരുന്നെങ്കിലും അവസാനം കെ.വി. സുമേഷിനായിരുന്നു നറുക്ക് വീണത്. അഴീക്കോട് മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് ചുമതല ജയരാജനായിരുന്നു.

Advertisement
Advertisement