ആശുപത്രിയിൽ നിന്ന് ലോക്ക്ഡൗണിലേക്ക്, ബിജുവിന് തുണയായത് ഫയർഫോഴ്സ്

Sunday 09 May 2021 1:47 AM IST

അമ്പലപ്പുഴ: ശസ്ത്രക്രിയയ്ക്കു ശേഷം ആലപ്പുഴ മെഡി. ആശുപത്രിയിൽ നിന്ന് വീട്ടിൽ പോകാൻ മാർഗമില്ലാതെ വലഞ്ഞ ഗൃഹനാഥന് ഫയർഫോഴ്സും സന്നദ്ധ പ്രവർത്തകരും തുണയായി.തിരുവല്ല വള്ളികുന്നം ആലോലി വീട്ടിൽ ബിജു ചാക്കോയ്ക്കാണ് (40) ലോക്ക്ഡൗൺ ദിനത്തിൽ സഹായവുമായി ഇവരെത്തിയത്.

തടിപ്പണിക്കാരനായ ഇദ്ദേഹം നാല് മാസം മുമ്പ് മരത്തിൽ നിന്നു വീണ് പരിക്കേറ്റതിനെ തുടർന്ന് ഇവിടെ ചികിത്സയിലായിരുന്നു. ഭാര്യയാണ് കൂട്ടിരുന്നത്. തുടർന്ന് നടുവിന് ശസ്ത്രക്രിയയും നടത്തി. കഴിഞ്ഞ ദിവസം വീണ്ടും ശസ്ത്രക്രിയ വേണ്ടിവന്നു. തൊട്ടുപിന്നാലെ വാർഡിൽ ഒരാൾക്ക് കൊവിഡ് പോസിറ്റീവായതോടെയാണ് അടിയന്തിരമായി ഡിസ്ചാർജ് ചെയ്തത്.എന്നാൽ ലോക്ക് ഡൗൺ ആരംഭിച്ച ഇന്നലെ ഇവർ വീട്ടിൽപ്പോകാൻ മാർഗമില്ലാതെ ദുരിതമനുഭവിക്കുന്ന വിവരം സന്നദ്ധ പ്രവർത്തകരായ സി.കെ. ഷെരീഫ്, നിസാർ വെള്ളാപ്പള്ളി എന്നിവരുടെ ശ്രദ്ധയിൽപ്പെട്ടു. ഇവർ ഉടൻ തന്നെ ആംബുലൻസ് അന്വേഷിച്ചെങ്കിലും ലഭിച്ചില്ല. ഒടുവിൽ ഫയർ ഫോഴ്‌സ് ജില്ലാ ഓഫീസർ അഭിലാഷിനെ ബന്ധപ്പെട്ടു. ഇദ്ദേഹത്തിൻറ്റെ നിർദ്ദേശ പ്രകാരം കായംകുളത്ത് നിന്ന് ഫയർമാൻമാരായ സി.എസ്.അജിത്കുമാർ, ബിജു ടി.എബ്രഹാം. എന്നിവരുടെ നേതൃത്വത്തിൽ ഫയർഫോഴ്‌സ് ആംബുലൻസെത്തി ബിജുവിനെയും കുടുംബത്തേയും തിരുവല്ലയിലെ വീട്ടിലെത്തിച്ചു. ഗ്രാമ പഞ്ചായത്തംഗം യു.എം.കബീർ, നിസാർ വെള്ളാപ്പള്ളി, സി.കെ.ഷെരീഫ്, നിധിൻ, ഷഫീക്ക് ഇബ്രാഹിം, ഹെഡ് നഴ്‌സ് ബിജി, നഴ്‌സിംഗ് അസിസ്റ്റൻറ് ആൻറണി എന്നിവർ ചേർന്ന് കുടുംബത്തെ യാത്രയാക്കി. ബിജുവിനും കുടുംബത്തിനും ഭക്ഷ്യധാന്യക്കിറ്റും നൽകിയാണ് യാത്രയയച്ചത്.

Advertisement
Advertisement