പ്രോട്ടോക്കോൾ പാലിക്കാത്ത സ്വകാര്യ ക്ളിനിക്കുകൾക്കെതിരെ നടപടി: മുഖ്യമന്ത്രി

Sunday 09 May 2021 12:00 AM IST

തിരുവനന്തപുരം: കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാത്ത സ്വകാര്യ ക്ളിനിക്കുകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊവിഡ് ടെസ്റ്റിനാവശ്യമായ സ്വാബുകൾ ശേഖരിക്കുന്നതിലും തിരക്ക് നിയന്ത്രിക്കുന്നതിലും മാനദണ്ഡങ്ങളിൽ വീഴ്ചയുണ്ടാകരുത്.

ഡോക്ടർമാരുടെ ആവശ്യമുള്ളതിനാൽ സർക്കാർ മെഡിക്കൽ കോളേജുകളിൽ നിന്നും ഹൗസ് സർജൻസി കഴിഞ്ഞ് നോൺ അക്കാഡമിക് ജെ.ആർ ആയി ചുമതലയേൽക്കാൻ നിർദ്ദേശം ലഭിച്ചവർ പെട്ടെന്ന് അത് ചെയ്യേണ്ടതാണ്. അല്ലാത്ത പക്ഷം, സ്വകാര്യ സ്ഥാപനങ്ങളിൽ പഠിച്ചിറങ്ങിയവരെ നിയമിച്ച് ആ ഒഴിവുകൾ നികത്തണം.

ഉപയോഗിച്ച മാസ്‌കുകൾ വലിച്ചെറിയരുത്, ഉപയോഗത്തിന് ശേഷം നശിപ്പിക്കാൻ ശ്രദ്ധിക്കണം.സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിയും നിഷും ചേർന്ന് ശ്രവണ പരിമിതിയുള്ളവർക്കായി ഹെൽപ്പ് ലൈൻ സ്ഥാപിച്ചിട്ടുണ്ട് . ഹെൽപ്പ് ലൈൻ നമ്പറുകൾ ദുരന്ത നിവാരണ അതോറിട്ടി പ്രസിദ്ധീകരിച്ചിട്ടുണ്ട്.