തൊഴിൽമേഖല ലോക്ക്, തൊഴിലാളികൾ ഡൗൺ!

Sunday 09 May 2021 12:00 AM IST

ആലപ്പുഴ: ആദ്യ ലോക്ക്ഡൗൺ ആഘാതത്തിൽ നിന്ന് ജില്ലയിലെ വിവിധ തൊഴിൽ മേഖലകൾ കരകയറുന്നതിനിടെ കൊവിഡ് രണ്ടാംതരംഗത്തിന്റെ ഭാഗമായി വീണ്ടും ഏർപ്പെടുത്തിയ ലോക്ക്ഡൗൺ നിമിത്തം എല്ലാം പഴയ അവസ്ഥയിലേക്ക് നീങ്ങുന്നു. നിർമ്മാണം, പീലിംഗ്, ഹോട്ടൽ, മോട്ടോർ രംഗം, ഹൗസ് ബോട്ട് തുടങ്ങിയ സകല മേഖലകളിലെയും തൊഴിലാളികളുടെ ഉപജീവന മാർഗ്ഗം നിലച്ച മട്ടാണ്.

ജില്ലയിൽ വിവിധ ക്ഷേമനിധികളിലായി മൂന്ന് ലക്ഷത്തിലധികം തൊഴിലാളികളുണ്ട്. അംഗത്വം ഇല്ലാത്തവർ ഇരട്ടിയിലധികവും. മത്സ്യമേഖലയിൽ അനുബന്ധ തൊഴിലാളികൾ ഉൾപ്പെടെ 75,000ൽ അധികവും മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ മാത്രം 60,000ത്തോളം അംഗങ്ങളുമുണ്ട്. 450 സ്വകാര്യ ബസുകൾ ജില്ലയിൽ സർവീസ് നിറുത്തിയതൊടെ ആ തൊഴിലാളികളും ദുരിതത്തിലായി. ആദ്യ ലോക്ക്ഡൗണിന് ശേഷം ഒരു ബസിൽ മിനിമം മൂന്ന് ജീവനക്കാരായി. നേരത്തെ ഇത് അഞ്ചായിരുന്നു. ഡ്രൈവർ-850, കണ്ടക്ടർ-750, ക്‌ളീനർ-700 എന്നിങ്ങനെയാണ് തൊഴിലാളികളുടെ ശമ്പള നിരക്ക്. ജീവനക്കാർക്ക് വേതനം നൽകണമെന്ന നിർദേശം വന്നതോടെ 16ന് ശേഷവും ലോക്ക്ഡൗൺ നീണ്ടാൽ ഉടമകൾ സാമ്പത്തിക പ്രതിസന്ധിയിലാകും. ഓട്ടോറിക്ഷ, ടാക്‌സി മേഖലയിലെ തൊഴിലാളികളും ഇതേ അവസ്ഥയിലാണ്. നിർമ്മാണ മേഖലയിലും ഹോട്ടൽ മേഖലയിലും 50,000ൽ അധികം വീതം തൊഴിലാളികൾ ക്ഷേമനിധി അംഗങ്ങളാണ്. വേനൽ അവധിക്കാലത്ത് ടൂറിസ്റ്റുകളുടെ വരവ് നിലച്ചതും ലോക്ക്ഡൗണും ഹോസ്ബോട്ട് മേഖലയെ നിശ്ചലമാക്കിയിട്ടുണ്ട്.

 റിവേഴ്സ് ഗിയർ

വല്ലാത്തൊരു പ്രതിസന്ധിയിലാണ് തങ്ങളെന്ന് സ്വകാര്യ ബസ് ഉടമകൾ പരിതപിക്കുന്നു. കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണവും ഡീസലിന് ദിനംപ്രതി കൂടുന്ന വിലയും മേഖലയിൽ കരിനിഴൽ വീഴ്ത്തിക്കഴിഞ്ഞു. ഇരട്ടക്കുളങ്ങര,കലവൂർ, മണ്ണഞ്ചേരി റൂട്ടിൽ സർവീസ് നടത്തുന്ന ബസുകൾക്ക് പരമാവധി 7000 രൂപയാണ് പ്രതിദിന കളക്ഷൻ. ജീവനക്കാരുടെ വേതനവും ഡീസൽ ചാർജും കഴിഞ്ഞാൽ തുച്ഛമായ തുകയാണ് ബസുടമകൾക്ക് ലഭിക്കുന്നത്. ഇതിന് പുറമേ മൂന്ന് മാസത്തിൽ ഒരിക്കൽ റോഡ് ടാക്‌സും അടയ്ക്കണം. 35 സീറ്റിന്റെ പുതിയ ബസ് നിരത്തിലിറക്കണമെങ്കിൽ 35 ലക്ഷം രൂപയാകും. വായ്പ തിരിച്ചടവിന് പോലുമുള്ള വരുമാനം ലഭിക്കുന്നില്ലെന്ന് ഉടമകൾ പറയുന്നു.

 ആശങ്ക വിളമ്പുന്നിടം

കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷനിൽ അംഗത്വമുള്ള 5000ൽ അധികം ഹോട്ടലുകൾ ജില്ലയിലുണ്ട്. വരുമാനത്തിലെ കുറവ് ഇവയിൽ പലതിന്റെയും നിലനില്പിനെ ബാധിച്ച മട്ടാണ്. അന്യസംസ്ഥാന തൊഴിലാളികളിൽ പലരും രോഗവ്യാപനം രൂക്ഷമാവും മുമ്പ് നാട്ടിലേക്കു മടങ്ങിയതും മേഖലയിൽ ആശങ്കപകരുന്നു. ഇവർ മടങ്ങിയെത്തുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. ജില്ലയിലെ ഹോട്ടൽ മേഖലയിൽ 50,000ൽ അധികം തൊഴിലാളികളുണ്ട്.

.......................

പ്രതിദിനം ഡിസലിന് വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഡീസലിന് സബ്സിഡി ഏർപ്പെടുത്തണം. കൊവിഡ് മുക്തമാകും വരെ റോഡ് നികുതിയിൽ ഇളവ് അനുവദിക്കണം

(പി.ജെ.കുര്യൻ, ജില്ലാ പ്രസിഡന്റ്, കേരള സ്വകാര്യ ബസ് ഓണേഴ്‌സ് അസോസിയേഷൻ)

.............................

രാഷ്ട്രീയ നേതൃത്വങ്ങളുടെ വീഴ്ചയിലൂടെയുണ്ടായ കൊവിഡ് രണ്ടാം തരംഗം ചെറുകിട, ഇടത്തരം വ്യാപാരികളെ കടുത്ത ബുദ്ധിമുട്ടിലാക്കി. ആദ്യഘട്ടത്തിലെ പ്രതിസന്ധിയിൽ നിന്ന് കരകയറുന്നതിനിടെയാണ് വീണ്ടും ലോക്ക് ഡൗൺ എത്തിയത്. വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്തതിനാൽ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണ് വ്യാപാരികൾ

(വി.സി.ഉദയകുമാർ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ്)

....................................

നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടസം ഇല്ലെന്ന് സർക്കാർ വ്യക്തമാക്കുമ്പോൾ സിമന്റും അനുബന്ധ സാധനങ്ങളും വിൽക്കുന്ന കടകൾ തുറക്കരുതെന്ന നിർദ്ദേശം വ്യാപാരികളെ പ്രതിസന്ധിയിലാക്കും

ശശികുമാർ, വ്യാപാരി

.................................

 3 ലക്ഷം: ജില്ലയിൽ വിവിധ ക്ഷേമനിധികളിൽ അംഗത്വമുള്ള തൊഴിലാളികൾ

Advertisement
Advertisement