സത്യപ്രതിജ്ഞയ്‌ക്ക് സെൻട്രൽ സ്റ്റേഡിയവും പരിഗണനയിൽ

Sunday 09 May 2021 12:54 AM IST

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞയ്‌ക്ക് സെൻട്രൽ സ്റ്റേഡിയം ഉപയോഗിക്കുന്നതും പരിഗണനയിൽ. ഉന്നത നിർദ്ദേശത്തെ തുടർന്ന് പൊതുഭരണവകുപ്പ് പ്രോട്ടോക്കോൾ വിഭാഗം ഇന്നലെ സ്റ്റേഡിയം പരിശോധിച്ചു. ലോക്ക് ഡൗണിൽ കൊവിഡ് കേസുകളിൽ കാര്യമായ കുറവുണ്ടായാൽ സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ നടത്താൻ ആലോചിച്ചേക്കും.

20ന് വൈകിട്ട് നാലിന് രാജ്ഭവൻ അങ്കണത്തിൽ ലളിതമായ ചടങ്ങിൽ നടത്താനായിരുന്നു ആദ്യ തീരുമാനം. 21 അംഗ മന്ത്രിസഭ രൂപീകരിക്കുമ്പോൾ നിയുക്തമന്ത്രിമാരുടെ ബന്ധുക്കളടക്കമുള്ളവർ പങ്കെടുക്കണമെന്ന ആഗ്രഹം പ്രകടിപ്പിക്കാനിടയുള്ള സാഹചര്യത്തിലാണ് 200- 250 പേരെ സാമൂഹിക അകലം പാലിച്ച് ക്രമീകരിച്ച് ചടങ്ങ് നടത്താനുള്ള സൗകര്യങ്ങൾ തേടാൻ നിർദ്ദേശമുണ്ടായത്. കൊവിഡ് നിയന്ത്രണമുള്ളതിനാൽ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല.

ഒന്നാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞയും സെൻട്രൽ സ്റ്റേഡിയത്തിലാണ് നടത്തിയത്. 2006ലെ വി.എസ് സർക്കാരിന്റെ സത്യപ്രതിജ്ഞയാണ് ആദ്യമായി സെൻട്രൽ സ്റ്റേഡിയത്തിൽ നടത്തുന്നത്. അതിന് മുമ്പുള്ള സർക്കാരുകളുടെയും 2011ലെ ഉമ്മൻ ചാണ്ടി സർക്കാരിന്റെയും സത്യപ്രതിജ്ഞ രാജ്ഭവനിലായിരുന്നു.

കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോൾ പുതിയ മന്ത്രിസഭ എത്രയും വേഗം അധികാരമേൽക്കണമെന്ന ആവശ്യവുമുണ്ട്. മന്ത്രിസഭയുടെ ഘടന സംബന്ധിച്ച് ഇടതുമുന്നണിയിലെ കക്ഷികൾക്കിടയിൽ ധാരണയായിട്ടില്ല. സി.പി.എം- സി.പി.ഐ ഉഭയകക്ഷി ചർച്ച ഒരുവട്ടം നടത്തി. മറ്റ് കക്ഷികളുമായുള്ള ചർച്ച നാളെ മുതൽ സി.പി.എം ആരംഭിക്കും. 17ന് ഇടത് മുന്നണി യോഗവും 18ന് സി.പി.എം, സി.പി.ഐ നേതൃയോഗങ്ങളുമുണ്ട്.

ഒറ്റയംഗങ്ങളുള്ള കക്ഷികളിൽ ആർക്കൊക്കെ മന്ത്രിസ്ഥാനം കിട്ടുമെന്നതിലാണ് ആകാംക്ഷ. മുന്നണിക്ക് പുറത്ത് സഹകരിക്കുന്ന കോവൂർ കുഞ്ഞുമോനടക്കം ഒറ്റയംഗങ്ങളെ വിജയിപ്പിച്ച ആറ് കക്ഷികളുണ്ട്. ഇവരിൽ പരമാവധി രണ്ട് കക്ഷികൾക്ക് മന്ത്രിസ്ഥാനം ലഭിക്കാൻ സാദ്ധ്യതയുണ്ട്.

Advertisement
Advertisement