ബാറുകൾ പൂട്ടി ,​ ഇനി കഞ്ചാവിന്റെ കാലം

Sunday 09 May 2021 1:55 AM IST

കൊല്ലം: കൊവിഡ് രണ്ടാം വ്യാപനത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ ബാറുകളും ബിവറേജസ് ഔട്ട്ലെറ്റുകളും അടച്ചുപൂട്ടിയതോടെ, ലഹരിക്ക് അടിമപ്പെട്ടവർ കഞ്ചാവിൽ അഭയംതേടി. അതോടെ വിലയ്ക്കൊപ്പം കഞ്ചാവിന്റെ ഡിമാന്റും കുതിച്ചുയർന്നു. എക്സൈസും പൊലീസും പരിശോധനകൾ വ്യാപകമായി നടത്തുന്നുണ്ടെങ്കിലും കടത്ത് പൂർണമായും തടയാനായിട്ടില്ല.

തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന സ്പെഷ്യൽ ഡ്രൈവിലും ശേഷവും ഇരുവിഭാഗവും നടത്തിയ പരിശോധനയിൽ പലസ്ഥലങ്ങളിൽ നിന്നായി കിലോക്കണക്കിന് കഞ്ചാവാണ് പിടികൂടിയത്. മയക്കുമരുന്ന് ലോബിയാകട്ടെ പല സ്ഥലങ്ങളിൽ നിന്നായി രഹസ്യമാർഗത്തിലൂടെ കഞ്ചാവും മറ്റ് ലഹരിവസ്തുക്കളും എത്തിച്ച് വിൽപ്പന നടത്തി ചാകരക്കൊയ്ത്ത് നടത്തുകയാണ്. ലോക്ക് ഡൗണിന് തൊട്ടുമുമ്പ് അരഗ്രാമിന് നൂറ് രൂപയിൽ താഴെ വിലയായിരുന്ന കഞ്ചാവിന് ഇപ്പോൾ അഞ്ഞൂറ് രൂപയാണ് വില. അഞ്ചിരട്ടിയായി വില കൂടിയിട്ടും ഉപഭോഗത്തിൽ കുറവില്ലെന്നാണ് അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള കഞ്ചാവിന്റെ വരവ് നൽകുന്ന സൂചന.

പിടിച്ചത് ക്വിന്റലിലേറെ

കഴിഞ്ഞ ഒരുമാസത്തിനകം കിലോക്കണക്കിന് തൂക്കംവരുന്ന പാഴ്സലുകളായി കടത്തിയ അഞ്ച് ക്വിന്റലിലേറെ കഞ്ചാവാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എക്സൈസും പൊലീസും പിടികൂടിയത്. പി.പി.ഇ കിറ്റ് ധരിച്ച് സാഹസികമായി നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. കൊല്ലം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ തിരഞ്ഞെടുപ്പിന് മുമ്പും ശേഷവുമായി ഏതാണ്ട് അരക്വിന്റലിലേറെ കഞ്ചാവ് പല സ്ഥലങ്ങളിൽ നിന്നായി പിടിക്കപ്പെട്ടിട്ടുണ്ട്. കൗമാരക്കാരാണ് കഞ്ചാവിന്റെ പ്രധാന ഇരകൾ. സ്കൂൾ, കോളേജ്, പ്രൊഫഷണൽ വിദ്യാർത്ഥികളും യുവാക്കളുമാണ് ചില്ലറകച്ചവടക്കാരിൽ നിന്ന് വൻതോതിൽ കഞ്ചാവ് വാങ്ങി ഉപയോഗിക്കുന്നത്. മദ്യം ഗന്ധം കൊണ്ട് ആളുകൾ തിരിച്ചറിയുന്നത് പോലെ തിരിച്ചറിയില്ലെന്നതും മദ്യത്തിന്റെ നാലിരട്ടി ലഹരി പ്രദാനം ചെയ്യുമെന്നുള്ളതുമാണ് യുവാക്കളെ ഇതിലേക്ക് ആകർഷിച്ചത്. സ്കൂളുകളും കോളേജുകളും അടഞ്ഞുകിടക്കുകയാണെങ്കിലും കുട്ടികളിൽ നല്ലൊരു വിഭാഗവും നവമാദ്ധ്യമങ്ങളിൽ സജീവമായതിനാൽ ആവശ്യക്കാർക്ക് കഞ്ചാവ് അനായാസേന ലഭിക്കും.

കഞ്ചാവിന്റെ ലഭ്യത വർദ്ധിച്ചതും ഉപഭോഗം കൂടാൻ മറ്രൊരു കാരണമാണ്. കൊല്ലം ജില്ലാ ആസ്ഥാനമായ കൊല്ലം നഗരവും പരിസര പ്രദേശങ്ങളും ബീച്ചുൾപ്പെടെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളും അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളുമാണ് കഞ്ചാവിന്റെ പ്രധാന കമ്പോളങ്ങൾ. നഗരത്തിലും പരിസരത്തുമുള്ള സ്കൂളുകളുടെയും കോളേജുകളുടെയും പരിസരങ്ങൾ കഞ്ചാവ് കച്ചവടക്കാരുടെ പിടിയിലാണ്.

കുടുംബ ബന്ധങ്ങൾ തകരാറിലായതും ക്രിമിനൽ പശ്ചാത്തലമുള്ളതുമായ കുടുംബങ്ങളിൽ നിന്നുള്ള കുട്ടികളും ലഹരിക്ക് അടിമപ്പെട്ട് ജീവിതം ഹോമിക്കുന്ന കാഴ്ചയാണ് ഉള്ളത്. കൊല്ലം നഗരത്തിൽ പോളയത്തോട് ,​ പള്ളിമുക്ക്,​ ഇരവിപുരം,​ തട്ടാമല,​ ആശ്രാമം മൈതാനം ,​ കരിക്കോട് എന്നിവിടങ്ങളിലും കരുനാഗപ്പള്ളി,​ ശാസ്താംകോട്ട പ്രദേശങ്ങളിലും ക‌‌ഞ്ചാവ് മാഫിയ വിളയാടുന്ന സ്ഥിതിയാണ്. ശാസ്താംകോട്ടയിൽ ആഞ്ഞിലിമൂട്,​ വാട്ടർ ഹൗസ് തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവിന്റെ വൻതോതിലുള്ള വ്യാപാരം നടക്കുന്നതായാണ് നാട്ടുകാർ പറയുന്നത്.

തീരപ്രദേശത്തെയും മലയോരഗ്രാമങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല.​ചെക്ക് പോസ്റ്റുകളിലും റോഡുകളിലും വാഹന പരിശോധന കൊവിഡ് പ്രോട്ടോക്കോൾ പ്രകാരമായതാണ് കഞ്ചാവ് ലോബിക്ക് അനുഗ്രഹമായത്. പച്ചക്കറി, തണ്ണിമത്തൻ, ഉണക്കമീൻ, മുട്ട, പൈനാപ്പിൾ എന്നിവയ്ക്കിടയിലും കുട്ടികളുടെ ബുക്കുകൾ കൊണ്ടുവരുന്ന വാഹനത്തിൽ ഒളിപ്പിച്ചുമാണ് അയൽ സംസ്ഥാനങ്ങളിൽ നിന്ന്കഞ്ചാവ് അതി‌ർത്തി കടക്കുന്നത്.

കൊവിഡ് ഭയന്ന് അയൽസംസ്ഥാനവാഹനങ്ങൾ പലതും തുറന്ന് പരിശോധിക്കാൻ പൊലീസോ എക്സൈസ് , മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരോ തയ്യാറാകില്ല. വാഹന പരിശോധന രേഖകളിലൊതുങ്ങിയതാണ് കള്ളക്കടത്ത് പെരുകാൻ കാരണം.വാഹനത്തിന്റെ ഡ്രൈവർമാർക്കും ഉടമയ്ക്കും വൻതുക പ്രതിഫലമായി നൽകിയാണ് കടത്ത്.

കഴിഞ്ഞ ഏതാനും ആഴ്ചകൾക്കകം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി കിലോക്കണക്കിന് കഞ്ചാവാണ് എക്സൈസും പൊലീസും രഹസ്യവിവരത്തെ തുടർ‌ന്ന് പരിശോധന നടത്തി കണ്ടെത്തിയത്. രണ്ട് കിലോഗ്രാം വീതം തൂക്കം വരുന്ന പാഴ്സലുകളാക്കി ബ്രഡ് പായ്ക്കറ്റിന്റെ വലിപ്പത്തിൽ യന്ത്രസഹായത്തോടെ പായ്ക്ക് ചെയ്താണ് കടത്ത്. ലോറികളിലും മറ്റും ചരക്ക് സാധനങ്ങൾക്കുള്ളിൽ ഡസൻകണക്കിന് പാക്കറ്റുകൾ ഇത്തരത്തിൽ ഒളിപ്പിച്ച് കടത്തും.

പതിന്നാലിരട്ടി ലാഭം

ആന്ധ്രയിൽ നിന്ന് 6400 രൂപയ്ക്ക് വാങ്ങുന്ന ഒരു പായ്ക്കറ്റ് കേരളത്തിലെത്തിച്ച് വിൽപ്പന നടത്തുന്നത് 95,000രൂപയ്ക്കാണ്. പതിന്നാലിരട്ടിയാണ് ലാഭം. കൊവിഡ് യാത്രാവിലക്കുകൾക്കിടയിലും ആന്ധ്രയിലെ നക്സൽ കേന്ദ്രങ്ങളിലെ കഞ്ചാവ് പാടങ്ങളിൽ നിന്നും സംഭരണശാലകളിൽ നിന്നും കിലോക്കണക്കിന് കഞ്ചാവാണ് കേരളത്തിലേക്ക് കടത്തുന്നത്. രണ്ട് കോടി രൂപ വില മതിക്കുന്ന 405 കിലോ കഞ്ചാവ് ആന്ധ്രയിൽ നിന്ന് കാറിൽ കടത്തിക്കൊണ്ടു വന്ന തിരുവനന്തപുരം സ്വദേശികളായ രണ്ടു യുവാക്കളെ ഇന്നലെ കാട്ടാക്കടയിൽ വച്ച് എക്സൈസ് സംഘം പിടികൂടി.

ലോക്ക് ഡൗണിന് മുമ്പ് സംസ്ഥാനത്തെ ചെറുതും വലുതുമായ കച്ചവടക്കാ‌ർ തമിഴ്നാട്ടിലും അയൽസംസ്ഥാനങ്ങളിലും പോയി കഞ്ചാവ് കൊണ്ടുവന്ന് വിൽക്കുന്നതായിരുന്നു രീതി. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് അതിന് മാറ്റം വന്നതോടെ ട്രെയിനിലും അന്തർ സംസ്ഥാന ബസുകളിലും തുച്ഛമായ മുതൽമുടക്കിൽ കേരളത്തിലെത്തിയിരുന്ന കഞ്ചാവ് ഇപ്പോൾ അതിർത്തി കടക്കണമെങ്കിൽ ലക്ഷങ്ങൾ മുടക്കണം. ആന്ധ്രയിൽ കഞ്ചാവിന് വിലകൂടിയിട്ടില്ലെങ്കിലും കടത്താനുളള ചെലവ് വർദ്ധിച്ചതാണ് അരഗ്രാമിന്റെ വില അഞ്ഞൂറും അതിലേറെയുമായത്.

Advertisement
Advertisement