ആന്ധ്രയിലെ ചുണ്ണാമ്പ് ക്വാറിയിൽ സ്ഫോടനം : 10 മരണം

Sunday 09 May 2021 12:05 AM IST

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയിൽ ചുണ്ണാമ്പ് കല്ല് ക്വാറിയിലുണ്ടായ സ്ഫോടനത്തിൽ പത്തുപേർ മരിച്ചു. ക്വാറിയിൽ നിരവധിപ്പേർ കുടുങ്ങികിടക്കുന്നതായാണ്​ വിവരം.ശനിയാഴ്ച രാവിലെ ​മാമില്ലപ്പള്ളി ഗ്രാമത്തിലെ ക്വാറിയിൽ പാറപൊട്ടിക്കുന്നതായി പ്രതലം തുരന്ന് സ്ഫോടക വസ്​തുക്കൾ നിറയ്ക്കുന്നതിനിടെയാണ്​ പൊട്ടിത്തെറിയുണ്ടായത്. തൊഴിലാളികളുടെ മൃതദേഹങ്ങൾ ഛിന്നഭിന്നമായിപ്പോയി. ഈ സമയം 40 തൊഴിലാളികൾ ക്വാറിയിലുണ്ടായിരുന്നുവെന്നാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

അപകടത്തിൽ ആന്ധ്രപ്രദേശ്​ മുഖ്യമന്ത്രി വൈ.എസ്​. ജഗൻമോഹൻ റെഡ്ഡി നടുക്കം രേഖപ്പെടുത്തി. അപകടകാരണത്തെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ടു. ക്വാറിക്ക് ലൈസൻസുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

അതേസമയം, ബുദ്‌വേലിൽ നിന്ന് ക്വാറിയിലെത്തിച്ച ജലാറ്റിൻ സ്റ്റിക്കുകൾ ഇറക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായതെന്നും റിപ്പോർട്ടുണ്ട്.

സ്‌ഫോടനത്തിന്റെ ആഘാതത്തിൽ വാഹനം പൂർണമായും തകർന്നു.