ഇന്ത്യയുടെ സ്വന്തം കൊവിഡ് മരുന്ന് 2-ഡി.ജിക്ക് അടിയന്തരാനുമതി ; വികസിപ്പിച്ചത് ഡി ആ‍ർ ഡി ഒ

Sunday 09 May 2021 12:05 AM IST

ന്യൂഡൽഹി:കൊവിഡ് ചികിത്സയിൽ വൻ നേട്ടം കുറിച്ച് ഇന്ത്യൻ ശാസ്‌ത്രജ്ഞർ തദ്ദേശീയമായി വികസിപ്പിച്ച 2- ഡി ഓക്‌സി - ഡി - ഗ്ലൂക്കോസ് ( 2 - ഡി ജി ) എന്ന മരുന്ന് കൊവിഡ് രോഗികളിൽ അടിയന്തരമായി ഉപയോഗിക്കാൻ ഡ്രഗ്സ് കൺട്രോളർ ജനറൽ അനുമതി നൽകി. കൊവാക്സിന് പിന്നാലെ കൊവിഡ് ചികിത്സയ്‌ക്കും ഇന്ത്യ മരുന്ന് വികസിപ്പിച്ചത് ആഗോളതലത്തിൽ വലിയ നേട്ടമായി.

ഐ.സി.എം.ആർ നിർദ്ദേശിച്ചിട്ടുള്ള ചികിത്സയ്‌ക്കൊപ്പം 2 - ഡി ജി മരുന്നു കൂടി നൽകുമ്പോഴാണ് കൂടുതൽ ഫലപ്രദമാകുന്നത്. രോഗികളിൽ വൈറസ് പെരുകുന്നത് തടയുമെന്നും രണ്ടര ദിവസം നേരത്തേ രോഗമുക്തി ഉണ്ടാകുമെന്നും ജനിതക മാറ്റം വന്ന വൈറസിനും ഫലപ്രദമാണെന്നും ഓക്സിജൻ ചികിത്സ കുറയ്ക്കാമെന്നും ശാസ്‌ത്രജ്ഞർ അറിയിച്ചു. കൊവിഡ് രണ്ടാം തരംഗത്തിൽ ഓക്സിജൻ ക്ഷാമം ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണത്തിന് കാരണമാകുമ്പോൾ ഇത് ജീവൻ രക്ഷാ മരുന്നാകും.

ഹൈദരാബാദിലെ സെന്റ‌ർ ഫോർ സെല്ലുലാർ ആൻഡ് മോളിക്കുലാ‌ർ ബയോളജിയുടെ സഹായത്തോടെ,​ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി. ആർ. ഡി. ഒയുടെ ഡൽഹിയിലെ ലബോറട്ടറിയായ ന്യൂക്ലിയർ മെഡിസിൻ ആൻഡ് അലൈഡ് സയൻസസ് ഇൻസ്​റ്റി​റ്റ്യൂട്ടും (ഇൻമാസ്) ഹൈദരാബാദിലെ ഡോ.റെഡ്ഢീസ് ലബോറട്ടറിയും സംയുക്തമായാണ് മരുന്ന് വികസിപ്പിച്ചത്.

കഴിക്കേണ്ട വിധം

പൊടിരൂപത്തിലുള്ള മരുന്ന് വെള്ളത്തിൽ അലിയിച്ച് കഴിക്കണം

പ്രവർത്തനം

മരുന്നിലെ സംയുക്തങ്ങൾ രോഗം ബാധിച്ച കോശങ്ങളിൽ നിറഞ്ഞ് വൈറസുകളെ നശിപ്പിക്കുന്നു. വൈറസ് ബാധിച്ച കോശങ്ങളെ തെരഞ്ഞു പിടിച്ച് പ്രവർത്തിക്കും

ലഭ്യത ഉറപ്പാക്കാം

ജനറിക് തന്മാത്രയും ഗ്ലൂക്കോസിന്റെ വകഭേദവുമായതിനാൽ അസംസ്‌കൃത വസ്‌തുക്കൾ ഇന്ത്യയിൽ സുലഭം. വൻ തോതിൽ മരുന്ന് ഉൽപാദിപ്പിക്കാം. നിലവിൽ ചികിത്സയ്ക്കുള്ള റെംഡിസിവിർ മരുന്നും മറ്റും ഇറക്കുമതി ചെയ്യാൻ ബുദ്ധിമുട്ടുന്നു.

മെച്ചങ്ങൾ

മിതമായും ഗുരുതരമായും രോഗം ബാധിച്ചവർക്ക് ഫലപ്രദം

ശ്വാസംമുട്ടൽ ഉൾപ്പെടെ വേഗത്തിൽ കുറയും

ആർ.ടി. പി.സി.ആർ പരിശോധനാഫലം വേഗത്തിൽ

ആശുപത്രി വാസം കുറയും. ഓക്സിജൻ ആവശ്യം കുറയും

മരുന്ന് നൽകിയ രോഗികളിൽ 42% പേർക്ക് മൂന്നാം ദിവസം ഓക്സിജൻ ആവശ്യമില്ലാതെ വന്നു

ജനിതക മാറ്റം വന്ന വൈറസിനെയും നശിപ്പിക്കും

മരുന്ന് വന്ന വഴി

2020 ഏപ്രിൽ

മരുന്ന് വികസിപ്പിക്കാൻ തുടങ്ങി. സി.സി.എം.ബിയിലെയും ഇൻമാസിലെയും ഡി.ആർ.ഡി.ഒയിലെയും ശാസ്ത്രജ്ഞർ പരീക്ഷണങ്ങളിൽ മുഴുകി. 2- ഡി ഓക്‌സി -ഡി-ഗ്ലൂക്കോസ് കൊറോണ വൈറസ് പെരുകുന്നത് തടയുമെന്ന് തെളിഞ്ഞു

2020 മേയ്

ഒന്നാം ക്ലിനിക്കൽ ട്രയലിന് അനുമതി. ഡോ. റെഡ്ഡീസ് ലാബുമായി ചേർന്ന് ക്ലിനിക്കൽ പരീക്ഷണം. മരുന്നിന്റെ സുരക്ഷിത്വവും ഫലപ്രാപ്തിയും പരീക്ഷിക്കാൻ രോഗികൾക്ക് മരുന്ന് നൽകി

 2020 മേയ് - ഒക്ടോബർ

രണ്ടാം ക്ലിനിക്കൽ ട്രയൽ. രാജ്യത്തെ 11 ആശുപത്രികളിലെ 110 രോഗികൾക്ക് മരുന്ന് നൽകി. വേഗത്തിൽ രോഗലക്ഷണങ്ങൾ കുറഞ്ഞു. രണ്ടര ദിവസം നേരത്തേ സുഖം പ്രാപിച്ചു. സുരക്ഷിതമെന്നും വൈറസിനെതിരെ ഫലപ്രദമാണെന്നും വ്യക്തമായി

 2020 നവംബർ - മൂന്നാം ക്ലിനിക്കൽ ട്രയലിന് അനുമതി

2020 ഡിസംബർ - 2021മാർച്ച് ഡൽഹി, ഉത്തർപ്രദേശ്, ബംഗാൾ, ഗുജാത്ത്, രാജസ്ഥാൻ, മഹാരാഷ്‌ട്ര, ആന്ധ്ര, തെലങ്കാന, കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ 27 ആശുപത്രികളിൽ 220 രോഗികൾക്ക് മരുന്ന് നൽകി. അതിവേഗം രോഗമുക്തി.