വാക്സിൻ ക്ഷാമമെന്ന് വീണ്ടും കേജ്‌രിവാൾ

Sunday 09 May 2021 12:11 AM IST

ന്യൂഡൽഹി: ഡൽഹിയിൽ വാക്സിൻ ക്ഷാമമുണ്ടെന്നും 2.6 കോടി വാക്സിൻ ഡോസ് കൂടി വേണമെന്നും മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. നിലവിൽ 5- 6 ദിവസത്തേക്കുള്ള വാക്സിൻ മാത്രമാണ് ശേഷിക്കുന്നത്. 18 വയസിന് മുകളിലുള്ള ഒന്നര കോടിപ്പേർ സംസ്ഥാനത്തുണ്ട്. ഇവർക്ക് നൽകാനായി ആകെ വേണ്ടത് മൂന്നുകോടി ഡോസാണ്. മാസം 85 ലക്ഷം ഡോസ് വാക്സിൻ ലഭിച്ചാൽ മൂന്നുമാസം കൊണ്ട് ഡൽഹിയിൽ എല്ലാവർക്കും വാക്സിൻ നൽകാനാകും. നിലവിൽ 40 ലക്ഷം പേർക്ക് വാക്സിൻ നൽകി. ഗുഡ്ഗാവ്, ഫരീദാബാദ്, നോയിഡ തുടങ്ങി മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരും വാക്സിൻ എടുക്കാൻ ഡൽഹിയിലെത്തുന്നുണ്ട്. പ്രതിദിനം ഒരു ലക്ഷം ഡോസ് വീതം ഇപ്പോൾ കുത്തിവയ്ക്കുന്നുണ്ട്. ഇത് മൂന്നു ലക്ഷമായി ഉയർത്തണം. ഇതിന് കേന്ദ്രം ആവശ്യത്തിന് വാക്സിൻ നൽകണമെന്നും കേജ്‌രിവാൾ പറഞ്ഞു.