തിരഞ്ഞെടുപ്പ് തോൽവി: എൽ.ജെ.ഡിയിൽ കലഹം

Sunday 09 May 2021 12:17 AM IST

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച മൂന്ന് സീറ്റുകളിൽ രണ്ടിലും തോറ്റതിന് പിന്നാലെ ലോക്‌താന്ത്രിക് ജനതാദളിൽ ആഭ്യന്തരകലഹം ശക്തമായി. കഴിഞ്ഞ ദിവസം ഓൺലൈനായി ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ്‌കുമാർ രാജിവയ്ക്കണമെന്ന ആവശ്യമുയർന്നു.

പ്രസിഡന്റിന്റെ ഉടമസ്ഥതയിലുള്ള പത്രത്തിന്റെയും ചാനലിന്റെയും നിലപാടുകൾ വിനയായെന്ന വിമർശനമുയർന്നതോടെ, ഒരുവേള യോഗം നിറുത്തി ശ്രേയാംസ് ഇറങ്ങിപ്പോയി. പത്ത് മിനിട്ടിന് ശേഷം തിരിച്ചെത്തിയാണ് യോഗം പൂർത്തിയാക്കിയത്. ഈ ഘട്ടത്തിൽ തോൽവിയുടെ ഉത്തരവാദിത്വമേറ്റ് ജനറൽ സെക്രട്ടറിമാരായ ഷേക് പി.ഹാരിസ്, വി.സുരേന്ദ്രൻ പിള്ള, വൈസ് പ്രസിഡന്റ് പി.ശങ്കരൻ മാസ്റ്റർ, പാർട്ടി പാർലമെന്ററി ബോർഡ് ചെയർമാൻ ചാരുപാറ രവി എന്നിവർ രാജി പ്രഖ്യാപിച്ചു.

പ്രസിഡന്റ് സ്ഥാനത്ത് നിന്നുള്ള മാറ്റം സംസ്ഥാനകമ്മിറ്റി വിളിച്ചുചേർത്ത് ചർച്ചചെയ്യാൻ തീരുമാനിച്ചാണ് ഒടുവിൽ യോഗം പിരിഞ്ഞത്. തോൽവി വിശദമായി പരിശോധിക്കും. മന്ത്രിസ്ഥാനം ശക്തമായി ആവശ്യപ്പെടാനും തീരുമാനിച്ചു.

രാജ്യസഭാംഗത്വത്തിലിരുന്ന് മത്സരിച്ച് സിറ്റിംഗ് സീറ്റായ കല്പറ്റ പോലും നഷ്ടപ്പെടുത്തിയെന്നാണ് ശ്രേയാംസിനെതിരെ വിമർശനമുയർന്നത്. പ്രസിഡന്റിന്റെ ഉടമസ്ഥതയിലുള്ള ചാനലിന്റെ പല നിലപാടുകളും പിണറായി വിരുദ്ധമാണെന്നതിനാൽ സി.പി.എം അണികളെ മാനസികമായി അകറ്റിയിട്ടുണ്ടെന്ന വിമർശനമാണുയർന്നത്. സി.പി.എം സൈബർ പോരാളികളുടെ സമൂഹമാദ്ധ്യമ പോസ്റ്റുകളും ചിലരെടുത്തുകാട്ടി. പത്രത്തിന്റെ നിലപാടുകളും വിനയായി.

2016ലെ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിൽ നിന്ന് പാർട്ടി മത്സരിച്ച ഏഴിൽ ആറിടത്തും മുസ്ലിം സ്വാധീനമേറെയുണ്ടായിരുന്നു. എന്നാൽ, അന്ന് പത്രം പ്രവാചകനെപ്പറ്റി നൽകിയൊരു വാർത്ത മുസ്ലിം സമുദായത്തിനിടയിൽ നീരസമുണ്ടാക്കി. ആറിടത്തെ തോൽവിക്ക് കാരണം അതായിരുന്നു. ഒരിടത്ത് അല്ലാതെയും തോറ്റു.

പത്രത്തെയും ചാനലിനെയും കുറിച്ചുള്ള ചർച്ച അനുവദിക്കാനാവില്ലെന്ന ശ്രേയാംസിന്റെ വാദം ആരും ചെവിക്കൊള്ളാതിരുന്നതോടെയാണ് അദ്ദേഹം ഇറങ്ങിപ്പോയത്. മന്ത്രിസ്ഥാനം ലഭിച്ചില്ലെങ്കിലും പ്രയാസമില്ലെന്ന പ്രസിഡന്റിന്റേതായി വന്ന പ്രസ്താവനയും യോഗത്തിൽ വിമർശിക്കപ്പെട്ടു. തുടർന്നാണ് നാളെ സി.പി.എമ്മുമായുള്ള ഉഭയകക്ഷി ചർച്ചയിൽ മന്ത്രിസ്ഥാനം ചോദിക്കാൻ തീരുമാനിച്ചത്.

Advertisement
Advertisement