ഈ ആഴ്ച വിട പറഞ്ഞവർ

Sunday 09 May 2021 1:24 AM IST

ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം

സമൂഹത്തിലാകെ കരുണയുടെയും സ്നേഹത്തിന്റെയും പ്രകാശം പരത്തിയ,​ വലിയ ഇടയനായ മാർത്തോമ്മാ വലിയ മെത്രാപ്പൊലീത്ത ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം (103) അന്തരിച്ചതാണ് കഴിഞ്ഞയാഴ്ചയിലെ മലയാളികളുടെ വലിയ നഷ്ടം.ഇന്ത്യയിലെ ക്രൈസ്തവ സഭകളുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം മേൽപ്പട്ട സ്ഥാനം വഹിച്ച ബിഷപ്പാണ് ക്രിസോസ്റ്റം തിരുമേനി. 2018ൽ രാഷ്ട്രം പദ്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്.

ഏറെ നാളായി കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ പരിചരണത്തിലായിരുന്നു.

ക്രൈസ്‌തവ സഭകളിൽ ഏറ്റവും കൂടുതൽ കാലം (68 വർഷം) ​മെത്രാനായിരുന്നതിന്റെ റെക്കാഡ് ക്രിസോസ്റ്റം തിരുമേനിക്കാണ്. 1978 മേയിൽ സഭയുടെ സഫ്രഗൻ മെത്രാപ്പൊലീത്തയായി. 1999 മാർച്ച് 15ന് ഒഫിഷ്യേറ്റിംഗ് മെത്രാപ്പൊലീത്തയും 1999 ഒക്ടോബർ 23ന് മാർത്തോമ്മാ മെത്രാപ്പൊലീത്തയുമായി. 2007ൽ ആരോഗ്യ കാരണങ്ങളാൽ സ്ഥാനമൊഴിഞ്ഞു. കേരള കൗൺസിൽ ഒഫ് ചർച്ചസ്, നാഷണൽ കൗൺസിൽ ഒഫ് ചർച്ചസ് എന്നിവയുടെ അമരക്കാരനുമായിരുന്നു.ഫിലിപ്പ് ഉമ്മൻ എന്നായിരുന്നു യഥാർത്ഥ പേര്.

ആർ. ബാലകൃഷ്ണപിള്ള

മുൻ​മ​ന്ത്രി​യും കേ​ര​ള കോൺ​ഗ്ര​സ് (ബി) ചെ​യർ​മാ​നു​മാ​യ കൊ​ട്ടാ​ര​ക്ക​ര കീ​ഴൂ​ട്ട് വീട്ടിൽ ആർ. ബാ​ല​കൃ​ഷ്​ണ​പി​ള്ള (86)അന്തരിച്ചത് മേയ് 3 ന്.മു​ന്നാ​ക്ക വി​ക​സ​ന കോർ​പ്പ​റേ​ഷൻ ചെ​യർ​മാ​നാ​യി​രു​ന്നു. കൊ​ട്ടാ​ര​ക്ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യിലാ​യി​രു​ന്നു അ​ന്ത്യം.

1935 മാർ​ച്ച് 8ന് കൊ​ട്ടാ​ര​ക്ക​ര വാ​ള​ക​ത്ത് കീ​ഴൂ​ട്ട് വീ​ട്ടിൽ രാ​മൻ പി​ള്ള​യു​ടെ​യും കാർ​ത്ത്യാ​യ​നി അ​മ്മ​യു​ടെ​യും മ​ക​നാ​യി ജ​നി​ച്ച ബാ​ല​കൃ​ഷ്​ണ​പി​ള്ള തി​രു​വി​താം​കൂർ വി​ദ്യാർ​ത്ഥി യൂ​ണി​യ​നി​ലൂ​ടെ​യാ​ണ് രാ​ഷ്ട്രീ​യ​ത്തി​ലെ​ത്തി​യ​ത്. കോൺ​ഗ്ര​സിൽ യു​വ​നേ​താ​വാ​യി​രി​ക്കെ 1960 ൽ 25​-ാം വ​യ​സിൽ പ​ത്ത​നാ​പു​ര​ത്ത് നി​ന്ന് എം.എൽ.എ​യാ​യി. സി. അ​ച്യു​ത​മേ​നോ​ന്റെ​യും ഇ.കെ.നായനാരുടെയും കെ. ക​രു​ണാ​ക​ര​ന്റെ​യും എ.കെ. ആന്റ​ണി​യു​ടെ​യും മ​ന്ത്രി​സ​ഭ​ക​ളിൽ വൈദ്യുതി, ഗ​താ​ഗ​തം, എ​ക്‌​സൈ​സ് വ​കു​പ്പു​ക​ളു​ടെ മ​ന്ത്രി​യാ​യി. 1964 ൽ കേ​ര​ളാ കോൺ​ഗ്ര​സ് രൂ​പീ​ക​രി​ച്ച​പ്പോൾ കോൺ​ഗ്ര​സ് വി​ട്ട് കേ​ര​ളാ കോൺ​ഗ്ര​സ് ജ​ന​റൽ സെ​ക്ര​ട്ട​റി​യാ​യി. 1965ൽ കൊ​ട്ടാ​ര​ക്ക​ര​യിൽ നി​ന്ന് എം.എൽ.എ​യും 1971ൽ മാ​വേ​ലി​ക്ക​ര​യിൽ നി​ന്ന് എം.പി​യു​മാ​യി. 1977ൽ കേ​ര​ളാ കോൺ​ഗ്ര​സ് പി​ളർ​ന്ന് ബാ​ല​കൃ​ഷ്​ണ​പി​ള്ള ചെ​യർ​മാ​നാ​യി കേ​ര​ളാ കോൺ​ഗ്ര​സ് (ബി) സ്ഥാ​പി​ച്ചു. 1977 മു​തൽ 2006 വ​രെ 29 വർ​ഷം തു​ടർ​ച്ച​യാ​യി കൊ​ട്ടാ​ര​ക്ക​യു​ടെ എം.എൽ.എ ആ​യി. 1985 ൽ കെ. ക​രു​ണാ​ക​രൻ മ​ന്ത്രി​സ​ഭ​യിൽ വൈദ്യുതി മ​ന്ത്രി​യാ​യി​രി​ക്കെ പ​ഞ്ചാ​ബ് മോ​ഡൽ പ്ര​സം​ഗ​ത്തി​ന്റെ പേ​രിൽ രാ​ജി​വ​യ്‌​ക്കേ​ണ്ടിവ​ന്നു.

സംവിധായകൻ കെ.വി ആനന്ദ്

മലയാളത്തിലടക്കം തെന്നിന്ത്യൻ സിനിമകളിൽ ഛായാഗ്രാഹകനായി തിളങ്ങിയ തമിഴ് സിനിമാ സംവിധായകൻ കെ.വി ആനന്ദ് (54) അന്തരിച്ചത് ഈയാഴ്ച. ഹൃദയാഘാതം മൂലം ചെന്നൈയിലായിരുന്നു അന്ത്യം.

പ്രിയദർശന്റെ തേൻമാവിൻ കൊമ്പത്ത് എന്ന സിനിമയിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായ ആനന്ദ് ദേശീയ പുരസ്കാരവും സ്വന്തമാക്കിയിരുന്നു. തെലുങ്ക്, ഹിന്ദി സിനിമകളിലും പ്രശസ്തനായിരുന്നു.

2005ൽ പുറത്തിറങ്ങിയ കനാ കണ്ടേനിലൂടെ സംവിധായകനായി. പൃഥ്വിരാജിന്റെ ആദ്യ തമിഴ് ചിത്രമായിരുന്നു ഇത്. മികച്ച വിജയം നേടി. തമിഴ് നടൻ സൂര്യയൂടെ താരമൂല്യം കുത്തനെ ഉയർത്തിയ അയൻ സംവിധാനം ചെയ്തതും ആനന്ദാണ്. മോഹൻലാലും സൂര്യയും പ്രധാനവേഷങ്ങളിലെത്തിയ കാപ്പാൻ ആണ് സംവിധാനം ചെയ്ത അവസാന ചിത്രം.

മേള രഘു

ഏഷ്യയിലെ ആദ്യ പൊക്കം കുറഞ്ഞ സിനിമാനായകനെന്ന വിശേഷണമുള്ള മേള രഘു (61) അന്തരിച്ചു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 11നായിരുന്നു അന്ത്യം.

കെ.ജി. ജോർജ്ജ് സംവിധാനം ചെയ്ത് 1980ൽ പുറത്തിറങ്ങിയ മേളയിൽ മമ്മൂട്ടിക്കൊപ്പം നായക കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് ചേർത്തല നഗരസഭ 18-ാം വാർഡ് പുത്തൻവെളിയിൽ ശശിധരൻ മേള രഘുവായത്. ഭാരത് സർക്കസിലെ പേരെടുത്ത ജോക്കറായിരുന്നു അന്ന് ശശിധരൻ. നടൻ ശ്രീനിവാസനാണ് സർക്കസ് കൂടാരത്തിലെത്തി സിനിമയിലേക്ക് വിളിച്ചത്. കെ.ജി. ജോർജാണ് പേര് രഘു എന്നാക്കിയത്. മേളയടക്കം 30 ഓളം ചിത്രങ്ങളിൽ അഭിനയിച്ചു. മോഹൻലാലിനൊപ്പം ദൃശ്യം രണ്ടിലാണ് അവസാനമായി അഭിനയിച്ചത്.

മുൻകേന്ദ്രമന്ത്രി അജിത് സിംഗ്

മുൻ കേന്ദ്രമന്ത്രിയും ഉത്തരേന്ത്യയിലെ പ്രമുഖ ജാട്ട്നേതാവും രാഷ്ട്രീയ ലോക്ദൾ അദ്ധ്യക്ഷനുമായ അജിത് സിംഗ് കൊവിഡ് ബാധിച്ച് മരിച്ചു. 82വയസായിരുന്നു. മുൻപ്രധാനമന്ത്രിയും കർഷക നേതാവുമായിരുന്ന ചൗധരി ചരൺസിംഗിന്റെ മകനായ അജിത് സിംഗ് ഏഴ് തവണ പാർലമെന്റ് അംഗമായിരുന്നു. വി.പി സിംഗ് മന്ത്രിസഭയിൽ വ്യവസായം,​ നരസിംഹറാവു മന്ത്രിസഭയിൽ ഭക്ഷ്യം 2001 മുതൽ 2003വരെ വാജ്‌പേയി മന്ത്രിസഭയിൽ കൃഷി,​ 2011ൽ മൻമോഹൻ സിംഗ് മന്ത്രിസഭയിൽ വ്യോമയാനം എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്നു. ഉത്തർപ്രദേശിലെ മീററ്റിൽ 1939 ഫെബ്രുവരി 12നാണ് ജനനം. ഐ.ഐ.ടി ഖരഗ്പൂരിൽ നിന്ന് ബി.ടെക്കും അമേരിക്കയിലെ ഇല്ലിനോയി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിൽ നിന്ന് എം. എസ് ബിരുദവും നേടി. കമ്പൂട്ടർ വിദഗ്ദ്ധനായിരുന്ന അജിത് സിംഗ് അറുപതുകളിൽ അമേരിക്കയിൽ ഐ.ബി.എമ്മിൽ ജോലി ചെയ്ത ആദ്യത്തെ ഇന്ത്യക്കാരിൽ ഒരാളാണ്. പതിനേഴ് വർഷം അമേരിക്കയിലായിരുന്ന അജിത് സിംഗ് 1981ലാണ് ചരൺസിംഗിന്റെ ആവശ്യപ്രകാരം രാഷ്‌ട്രീയ പിൻഗാമിയാകാൻ ഇന്ത്യയിൽ തിരിച്ചെത്തിയത്.