ആളൊഴിഞ്ഞ് തലസ്ഥാനം

Sunday 09 May 2021 2:58 AM IST

തിരുവനന്തപുരം:കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെ ആദ്യദിനത്തിൽ ആളൊഴിഞ്ഞ് തലസ്ഥാനം. കർശന പരിശോധനയാണ് ജില്ലയിലെങ്ങും പൊലീസ് ഏർപ്പെടുത്തിയിരുന്നത്. നിർദേശങ്ങൾ പാലിച്ച് ജനങ്ങളും വീടുകളിൽ തന്നെയിരുന്നു. അത്യാവശ്യക്കാർ മാത്രമാണ് ഇന്നലെ റോഡിൽ ഇറങ്ങിയത്. അവശ്യസർവീസുകളൊഴികെ മറ്റൊന്നും ഇന്നലെ പ്രവർത്തിച്ചില്ല.കൊവിഡ് വാക്സിൻ എടുക്കാൻ പോകുന്നവർക്ക് വിലക്ക് ബാധകമായില്ല.പൊതുഗതാഗത സൗകര്യമില്ലായിരുന്നു. ഗ്രാമ നഗര ഭേദമെന്യേ പൊലീസ് പരിശോധനയും നിയമലംഘകർക്കെതിരായ നടപടികളും ശക്തമായിരുന്നു. ജില്ലയിലെ പ്രധാന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് നൂറോളം ചെക്കിംഗ് പോയിന്റുകളാണ് സജ്ജമാക്കിയിരുന്നത്. അനാവശ്യമായി യാത്ര ചെയ്തവരെ പൊലീസ് മടക്കിഅയച്ചു.

വരും ദിവസങ്ങളിൽ ആവശ്യമില്ലാതെ പുറത്തിറങ്ങിയാൽ കർശന നടപടിയുണ്ടാകുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.നിരവധി അന്യസംസ്ഥാന തൊഴിലാളികൾ ഇന്നലെ സ്വദേശത്തേക്ക് മടങ്ങി. രാവിലെ മുതൽ തന്നെ തമ്പാനൂർ റെയിൽവേ സ്‌റ്റേഷനിൽ തൊഴിലാളികളുടെ നീണ്ട നിരയുണ്ടായിരുന്നു. ദീർഘദൂര യാത്ര പുറപ്പെട്ട ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ബൈപ്പാസ് റോഡിൽ നിറുത്തിയിടേണ്ടിവന്നു. ഹോട്ടലുകൾ തുറക്കാത്തതിനാൽ ഇത്തരം തൊഴിലാളികൾ പാർക്കിംഗിന് സമീപം ആഹാരം പാചകം ചെയ്താണ് കഴിച്ചത്.

അതിർത്തി പ്രദേശങ്ങളിൽ പൊലീസ് പരിശോധന കടുപ്പിച്ചിരുന്നു. കഴക്കൂട്ടം വെട്ടുറോഡ്, ചേങ്കോട്ടുകോണം, ഉദയഗിരി,ആറ്റിൻകുഴി,പള്ളിത്തുറ,വലിയകുളം ജംഗ്ഷൻ,കാക്കാമൂല,പള്ളിച്ചൽ,പാപ്പനംകോട്,പുന്നമൂട്,ഉച്ചക്കട, ചപ്പാത്ത് പാലം,വെള്ളൈക്കടവ്,നെട്ടയം,വഴയില,മരുതൂർ,കേരളാദിത്യപുരം,കിഴക്കേ മുക്കോല, കുണ്ടമൺകടവ് പാലം,മങ്കാട്ടുകടവ് പാലം എന്നീ സ്ഥലങ്ങളായിരുന്നു നഗരത്തിലെ പ്രധാന പരിശോധനാകേന്ദ്രങ്ങൾ.

 381 പേർക്കെതിരെ നടപടി

തിരുവനന്തപുരം: നഗരത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് 381 പേർക്കെതിരെ നടപടി സ്വീകരിച്ചു. 117 പേർക്കെതിരെ പകർച്ചവ്യാധി ഓർഡിനൻസ് പ്രകാരമാണ് കേസെടുത്തത്. മാസ്ക് ധരിക്കാത്തതിന് 237 പേരിൽ നിന്നും സാമൂഹിക അകലം പാലിക്കാത്ത രണ്ട് പേരിൽ നിന്നുമായി 1,19,500 രൂപ പിഴ ഇടാക്കി. അനാവശ്യയാത്ര നടത്തിയ 25 വാഹനങ്ങൾക്കെതിരെയും ഇന്നലെ നടപടി സ്വീകരിച്ചു.നിർദ്ദേശങ്ങൾ പാലിക്കാത്ത 3730 പേരെ താക്കീത് നൽകി വിട്ടയച്ചു.

Advertisement
Advertisement