ചികിത്സാ ഉപകരണങ്ങളുടെ ഇറക്കുമതി, നികുതി ഇളവ് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മമതയുടെ കത്ത്

Monday 10 May 2021 12:00 AM IST

കൊൽക്കത്ത: കൊവിഡ് പ്രതിസന്ധി നേരിടാൻ മരുന്നും ചികിത്സാ ഉപകരണങ്ങളും ഇറക്കുമതി ചെയ്യുന്നതിന് നികുതി ഇളവ് ആവശ്യപ്പെട്ട് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തെഴുതി.

വിദേശത്തുള്ള ചില സ്ഥാപനങ്ങൾ, വ്യക്തികൾ, ഏജൻസികൾ മുതലായവ ചികിത്സാ സഹായങ്ങൾ ബംഗാളിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ സഹായം രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതിനായി കസ്റ്റംസ് നികുതി, ജി.എ.സ്.ടി എന്നിവയിൽ നിന്ന് ഇളവ് നൽകണമെന്നാണ് പ്രധാന ആവശ്യം. നിരവധി പേര്‍ സഹായങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും നികുതി ഇളവ് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിനെ സമീപിച്ചിട്ടുണ്ടെന്നും മമത കത്തിൽ വ്യക്തമാക്കി.

ഇത്തരം സഹായങ്ങൾ കൊവിഡിനെ നേരിടുന്നതിൽ സംസ്ഥാന സർക്കാരിനെ വലിയ രീതിയിൽ പിന്തുണയ്ക്കുമെന്നും മമത കത്തിൽ കുറിച്ചു.

രാജ്യത്ത് ആരോഗ്യമേഖലയിലെ അടിസ്ഥാന ആവശ്യങ്ങൾ ശക്തിപ്പെടുത്തുന്നതിനൊപ്പം കൊവിഡ് ചികിത്സയ്ക്കുള്ള മരുന്ന്, ഓക്‌സിജൻ തുടങ്ങിയവയുടെ വിതരണം വർദ്ധിപ്പിക്കണമെന്നും മമത കത്തിൽ ആവശ്യപ്പെട്ടു.

അതേസമയം, പാർലമെന്ററി കമ്മറ്റി ചർച്ചകൾ ഓൺലൈനായി നടത്തണമെന്നാവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് രാജ്യസഭാദ്ധ്യക്ഷൻ വെങ്കയ്യ നായിഡുവിനും ലോക്സഭാ സ്പീക്കർ ഓം ബിർലയ്ക്കും കത്തെഴുതി.

Advertisement
Advertisement