കെ കെ ശെെലജയെ മന്ത്രിസ്ഥാനത്തുനിന്നും ഒഴിവാക്കണം, പാർട്ടിക്കുളളിൽ ആസൂത്രിത നീക്കമെന്ന് റിപ്പോർട്ട്

Sunday 09 May 2021 6:09 PM IST

തിരുവനന്തപുരം: കെ.കെ. ശെെലജയ്‌ക്കെതിരെ പാർട്ടിയിൽ ആസൂത്രിതമായ നീക്കം നടക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റിൽ കണ്ണൂരിൽ നിന്നുളള ചിലർ ശെെലജയെ മന്ത്രി സ്ഥാനത്തു നിന്നും ഒഴിവാക്കാൻ ശ്രമം നടത്തിയതായി ഒരു മലയാള വാർത്താ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. എന്നാൽ ഈ വിഷയത്തിൽ ഔദ്യോഗിക പ്രതികരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

മട്ടന്നൂർ സീറ്റിൽ മത്സരിക്കുന്നതിനെച്ചൊല്ലി നേരത്തെ നടന്ന വടംവലിയുടെ തുടർച്ചയാണ് ഇപ്പോ‌ൾ ശെെലജയ്‌ക്കെതിരെ നടന്ന ആസൂത്രിത നീക്കം. നിയമസഭാ തിരഞ്ഞെടുപ്പിലേക്കു രണ്ടു ടേം നിബന്ധന നടപ്പാക്കിയതു പരക്കെ അംഗീകരിക്കപ്പെട്ടതിനു തെളിവാണ് തിരഞ്ഞെടുപ്പിലെ വൻ വിജയം. അതേ മാതൃകയിൽ മന്ത്രിസഭയിലും പാർട്ടിയുടെ മന്ത്രിമാർ എല്ലാവരും പുതുമുഖങ്ങളാവട്ടെ എന്നുമായിരുന്നു ഒരു കേന്ദ്ര കമ്മിറ്റിയംഗത്തിന്റെ നിർദേശമത്രെ. ശൈലജയ്ക്കു പുറമെ എ.സി. മൊയ്തീനെയും ഈ വാദത്തിലൂടെ ചിലർ ഉന്നം വച്ചിരുന്നു.

എന്നാൽ മുഖ്യമന്ത്രിതന്നെ ഈ ചർച്ചയ്ക്കു വിലങ്ങിട്ടതായാണ് സൂചന. പുതുമുഖങ്ങളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന് പാർട്ടിയിൽ ഏതാണ്ടു ധാരണയുണ്ട്. അക്കൂട്ടത്തിൽ ശൈലജയെക്കൂടി ഒഴിവാക്കണമെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സെക്രട്ടേറിയറ്റിൽ കേന്ദ്ര കമ്മിറ്റിയംഗം ചർച്ച നടത്തിയത്. ശെെലജയെ യു.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്. ശിവകുമാറിനെതിരെ തിരുവനന്തപുരം ജില്ലയിൽനിന്നു മത്സരിപ്പിക്കണമെന്ന നിർദേശവുമായി നേരത്തെ രംഗത്തു വന്നതും ഇതേ വിഭാഗം തന്നെയായിരുന്നുവെന്നും റിപ്പോർട്ട് പറയുന്നു.

മട്ടന്നൂരിൽ മികച്ച ഭൂരിപക്ഷത്തോടെയാണ് ശെെലജ തിരഞ്ഞെടുപ്പിൽ ജയിച്ചത്. ആർ.എസ്.പി സ്ഥാനാർത്ഥി ഇല്ലിക്കൽ അ​ഗസ്തിയെ 60,963 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അവർ പരാജയപ്പെടുത്തിയത്. 2016ൽ കൂത്തുപറമ്പിൽ മത്സരിച്ച ശെെലജ ഇത്തവണ മട്ടന്നൂരിലും വിജയം ആവർത്തിച്ചത് അവരുടെ ജനസമ്മതിയെ സൂചിപ്പിക്കുന്നു. നിപ്പ, കൊവിഡ്, പ്രളയ വേളകളിൽ ആരോഗ്യവകുപ്പ് നടത്തിയ പ്രവർത്തനങ്ങൾ ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഒരുവേള മുഖ്യമന്ത്രി സ്ഥാനത്തേക്ക് ശെെലജയ പരി​ഗണിക്കണമെന്നുപോലും സോഷ്യൽ മീഡിയയിൽ ആവശ്യം ഉയർന്നിരുന്നു.

Advertisement
Advertisement